മാപ്പിളപ്പാട്ടിന്റെ വാനമ്പാടിക്ക് നിത്യസ്മാരകം ഒരുങ്ങുന്നു
text_fieldsകുറ്റിക്കാട്ടൂർ: വിളയില്‍ ഫസീലക്ക് നിത്യ സ്മാരകം ഒരുങ്ങി. കോഴിക്കോട് ജില്ലയിലെ വെള്ളിപറമ്പിലാണ് പെരുവയല്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഫസീല സ്മാരക സാംസ്കാരിക കോര്‍ണര്‍ ഒരുങ്ങിയത്. പി.ഡബ്ല്യു.ഡി റോഡരികില്‍ കലാസാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കാനും കലാകാരന്മാര്ക്ക് ഒരുമിച്ചു കൂടാനുമുള്ള പാര്‍ക്ക് രൂപത്തിലാണ് കോര്‍ണര്‍ ഒരുക്കിയത്. നാട്ടുകാര്‍ക്കും വയോജനങ്ങള്ക്കുമെല്ലാം സായാഹ്നങ്ങളില്‍ ഒത്തുചേരാനുള്ള വേദിയായും യാത്രക്കാര്‍ക്ക് വിശ്രമ കേന്ദ്രമായും ഉപയോഗപ്പെടുത്താം.
മലപ്പുറത്തെ ചീക്കോട് പഞ്ചായത്തിലെ വിളയില്‍ ജനിച്ച ഫസീല, 1991ലാണ് കുടുംബസമേതം വെള്ളിപറമ്പില്‍ വീടുവെച്ചു താമസമാക്കിയത്. 2023 ആഗസ്റ്റ് 12നാണ് ഗായിക അന്തരിച്ചത്. മാപ്പിളപ്പാട്ടിന്റെ സുവര്‍ണ കാലഘട്ടത്തില്‍ പല കലാ വേദികളിലും ഗ്രാമഫോണ്‍ റെക്കോഡുകളിലും കാസറ്റുകളിലുമെല്ലാം നിറഞ്ഞുനിന്ന ഗായികയായിരുന്നു ഇവർ. ‘കിരി കിരി ചെരുപ്പുമ്മല്‍ അണഞ്ഞുള്ള പുതുനാരി...’ എന്ന പാട്ടിലൂടെ 1970ല്‍ മാപ്പിളപ്പാട്ട് രംഗത്ത് ശ്രദ്ധേയമായിത്തുടങ്ങിയ ഫസീല നാലു പതിറ്റാണ്ടിലേറെ മേഖലയില്‍ സജീവമായിരുന്നു.
വെള്ളിപറമ്പ് ആറാംമൈലിലെ പുറമ്പോക്കിൽ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ സാംസ്കാരിക കേന്ദ്രത്തിനായി സ്ഥലമൊരുക്കിയത്. ശേഷം 19ാം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ ജനകീയ വിഭവ സമാഹരണത്തിലൂടെ പാര്‍ക്ക് യാഥാര്‍ഥ്യമാക്കി. തിങ്കളാഴ്ച അഞ്ചിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടാഞ്ചേരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ എം.കെ. രാഘവന് എം.പി ഫസീല കോര്‍ണർ നാടിന് സമര്‍പ്പിക്കും. അഡ്വ.പി.ടി.എ. റഹീം എം.എല്‍.എ മുഖ്യാതിഥിയാകും.
തുടര്‍ന്ന് സാംസ്കാരിക സദസ്സും സംഗീത വിരുന്നും അരങ്ങേറും. ടി.പി ചെറൂപ്പ, ഹുസൈന് രണ്ടത്താണി, ബാപ്പു വെള്ളിപറമ്പ്, ഒ.എം കരുവാരകുണ്ട്, ഫൈസല്‍ എളേറ്റില്‍, പുലിക്കോട്ടില്‍ ഹൈദരലി, അഷ്റഫ് പാലപ്പെട്ടി, ബദറുദ്ദീൻ പാറന്നൂർ, ഐ.പി. സിദ്ദീഖ്, ഫിറോസ് ബാബു, മണ്ണൂര്‍ പ്രകാശ്, സിബല്ല സദാനന്ദന്, കൊല്ലം ഷാഫി, ഇന്ദിര ജോയ്, എം.എ. ഗഫൂർ, മുക്കം സാജിത, നിസമോൾ മൂവാറ്റുപുഴ തുടങ്ങി നിരവധി പേര് പങ്കെടുക്കും. ഗ്രാമ പഞ്ചായത്തംഗം ബിജു ശിവദാസ് ചെയര്‍മാനും വി. അഷ്റഫ് കണ്‍വീനറും പൊറ്റമ്മല്‍ അബ്ദുല്‍ ഗഫൂര്‍ ട്രഷററുമായി പരിപാലന കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്.