എത്രകേട്ടാലും മതിവരാത്ത ചിത്രഗീതത്തിന് ഇന്ന് 63-ാം പിറന്നാള്‍
text_fieldsകെ.എസ് ചിത്ര
മലയാളത്തിന്റെ വാനമ്പാടി, തമിഴിന്റെ ചിന്നക്കുയിൽ, കന്നഡയുടെ കോകില... കെ.എസ്. ചിത്രക്ക് വിശേഷണങ്ങൾ ഏറെയാണ്. എന്നാൽ അതിനെല്ലാമുപരിയായി പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും സങ്കടത്തിലുമെല്ലാം നമ്മളെ തഴുകിയൊഴുകുന്ന കെ.എസ് ചിത്രക്ക് ഇന്ന് 63-ാം പിറന്നാൾ. പ്രിയ ഗായികക്ക് ആശംസകൾ നേരുകയാണ് സംഗീത ലോകവും സിനിമാ ലോകവും.
ചിത്രയുടെ ശബ്ദം മലയാളത്തിന്‍റെ ഐഡന്‍റിന്‍റിയാണ്. മലയാളികളുടെ കാതിൽ പതിഞ്ഞ എത്രയെത്ര പാട്ടുകൾ. പുറത്തിറങ്ങിയ ആദ്യ ചിത്രം പത്മരാജൻ സംവിധാനം ചെയ്ത നവംബറിന്‍റെ നഷ്ടം ആയിരുന്നു. എം.ജി. രാധാകൃഷ്ണന്‍റെ തന്നെ സംഗീത സംവിധാനത്തിൽ അരുന്ധതിയുമൊത്ത് പാടിയ 'അരികിലോ അകലെയോ' എന്നതാണ് ഈ ഗാനം. ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെ രജനീ പറയൂ.., പ്രണയവസന്തം തളിരണിയുമ്പോള്‍ എന്നീ ഗാനങ്ങൾ ചിത്രയെന്ന ഗായികയെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ പരിചിതയാക്കി.
എന്‍റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രമായിരുന്നു ചിത്രയെ മലയാളികൾക്ക് വളരെ പ്രിയങ്കരിയാക്കിയത്. 'ആളൊരുങ്ങി, അരങ്ങൊരുങ്ങി' എന്ന ഗാനം മലയാളികൾ നെഞ്ചേറ്റി ലാളിച്ചു. കളിയില്‍ അല്‍പം കാര്യം എന്ന ചിത്രത്തിലെ കണ്ണോടു കണ്ണായ, ആരാന്‍റെ മുല്ല കൊച്ചു മുല്ലയിലെ പൊന്‍താമരകള്‍, അടുത്തടുത്ത് എന്ന ചിത്രത്തിലെ ആലോലം ചാഞ്ചാടും, പുന്നാരം ചൊല്ലി ചൊല്ലിയിലെ അത്തപ്പൂവും നുള്ളി, അരയരയരയോ കിന്നരയോ കിളി തുടങ്ങിയ ഗാനങ്ങളിലൂടെ ചിത്ര മലയാളത്തിലെ തന്‍റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു.
യേശുദാസിനൊപ്പം നടത്തിയ ആദ്യകാല സംഗീത പരിപാടികളാണ് കെ.എസ്. ചിത്രയുടെ കരിയറിന് വലിയ കരുത്തായത്. ഗാനഗന്ധർവ്വനൊപ്പമുള്ള സ്റ്റേജ് ഷോകൾ ചിത്രയിലെ ഗായികയെ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാൻ സഹായിച്ചു. തുടർന്ന്, തമിഴിൽ ഇളയരാജയുടെ സംഗീതസംവിധാനത്തിൽ 'നീ താനേ അന്തക്കുയിൽ' എന്ന ചിത്രത്തിൽ പാടാൻ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര സംഗീത ലോകത്ത് ചിത്ര ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറി.
തുടർച്ചയായ വർഷങ്ങളിൽ നേടിയ ദേശീയ പുരസ്കാരങ്ങളാണ് ചിത്രയെ ഇന്ത്യൻ സംഗീതത്തിന്റെ മുൻനിര ഗായികമാരിലൊരാളായി ഉയർത്തിയത്. 1986ൽ തമിഴ് ചിത്രമായ 'സിന്ധുഭൈരവി'യിലെ "പാടറിയേൻ പഠിപ്പറിയേൻ..." എന്ന ഗാനത്തിലൂടെയാണ് ആദ്യ ദേശീയ അവാർഡ് ചിത്ര സ്വന്തമാക്കിയത്. 1987ൽ ബോംബെ രവിയുടെ ഈണത്തിൽ 'നഖക്ഷതങ്ങൾ' എന്ന ചിത്രത്തിലെ "മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി..." എന്ന എവർഗ്രീൻ ഗാനത്തിന് രണ്ടാമത്തെ ദേശീയ അവാർഡ് ലഭിച്ചു. ബോംബെ രവി തന്നെ സംഗീതസംവിധാനം നിർവ്വഹിച്ച 'വൈശാലി'യിലെ "ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി..." ഉൾപ്പെടെയുള്ള മനോഹര ഗാനങ്ങൾ ചിത്രക്ക് മൂന്നാമതും ദേശീയ അംഗീകാരം നേടിക്കൊടുത്തു.
എ.ആര്‍. റഹ്മാന്‍റെ സംഗീതത്തില്‍ മീന്‍സാരക്കനവിലെ 'ഊ ല..ല.. ല..' നാലാമത്തെ അവാര്‍ഡു നല്‍കി. ഭരതന്‍ സംവിധാനം ചെയ്ത തേവര്‍ മകന്‍റെ ഹിന്ദി പതിപ്പായ വിരാസാത്തിലെ 'പായലേ ചും ചും' എന്ന ഗാനത്തോടെ 1997ൽ അഞ്ചാമത്തെ ദേശീയ അവാര്‍ഡും ചിത്ര നേടി. 2004ല്‍ തമിഴ് ചിത്രമായ ഓട്ടോഗ്രാഫിലെ ഒവ്വോരു പൂക്കളുമേ എന്ന ഗാനം ആറാമതും ചിത്രയെ ദേശീയപുരസ്കാരത്തിന് അർഹയാക്കി. ചെന്നൈയിലെ സത്യഭാമ സർവ്വകലാശ 2011ൽ ചിത്രക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ചു.
ആറ് തവണ മികച്ച ഗായികക്കുള്ള ദേശീയ അവാർഡുകൾ നേടിയ ചിത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയ അവാർഡുകൾ വാങ്ങിയ ഗായികയാണ്. 16 തവണ മികച്ച ഗായികക്കുള്ള കേരള സംസ്ഥാന അവാർഡ് ചിത്ര നേടി. ഒമ്പത് തവണ ആന്ധ്ര സംസ്ഥാന സർക്കാറിന്‍റെ പുരസ്കാരവും നാല് തവണ തമിഴ്‌നാട് സംസ്ഥാന സർക്കാറിന്‍റെ പുരസ്കാരവും മൂന്ന് തവണ കർണാടക സംസ്ഥാന സർക്കാറിന്‍റെ പുരസ്കാരവും നേടി. 2005ൽ പത്മശ്രീ പുരസ്കാരവും ചിത്രയെ തേടിയെത്തി.


