റാപ്പർ മാക്ലമോറിന്റെ ‘ഫ്രീ ഫലസ്തീൻ’ പരിപാടിക്ക് അമേരിക്കൻ വേദികളിൽ അനുമതിയില്ല; ജനപ്രീതിയില്ലെന്ന വിശദീകരണവുമായി മാഡിസൺ സ്ക്വയർ ഗാർഡൻ
text_fieldsന്യൂയോർക്ക്: ഫലസ്തീൻ അനുകൂല സംഗീത പരിപാടികൾ നടത്താൻ അമേരിക്കയിലെ ഒൻപത് പ്രമുഖ വേദികൾ അനുമതി നിഷേധിച്ചതായി റാപ്പർ മാക്ലമോർ. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡൻ ഉൾപ്പെടെയുള്ള വേദികളാണ് പരിപാടികൾക്ക് വിസമ്മതിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഫലസ്തീൻ ജനതക്കായി പണം സമാഹരിക്കുന്നതിനുള്ള യൂറോപ്യൻ പര്യടനത്തിലെ മൂന്ന് പരിപാടികൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് മാക്ലമോറിന്റെ പ്രതികരണം.എന്നാൽ, വലിയ അരീനയിൽ പരിപാടി നടത്താനുള്ള ജനപ്രീതിയുള്ള കലാകാരനല്ല മാക്ലമോറെന്നാണ് മാഡിസൺ സ്ക്വയർ ഗാർഡന്റെ വിശദീകരണം.
മാഡിസൺ സ്ക്വയർ ഗാർഡൻ, പ്രുഡൻഷ്യൽ സെന്റർ, ബാർക്ലെയ്സ് സെന്റർ, യു.ബി.എസ് അരീന, ഇൻട്യൂട്ട് ഡോം, കിയ ഫോറം, ക്രിപ്റ്റോ ഡോട്ട് കോം അരീന, ചേസ് സെന്റർ, ക്ലൈമറ്റ് പ്ലെഡ്ജ് അരീന എന്നിവയാണ് അനുമതി നിഷേധിച്ച വേദികളെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
വർഷാവസാനം വരെയുള്ള പരിപാടികൾക്കായി സെപ്റ്റംബർ പകുതിയോടെ ഈ വേദികളിൽ തീയതികൾ ലഭിച്ചിരുന്നു. എന്നാൽ ഫലസ്തീനുവേണ്ടിയുള്ള ധനസമാഹരണ പരിപാടികളാണെന്ന് അറിഞ്ഞതോടെ നേരത്തേ ലഭിച്ച തീയതികൾ പിൻവലിക്കുകയായിരുന്നുവെന്നും മാക്ലമോർ ആരോപിച്ചു. ഇരുപത് വർഷത്തിലേറെയായി സംഗീതപര്യടനം നടത്തുന്ന തനിക്ക് ഇത്തരമൊരു അനുഭവം മുമ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റിൽ സംഗീതജ്ഞൻ എഡ് ഷീറന്റെ സംഗീതപര്യടനത്തിൽനിന്ന് മാക്ലമോറിനെ ഒഴിവാക്കിയത് വൻ വിവാദമായിരുന്നു. വേദിയിൽ 'ഫ്രീ ഫലസ്തീൻ' എന്ന് മുദ്രാവാക്യം വിളിച്ചതിനെ പരിപാടി നടക്കുന്ന സ്റ്റേഡിയത്തിന്റെ ഉടമകൾ എതിർത്തതിനെത്തുടർന്നായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് ഫലസ്തീൻ ജനതക്കായി ധനസമാഹരണ പരിപാടികൾ സംഘടിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചത്.
ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന കലാകാരന്മാരും എഴുത്തുകാരും ആക്ടിവിസ്റ്റുകളും പതിറ്റാണ്ടുകളായി വിലക്കുകളും പ്രത്യാഘാതങ്ങളും നേരിടുന്നുണ്ടെന്നും മാക്ലമോർ പറഞ്ഞു. ഫലസ്തീനിൽ നടക്കുന്ന കാര്യങ്ങളിൽ നേരത്തേ പരസ്യമായി പ്രതികരിക്കാതിരുന്നതാണ് തന്റെ ഏക ഖേദമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിസിനസ് ബന്ധങ്ങൾ നഷ്ടപ്പെടുമെന്ന ഭയം കലാകാരന്മാരെ നിശ്ശബ്ദരാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിമർശിച്ചു.
അമേരിക്ക അഭിപ്രായസ്വാതന്ത്ര്യത്തിൽ അഭിമാനിക്കുന്ന രാജ്യമായിരിക്കെ, ഏതൊക്കെ വിഷയങ്ങൾ സംസാരിക്കാം, ആരുടെ ശബ്ദങ്ങൾ കേൾക്കാം എന്ന് ഏതാനും ശതകോടീശ്വരന്മാർ തീരുമാനിക്കുന്ന സാഹചര്യമാണുള്ളതെന്നും മാക്ലമോർ ആരോപിച്ചു. ഫലസ്തീൻ അനുകൂല നിലപാടിന്റെ പേരിൽ സംഗീതമേഖലയിലെ അവസരങ്ങൾ നഷ്ടപ്പെട്ടാലും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡബ്ലിൻ, പാരിസ്, ലണ്ടൻ എന്നിവിടങ്ങളിലായിരുന്നു മാക്‌ൾമോറിന്റെ യൂറോപ്യൻ പരിപാടികൾ. മൂന്ന് വേദികളിലും ടിക്കറ്റുകൾ പൂർണമായി വിറ്റുപോയെന്നും വിവിധ പശ്ചാത്തലങ്ങളിൽനിന്നുള്ള പതിനായിരക്കണക്കിന് ആളുകൾ പരിപാടികളിൽ പങ്കെടുത്തെന്നും അദ്ദേഹം പറഞ്ഞു. നാൽപ്പതിലേറെ കലാകാരന്മാരും പ്രഭാഷകരും ഫലസ്തീൻ വിമോചനത്തിന് പിന്തുണയുമായി വേദിയിലെത്തിയതായും വ്യക്തമാക്കി.
അമേരിക്കയിൽ കൂടുതൽ ഫലസ്തീൻ അനുകൂല പരിപാടികൾ സംഘടിപ്പിക്കുമെന്നും മറ്റ് കലാകാരന്മാരുമായും സംഘാടകരുമായും ചേർന്ന് പ്രവർത്തിക്കുമെന്നും മാക്ലമോർ വ്യക്തമാക്കി. വലിയ വേദികൾ ലഭിച്ചില്ലെങ്കിൽ സ്വന്തമായി വേദികൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 'അവർക്ക് അരീനകളുടെ ഉടമസ്ഥാവകാശമുണ്ടാകാം. എന്നാൽ അവിടെയെത്തുന്ന ജനങ്ങളെ സ്വന്തമാക്കാൻ അവർക്കാവില്ല. ഞങ്ങൾ സ്വന്തമായി വേദികൾ ഒരുക്കും. ഫ്രീ ഫലസ്തീൻ' എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പിലെ വാക്കുകൾ.


