കീബോർഡിൽ ഒതുങ്ങാത്ത കരവിരുത്: വിനീതയുടെ കൈകളിൽ വിരിഞ്ഞത് സപ്ത മഹാത്ഭുതങ്ങൾ
text_fieldsവിനീത
ആലപ്പുഴ: കമ്പ്യൂട്ടർ കീ ബോർഡിലെ കൈവിരലുകൾ കലയിലേക്ക് വഴിമാറിയപ്പോൾ വിനീത നെയ്തെടുത്തത് ലോകത്തിലെ സപ്ത മഹാത്ഭുതങ്ങൾ. എറണാകുളം ഇൻഫോപാർക്കിലെ എം.എൻ.സിയായ യു.എസ്.ടി.യിൽ സോഫ്റ്റ്വെയർ െഡവലപ്പറും കായംകുളം പുല്ലുകുളങ്ങര പോച്ചയിൽ ആർ. രാജേഷിെൻറ (മിലിട്ടറി-ഡൽഹി) ഭാര്യയുമായ വി. വിനീതയാണ് (23) സ്ട്രിങ് ആർട്ടിലൂടെ മഹാത്ഭുതങ്ങൾ തീർത്ത് ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡും സ്വന്തമാക്കിയത്.
കോവിഡ് കാലത്തെ വിരസത മാറ്റാൻ ആണിയടിച്ച് നൂലുകൊണ്ട് കെട്ടിയുണ്ടാക്കി താജ്മഹൽ, ചൈന വൻമതിൽ, മാച്ചു പിക്ച്ചു, ചീച്ചൻ ഇറ്റ്സ, ക്രൈസ്റ്റ് ദി റെഡീമർ, കൊളോസിയം, പെട്ര എന്നീ മഹാത്ഭുതങ്ങളുടെ രൂപങ്ങൾ തുന്നിച്ചേർത്ത് റെക്കോഡിലേക്കാണ് നടന്നുകയറിയത്. ഇതിന് വേണ്ടിവന്നത് 17 മണിക്കൂർ സമയം മാത്രം. നേട്ടത്തിലേക്ക് ചുവടുവെച്ചതിനെക്കുറിച്ച് ചോദിച്ചാൽ വിനീതയുടെ മറുപടി ഇങ്ങനെ: കോവിഡ് കാലത്ത് ഇൻഫോപാർക്കിലെ ജോലി വർക്ക് ഫ്രം ഹോം ആയതോടെയാണ് മനസ്സിൽ രൂപപ്പെട്ട ആശയത്തിന് പുതിയമാനം കൈവന്നത്. ജോലിക്കിടെ വന്നെത്തുന്ന ശനി, ഞായർ അവധിദിനങ്ങൾ ഇതിനായി മാറ്റിവെച്ചാണ് ദൗത്യം പൂർത്തിയാക്കിയത്. റെക്കോഡ് സ്വന്തമാക്കാൻ ടൈമർ ഉപയോഗിച്ചാണ് സമയം ക്രമീകരിച്ചിരുന്നത്.
കലാവൈഭവത്തിന് കിട്ടിയ ആദ്യനേട്ടമാണെങ്കിലും കോളജ് പഠനകാലത്ത് ഒന്നാമതെത്തിയതിന് പ്രധാനമന്ത്രിയുടെ സ്കോളർഷിപ് കിട്ടിയിട്ടുണ്ട്. നേരത്തേ യു.പിയിലായിരുന്നു താമസം. വിഷുവിന് നാട്ടിൽ അവധിക്കെത്തിയപ്പോൾ മനസ്സിൽ തോന്നിയ ആശയം വികസിപ്പിച്ചെടുക്കുകയായിരുന്നു.
ചെറിയ സാധനങ്ങൾ ഉണ്ടാക്കി വീട്ടിൽ വെക്കുന്നത് ഹോബിയാണെങ്കിലും മത്സരസ്വഭാവത്തിൽ ആദ്യമായാണ് രൂപകൽപന ചെയ്തത്. കോട്ടയം പാത്താമുട്ടം സെയിൻറ് ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്നാണ് എം.സി.എ പൂർത്തിയാക്കിയത്. അമ്പലപ്പുഴ വൈഷ്ണവം വീട്ടിൽ വിമുക്തഭടൻ വേണുകുമാറിെൻറയും ലതയുടെയും മകളാണ്.