Begin typing your search above and press return to search.
exit_to_app
exit_to_app
dubai 897987897
cancel

44 ഡിഗ്രി സെൽഷ്യസ് ചൂടിൽ പൊള്ളിപ്പഴുത്തു നിന്ന ദുബൈ നഗരത്തിലെ ഒരു മിഥുനമാസ പകലറുതി ! സൂര്യനുദിച്ചതുമുതൽ അസ്തമിക്കുവോളം പുറത്തെ വെയിൽകൊള്ളുകയായിരുന്നു അന്ന് ഞാൻ. ഒന്നിന് പിറകെ ഒന്ന് എന്ന രീതിയിൽ അന്നത്തെ കർത്തവ്യങ്ങളിലേക്ക് ഓടിക്കൊണ്ടിരിക്കുകയായിരുന്നു പകൽ മുഴുവൻ. ഓടുന്തോറും വീണ്ടും വീണ്ടും ഓടിക്കൊണ്ടേയിരിക്കാനുള്ള വിധി വന്നുഭവിക്കുന്നത് പ്രവാസികൾക്ക് മാത്രമാണോ! ആർക്കറിയാം.

വാരാന്ത്യത്തിനു തൊട്ടുമുമ്പുള്ള പകലായിരുന്നു അത്. സന്ധ്യകഴിഞ്ഞാൽ എവിടെയെങ്കിലുമൊരിടത്ത് ആരോടെങ്കിലും എന്തെങ്കിലുമൊക്കെ മിണ്ടിപ്പറഞ്ഞ് രാവേറുവോളം ഇരിക്കണമെന്ന മോഹം ഉള്ളിൽ തിടംവെച്ചു.

“എത്ര കേട്ടാലും എത്ര പറഞ്ഞാലും മടുപ്പു വരാത്ത നീയൊരു 'സർസാർ' (ചറപറാ സംസാരിക്കുന്നവൻ) തന്നെ” എന്ന് അതീവ വാത്സല്യത്തോടെ ചേർത്തുപിടിച്ച് നിറഞ്ഞ ചിരിയോടെ വർഷങ്ങൾക്കു മുമ്പ് അഭിവന്ദ്യനായ അഹ്മദ് ഹിലാൽ സാക്ഷ്യപത്രം തന്നതാണ് എനിക്ക്. ലീഗൽ ട്രാൻസ്‌ലേഷൻ ആവശ്യത്തിന്, യൂണിയൻ സ്റ്റേഷനടുത്തുള്ള അദ്ദേഹത്തിന്റെ ഓഫിസിൽ ചെല്ലുമ്പോഴൊക്കെ 'മർഹബ യാ സർസാർ' എന്ന് നിറഞ്ഞു ചിരിച്ചു സ്വാഗതം ചെയ്യുന്ന അഹ്മദ് ഹിലാൽ! പണ്ടൊരിക്കൽ, ഇഷ്ടപ്പെട്ടൊരു സഹപാഠിയോടൊപ്പം ഒരുനാൾ ഒമ്പതു മണിക്കൂർ തുടർച്ചയായി സംസാരിച്ചിരുന്നത് കണ്ട് മൂക്കത്ത് വിരൽവെച്ച വാമഭാഗത്തോട് ഞങ്ങൾ ഇരുവരും ഒരേ കൂറ്റിൽ പറഞ്ഞത്, ഇനിയും ഒരു ഒമ്പത് മണിക്കൂർ കൂടി ഒന്നിച്ചിരിക്കുമെങ്കിൽ ഞങ്ങൾ അപ്പോഴും ചങ്ങല ചങ്ങലയായി സംസാരിച്ചുകൊണ്ടേയിരിക്കുമെന്നാണ്. മനുഷ്യരെ കേട്ടിരിക്കുന്നതിനോളവും അവരോടു സംസാരിച്ചിരിക്കുന്നതിനോളവും ഹരം നൽകുന്ന മറ്റൊന്നുമില്ലെന്നു തോന്നുന്നു.

ആ സായാഹ്നത്തിൽ രാവേറുവോളം എന്നെ ആര് കേട്ട് സഹിക്കുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് അബൂ സൈഫിന്റെ ഫോൺ കോൾ വരുന്നത്.

"തിരക്കില്ലെങ്കിൽ അൽ മുതീന സ്ട്രീറ്റിലെ ബ്രിസ്റ്റോൾ ഹോട്ടൽ ലോബിയിലേക്കു വരൂ. ഇവിടെ ഒരു വിശിഷ്ടാതിഥി കാത്തിരിപ്പുണ്ട്. പുലരുവോളം നമുക്ക് സംസാരിച്ചിരിക്കാം"

അഞ്ചെട്ടുകൊല്ലം മുതലേ എന്റെ പരിചയക്കാരനും ബിസിനസുകാരനുമായ അറബ് സുഹൃത്ത് അബൂസൈഫിന്റെ ക്ഷണമാണ്.

തേടിയ വള്ളി കാലിൽ ചുറ്റിയ സന്തോഷമാണ് എനിക്ക് തോന്നിയത്.

സലാഹുദ്ദീൻ സ്റ്റേഷനിൽ മെട്രോ ട്രെയിനിറങ്ങി നടന്നെത്തുമ്പോൾ, വാരാന്ത്യത്തിൽ വിരസതയകറ്റാൻ എത്തിയ ഒട്ടേറെ പേരെയാണ് ആ ലോബിയിൽ കണ്ടത്. ഓരോരുത്തരും താന്താങ്ങളുടെ ലോകത്താണ്. ഹുക്ക വലിക്കുന്നവർ! സൊറപറഞ്ഞിരിക്കുന്നവർ, ബിസിനസ്സ് ചർച്ചചെയ്യുന്നവർ! ചായയോ ശീതളപാനീയങ്ങളോ മൊത്തിക്കുടിച്ചു താന്താങ്ങളുടെ തനിച്ച ലോകത്ത് സ്വയം മറന്ന് ഇരിക്കുന്നവർ. വലിയ വലിയ ബിസിനസ്സ് ഡീലുകളിൽ പലതിന്റേയും ബീജാവാപം നടക്കുക ഇത്തരം കോഫി ഷോപ്പുകളിലാണ്. 'നമുക്ക് ഒരു കാപ്പി കുടിക്കാം' എന്നൊരു ക്ഷണത്തിനു പല മാനങ്ങളുണ്ട്.

അബൂസൈഫ്‌ ഇരുന്നിടത്തേക്കു ഞാൻ നടന്നു. കൂടെ വലിയ ശരീരപ്രകൃതിയുള്ള ഒരാൾ ഇരിക്കുന്നു. അല്പം മുഷിഞ്ഞ കന്തൂറയും ഇഖാൽ അണിയാത്ത തലപ്പാവുമായി ഒരു മധ്യവയസ്‌കൻ. കാഴ്ചയിൽ യമനിയാണെന്നു തോന്നിച്ചു.

എനിക്ക് നീക്കിവെച്ച കസേരയിൽ ഇരിക്കാൻ ഇരുവരും ആവശ്യപ്പെട്ടപ്പോൾ സലാമ് ചൊല്ലി ഞാനവിടെ ഇരുന്നു. അതിഥിയെ അബൂസൈഫ് എനിക്ക് പരിചയപ്പെടുത്തി. അബൂ ഹമദ്! അറബികൾ മക്കളുടെ പേരിൽ അറിയപ്പെടുന്നവരാണ്. ഹമദിന്റെ പിതാവ് എന്നർത്ഥം. ഒരുപാട് കാലത്തെ പഴക്കമുള്ളവരോടേ അവർ യഥാർഥ പേര് പറയൂ. ചിലർ തുടക്കത്തിൽ തന്നെ യഥാർഥ പേര് പറയുമെങ്കിലും പലരും അങ്ങനെയല്ല എന്നതാണ് അനുഭവം.

അബൂസൈഫ്‌ എനിക്കും ഒരു ചായക്ക് ഓർഡർ നൽകി. അബ്ദുൽ ഗഫൂർ ഇന്ത്യക്കാരനാണെന്നും അത്യാവശ്യം നന്നായി അറബി ഭാഷയും ഇംഗ്ലീഷ് ഭാഷയും കൈകാര്യം ചെയ്യുമെന്നും അബൂ സൈഫ് അതിഥിക്ക് എന്നെ പരിചയപ്പെടുത്തി. കൂടുതൽ സംസാരിക്കുന്നതിനു പകരം കൂടെയിരിക്കുന്നവരുടെ സംസാരം സാകൂതം ശ്രദ്ധിച്ചാസ്വദിക്കുകയെന്നതാണ് അബൂസൈഫിന്റെ രീതി.

ഞാനും അബൂഹമദും സംസാരത്തിലേർപ്പെട്ടു. ഭാഷയായിരുന്നു വിഷയം. ഭാഷയിൽ എന്തോ കാര്യപ്പെട്ട സംഭവമാണ് ഞാൻ എന്ന എന്‍റെ അഹംബോധം വെറും അഞ്ചുനിമിഷങ്ങൾക്കകം തീചൂടേറ്റ മെഴുകുപോലെ ഒരുകിയൊലിച്ചു. അബൂഹമദിന്റെ ഭാഷാപാണ്ഡിത്യത്തിനു മുന്നിൽ, കടലിനു മുന്നിലെത്തിയ കൊച്ചു കുഞ്ഞിനെ പോലെ ഞാൻ പകച്ചുനിന്നു. ലോകത്ത് എല്ലാ ഭാഷയുടെയും മാതാവ് അറബിഭാഷയാണെന്നും മിക്ക ഭാഷകളിലെയും വാക്കുകൾക്കു സമാനമായ ഉച്ചാരണമുള്ള വാക്കുകൾ അറബി ഭാഷയിൽ ഉണ്ടെന്നും അദ്ദേഹം നിരവധി ഉദാഹരണങ്ങളിലൂടെ സമർത്ഥിച്ചു. അദ്ദേഹത്തിന്റെ സമർത്ഥനത്തിനു മുമ്പിൽ, അമ്പ് തീർന്ന ആവനാഴിയുമായി വെറും കൈയോടെ ഞാൻ ഇരുന്നു. അറിവിന്റെ കാര്യത്തിൽ എന്തുമാത്രം ദരിദ്രനാണ് ഞാൻ എന്നോർത്ത് എനിക്ക് വലിയതോതിൽ ലജ്ജ തോന്നി.

രണ്ടു മണിക്കൂർ പോയതറിഞ്ഞില്ല. അബൂസൈഫ്‌ ഇളംചിരിയോടെ എല്ലാം കേട്ടിരിക്കുന്നു.

"നാം ഇതുവരെ സംസാരിച്ചിരുന്നത് ഗൗരവതരമായ കാര്യമാണ്. ഈ വാരാന്ത്യരാവ് വിരസമായിക്കൂടാ, നമുക്കൊന്ന് മാറ്റിപ്പിടിച്ചാലോ"! അബൂ ഹമദിന്റെതാണ് ചോദ്യം.

'മനസ്സിലായില്ല" ഞാൻ മിഴിച്ചിരുന്നു.

'നമുക്ക് പാട്ടു പാടിയാലോ"! എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് അബൂ ഹമദിന്റെ ചോദ്യം.

പാട്ടും സംഗീതവുമൊക്കെ എനിക്ക് ഇഷ്ടമാണ്. പക്ഷെ ഇത്രയും ഗൗരവത്തിൽ ഭാഷാവിഷയങ്ങൾ ചർച്ച ചെയ്യുന്നൊരാൾ പാട്ടുപാടുമോ എന്നതായിരുന്നു എന്റെ സംശയം.

"താങ്കൾ തുടങ്ങൂ" എന്ന് ഞാൻ ഭവ്യനായി.

കണ്ണടച്ച് പിറകോട്ട് ചാഞ്ഞിരുന്ന് അദ്ദേഹം പാടിത്തുടങ്ങി. പതിഞ്ഞ സ്വരത്തിൽ, ഉമ്മുകുൽസൂമിന്റെയോ അബ്ദുൽ ഹലീമിന്റെയോ ശ്രുതിമധുരമായ ഭാവഗാനമാണ് അദ്ദേഹം പാടിയത്. എന്തൊരു ഇമ്പമുള്ള സ്വരം! എന്തൊരു ഹൃദയാവർജ്ജകമായ ലയം, താളം!

ഒരു മന്ദമാരുതൻ വീശിയാലെന്നതുപോലെയുള്ള മനോഹരമായ ആ സ്വരം അവസാനിച്ചപ്പോൾ അബൂസൈഫിന്റെ മുഖത്ത് പതിനാലാം രാവ്! ഷെറീൻ അബ്ദുൽ വഹാബിന്റെയും നാൻസി അജെറമിന്റെയും മാജിദ അൽ റൂമിയുടെയും ചടുലമായ സംഗീതത്തിൽ തല്പരനായ അബൂയൂസുഫ്, അബൂഹമ്മദിന്റെ പാട്ടിൻതേന്മഴ തീർത്തും ആസ്വദിക്കുകയായിരുന്നു.

'ഇനി നിൻറെ ഊഴമാണ്, വേഗം പാടൂ' എന്റെ മുഖത്ത് നോക്കി അബൂ ഹമദിന്റെ ആജ്ഞ.

കുട്ടിക്കാലത്ത് സാഹിത്യസമാജങ്ങളിൽ പാടിയിട്ടുണ്ട് എന്നതൊഴിച്ചാൽ പാട്ടുമായി എനിക്ക് ബന്ധമില്ല. ആകെയുള്ള ബന്ധം എഴുപതോളം പാട്ടുകൾ എഴുതി എന്നത് മാത്രമാണ്. അവയിൽ ഒന്നുപോലും പാടാൻ എനിക്ക് കഴിയില്ല എന്നത് ഉറപ്പ്. ആവാസ് ഓമശ്ശേരി എഴുതിയ 'ഹജ്ജിന്റെ കാലത്ത്' എന്ന പാട്ട് ഒരുവിധം പാടിയൊപ്പിക്കാമെന്നു കരുതി ഞാൻ പാടിത്തുടങ്ങി. അബൂഹമദും അബൂസൈഫും, ഒരു പ്രാർഥന കേട്ടാലെന്നവണ്ണം കണ്ണുപൂട്ടി കസേരയിൽ ചാരിക്കിടന്ന് എന്റെ ചിലമ്പിച്ച സ്വരത്തിലുള്ള പാട്ടുകേട്ടു.

ഒരുവിധം പാടിയൊപ്പിച്ചു ഞാൻ അവസാനിപ്പിച്ചപ്പോൾ അബൂസൈഫ്‌ ചാടിയെണീറ്റ് കൈതന്നു. ഇക്കാലമത്രയും പരിചിതരായിട്ടും, നിന്റെ ഈ കഴിവ് എന്തിനു മറച്ചുവെച്ചു എന്ന് അദ്ദേഹം എന്നെ കുറ്റപ്പെടുത്തി. നന്നായിട്ടില്ലെന്നും കുട്ടിക്കാലത്തായിരുന്നെങ്കിൽ കുറേകൂടി മനോഹരമായി പാടാമായിരുന്നെന്നും ഞാൻ വിനീതനായി.

അബൂസൈഫിനു അറിയേണ്ടത് ഏതു ഭാഷയിലാണ് ആ പാട്ട് എന്നാണ്. മലയാളത്തിലാണെന്നു ഞാൻ മറുപടി പറഞ്ഞപ്പോൾ അതീവ സന്തോഷത്തോടെ എഴുന്നേറ്റ് നിന്ന് എനിക്ക് കൈതന്നത് അബൂഹമദ്‌ !

“ഇന്ത്യൻ ഭാഷയല്ലേ അത്, ഞാൻ കേട്ടിട്ടുണ്ട് ആ ഭാഷയിലെ പാട്ടുകൾ” എന്ന്, ഇറാഖി വംശജനായ അബൂഹമദ്‌. ആ ഭാഷയിലെ ഒരുപാട്ട് എത്രയോ കാലമായി താൻ മൂളിക്കൊണ്ടിരിക്കുകയാണെന്നും വരികളറിയില്ലെന്നും അബൂ ഹമദ്!

'താങ്കളൊന്നത് മൂളൂ. ഏതാണാ വരികളെന്നു കണ്ടുപിടിക്കാൻ എനിക്ക് സാധിച്ചേക്കും' ഞാൻ അബൂഹമ്മദിനെ പ്രോത്സാഹിപ്പിച്ചു.

അബൂഹമദ്‌ ഒരു വരി മൂളുമ്പോഴേക്കും എനിക്ക് ആ പാട്ട് ഏതെന്നു മനസ്സിലായി.

കളിവീടുറങ്ങിയല്ലോ...

കളിവാക്കുറങ്ങിയല്ലോ...

ഒരു നോക്കു കാണുവാനെൻ

ആത്മാവു തേങ്ങുന്നല്ലോ...

തഴുകുന്ന തിരമാലകളേ

ചിരിക്കുന്ന പൂക്കളേ

അറിയില്ല നിങ്ങൾക്കെന്റെ

അടങ്ങാത്ത ജന്മദുഃഖം...

ദേശാടനം എന്നസിനിമയ്ക്കുവേണ്ടി കൈതപ്രം എഴുതി അദ്ദേഹം തന്നെ മോഹനരാഗത്തിൽ ഈണമിട്ട, മഞ്ജു മോഹൻ പാടിയ ആ പാട്ടിന്റെ ആദ്യവരികൾ പാടിക്കൊടുത്തപ്പോൾ അബൂഹമദ്‌ എഴുന്നേറ്റുനിന്നു എന്നെ ചേർത്തുപിടിച്ചു ആശ്ലേഷിച്ചു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം യൂട്യൂബിൽ ആ പാട്ടു കണ്ടെത്തി അദ്ദേഹത്തിന് നൽകി.

കാതിൽ ഇയർഫോൺ വെച്ച് ഒരു തപസ്സിലെന്നപോലെ അബൂ ഹമദ് ആ പാട്ട് പലവുരു കേട്ടു.

അപ്പോൾ എനിക്ക് ഓർമവന്നത്, അബ്ദുല്ലാ മൂസായെയാണ്. ജബൽ അലിയിലെ ഏതോ ഒരു കമ്പനിയിൽ കൂലിത്തൊഴിലാളിയായ ഉഗാണ്ടൻ സ്വദേശി. യൂണിയൻ ബസ് സ്റ്റേഷനിൽ അജ്മാനിലേക്കു പോകാൻ അദ്ദേഹം ധൃതിപ്പെടുമ്പോഴാണ് എന്റെ ശ്രദ്ധയിൽ പെടുന്നത്. പരിചയപ്പെട്ടപ്പോൾ അദ്ദേഹത്തിന് പെരുത്ത് സന്തോഷം. സംഗീതത്തിൽ തല്പരനാണെന്നും ഹാർമോണിയം വായന ഹോബിയാണെന്നും പണ്ടൊരിക്കൽ ഒരു ഗാനമേളയിൽ ഒരു പ്രശസ്തനായ ഇന്ത്യൻ ഗായകന്റെ സ്റ്റേജ് പ്രോഗ്രാമിൽ ഹാർമോണിയം വായിച്ചത് താനാണെന്നും അബ്ദുല്ല മൂസ പറഞ്ഞപ്പോൾ ഞാനും വിട്ടുകൊടുത്തില്ല. പാട്ടുപാടാൻ താല്പര്യമുള്ള ആളാണ് ഞാനെന്നും കുറച്ചു പാട്ടുകളൊക്കെ എഴുതിയിട്ടുണ്ടെന്നും പറഞ്ഞപ്പോൾ, ‘എന്നാൽ പിന്നെ ഇപ്പോൾത്തന്നെ ഇരുന്നിട്ട് കാര്യം’ എന്നയാൾ സന്നദ്ധനായി. ദേരാ പാർക്കിലെ സിമന്റു ബെഞ്ചിൽ ഞങ്ങൾ ഇരുന്നു.

'നീ പാടൂ, ഞാൻ താളം പിടിക്കാം' എന്ന് അബ്ദുല്ലാ മൂസ.

എസ്.ഇ. ജമീൽ എഴുതി, വിളയിൽ ഫസീല സ്റ്റേജുകളിലും അമ്പിളി ഗ്രാമഫോണിലും പാടി പ്രശസ്തമാക്കിയ 'എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ...' എന്ന് തുടങ്ങുന്ന കത്തുപാട്ട് ഞാൻ പാടി. അബ്ദുല്ല മൂസ, തനിക്കു ചിരപരിചിതമെന്ന പോലെ അതീവ മനോഹരമായി തന്റെ ബാഗിൽ കൈകൊട്ടി ആ പാട്ടിനു താളം പിടിച്ചു. പിന്നെയും പത്തോളം പാട്ടുകൾ അബ്ദുല്ല മൂസായ്ക്കു വേണ്ടി ഞാൻ പാടി. ഒരുഓരോ പാട്ടുപാടുമ്പോഴും അതിന്റെ രാഗം ഏതാണെന്നു അബ്ദുല്ല എനിക്ക് പറഞ്ഞു തന്നു. രാഗമെന്നാൽ ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത ഞാൻ മൂക്കത്ത് വിരൽ വെച്ചു. പാട്ടിൽ ലയിച്ച അബ്ദുല്ല മൂസയ്ക്ക് അന്ന് അജ്മാനിലേക്കുള്ള അവസാന ബസ് നഷ്ടപ്പെട്ടതും കള്ളടാക്സിയിൽ അയാളെ അജ്മാനിലേക്ക് കയറ്റിവിട്ടതും ഇപ്പോഴും ഓർക്കുന്നു.

ഞാനും അബൂസൈഫും കുശലത്തിൽ മുഴുകിക്കൊണ്ടിരിക്കെ, അബൂ ഹമദ് യഥാർഥ ലോകത്തേക്ക് ഉണർന്നു. 'ഒരു പ്രശസ്തനായ ഇന്ത്യൻ ഗായകനില്ലേ, മുഹമ്മദ് റഫീഖ്! നിനക്ക് അറിയുമോ അയാളെ?" അബൂ ഹമദിന്റെ ചോദ്യം.

"റഫീഖ് അല്ല. മുഹമ്മദ് റഫി" ഞാൻ തിരുത്തി. അദ്ദേഹത്തിന്റെ ഫോൺ വാങ്ങി റാഫി സാബിന്റെ, ‘ദീവാന ഹുആ ബാദൽ' എന്ന പാട്ടുവെച്ചുകൊടുത്തു. അബൂഹമ്മദിനു മെലഡിയാണ് ഇഷ്ടം എന്ന് അപ്പോഴേക്കും ഞാൻ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. പിന്നീട് പങ്കജ് ഉദാസിന്റെ, ജഗ്ജിത് സിങ്ങിന്റെ അങ്ങനെയങ്ങനെ പലരുടെയും പാട്ടുകൾ എടുത്തു കേൾപ്പിച്ചുകൊടുത്തു. അബൂസൈഫും അബൂഹമദും കൂടി എന്നെക്കൊണ്ട് വേറെയും പാട്ടുകൾ പാടിച്ചു.

ഞങ്ങൾ പിരിയുമ്പോൾ രാത്രി പന്ത്രണ്ടര. മെട്രോ ട്രെയിൻ സർവ്വീസ് അവസാനിക്കാനടുത്ത സമയം. മനമില്ലാമനസ്സോടെ ഞങ്ങൾ പിരിഞ്ഞു. കാതിൽ തേന്മഴ വർഷിച്ച ആ സംഗീതരാവ് ഇന്നും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു. സംഗീതത്തിന് ഭാഷയോ ദേശമോ വർണ്ണമോ ഇല്ലെന്നു ഒന്ന് കൂടി എന്നെ ബോധ്യപ്പെടുത്തി ആ മോഹനരാവ് !

Show Full Article
TAGS:Music melody night 
News Summary - memorable melody night memories of an expatriate
Next Story