സാന്ദ്രസംഗമ ഗാനങ്ങൾ; ജോൺസൻ - വേണുഗോപാൽ കൂട്ടുകെട്ട്
text_fieldsമലയാള ചലച്ചിത്ര സംഗീതചരിത്രത്തിൽ ജോൺസൻ എന്ന സംഗീത സംവിധായകന്റെ ഗാനകല എക്കാലത്തെയും വേറിട്ടൊരു സൗന്ദര്യനിർമിതിയായിരുന്നു. ഇന്നും ഓർമയുടെ വാതിലുകൾ തള്ളിത്തുറന്നുകൊണ്ടാഗാനങ്ങളെല്ലാം നമ്മളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു.
സംഗീതത്തിന്റെ അഭിജാതമുദ്രകളിൽ അനുഭവവേദ്യമാകുന്ന ഈ പവിത്രഗാനങ്ങളുടെ പല്ലവികൾ നമ്മളിൽ അനുഭൂതിയുടെ മറ്റൊരു ധ്വനിമണ്ഡലമൊരുക്കുന്നു. വെസ്റ്റേൺ സംഗീതത്തിന്റെയും ഫോക്കിന്റെയും അപാരതയിലേക്കുള്ള ഒരു ജാലകം തുറക്കുകയായിരുന്നു ജോൺസൻ തന്റെ ഗാനങ്ങളിൽ. ജോൺസൻ ഗീതങ്ങളുടെ ഭാവപ്രപഞ്ചവുമായി അത്രമേൽ ഗാഢമായ സ്വരൈക്യം പുലർത്തുന്ന നാദമാണ് ജി. വേണുഗോപാലിന്റേത്.
വേണുഗോപാലിന്റെ ശബ്ദഭംഗിയാൽ അടിവരയിടുന്ന ജോൺസൻഗാനങ്ങൾ എത്രവേണമെങ്കിലുമുണ്ട്. ഭാഷയുടെയും ഭാവനയുടെയും ഭാവത്തിന്റെയും അനുഭൂതിയിലേക്ക് ചിറകടിച്ചുപറക്കുകയായിരുന്നു ജോൺസൻ -വേണു സഖ്യത്തിന്റെ സാന്ദ്രസംഗമഗാനങ്ങൾ. ഈണലാളിത്യത്തിന്റെ മിതവ്യയങ്ങളിൽ സൃഷ്ടിക്കുന്ന സംഗീതാനുഭവങ്ങളാണിവയെല്ലാം. സംഗീത നിർവഹണത്തിൽ ജോൺസന്റെ സൂക്ഷ്മതകൾ കൂടുതൽ പാലിക്കപ്പെട്ടത് ഒരുപക്ഷേ, വേണുഗോപാലിലായിരിക്കും.
സാധാരണ പാട്ടുപോലും സൗമ്യമായ ശോഭയാർന്നുവന്നു വേണുഗോപാലിന്റെ നാദത്തിൽ. വേണുഗോപാൽ എന്ന ഗായകനിലേക്ക് സംക്രമിക്കുന്ന അന്യൂനമായ സംഗീത ശിൽപചാരുതകൾ ജോൺസന്റെ പാട്ടുകളിൽ ഉണ്ടായിരുന്നു. അവ പൂർണതയുറ്റ ഒരു ഗാനസ്വരൂപങ്ങളായി വികസിക്കുന്നു.
ഏതോ നാടൻപാട്ടിന്റെ ഈണമഞ്ജരികളിൽനിന്നടർന്നുവീണ പരാഗംകൊണ്ടാണ് ജോൺസൻ തന്റെ പാട്ടുകൾ അലങ്കരിക്കുന്നതെന്നും ചിലനേരം കേൾവിക്കാർക്ക് തോന്നും വേണുഗോപാലിന്റെ ജോൺസൻ ഗീതങ്ങൾ അനുഭവിക്കുമ്പോൾ. ആ നാടൻപാട്ട് ഏതാണെന്ന് തിരിച്ചറിയാത്തവിധം അതിൽ വെസ്റ്റേൺ സംഗീതാംശങ്ങൾ സംയോജിപ്പിച്ചാണ് ജോൺസൻ ഗാനങ്ങൾ പിറന്നത്.
ആ ഗാനങ്ങൾ കണ്ണിൽ മുത്തായ്, കാതിൽ ചിന്തായ് മെയ്യിൽ തിരുക്കണിയായ് നമ്മിൽ കാലങ്ങളോളം അവശേഷിക്കുന്നു. കാവാലം-ജോൺസൻ-വേണുഗോപാൽ രാഗസംഗമങ്ങളിലെ പ്രസാദപൂരിതമായ അനുഭവങ്ങളായിരുന്നു ചില ഗാനങ്ങൾ. പ്രത്യക്ഷത്തിൽ ലളിതമായിരിക്കുകയും പരോക്ഷമായി നിരവധി അടരുകൾ ഓർമിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ ഗാനങ്ങളെല്ലാം.
ഗാനം ആഹ്ലാദത്തിലേക്ക് ചിറകുവെക്കുന്ന ഒന്നായിത്തീരുന്നു. ആഴവും പരപ്പുമുള്ള ആനന്ദസാഗരം പോലെ ആ ഗാനങ്ങൾ നമ്മളിലേക്ക് ഇന്നും മിഴികൾ നീട്ടുന്നു. ‘കന്നിക്കാവടിപ്പൂനിറങ്ങൾ’ ആയാലും ‘കാവേ തിങ്കൾ പൂവേ’ ആയാലും ഈ ഗണത്തിൽപെടുന്ന വേണുഗാനങ്ങളാണ്. ‘കാവേ തിങ്കൾ പൂവേ’യിൽ വേണുഗോപാലിന്റെ ശബ്ദത്തിൽ കുസൃതിയും താരാട്ടുമെല്ലാം ഒരുപോലെ സാന്ദ്രമാകുന്നു.
കാവാലത്തിന്റെ നാട്ടുചന്തമുള്ള വരികളിൽ നാട്ടീണത്തിന്റെ മായാജാലം തീർക്കുകയായിരുന്നു ജോൺസൻ. യുഗ്മഗാനത്തിന്റെ അലങ്കാരങ്ങളിൽനിന്നുയിർക്കൊണ്ട ഈ സംഗീതാനുഭവങ്ങൾ വേണുഗോപാലിന്റെ നാദലയഭംഗികളിൽ തികച്ചും ഗ്രാമ്യമാകുന്നു.
പ്രകൃതിയും പ്രണയവും കോർത്തിണക്കുന്ന പ്രപഞ്ചസംഗീതംപോൽ ഈ ഗാനങ്ങൾ സ്വയംപൂർണമാകുന്നു. നാട്ടുസംസ്കൃതിയിൽനിന്നും രൂപപ്പെടുന്ന ഈ ഗാനങ്ങളിൽ വെസ്റ്റേൺ സംഗീതത്തിന്റെ ധാരകൾകൂടി സംയോജിപ്പിക്കുന്നുണ്ട് ജോൺസൻ.
കാവാലത്തിന്റെ മനസ്സറിഞ്ഞുള്ള സംഗീതത്തിന്റെ സംസ്കൃതിയായിരുന്നു ജോൺസൻ ഈ ഗാനങ്ങളിൽ സാധ്യമാക്കിയത്. 1989ൽ ‘മഴവിൽ കാവടി’യിലെ ‘പള്ളിത്തേരുണ്ടോ’, ‘മൈനാങ്കപ്പൊൻമുടിയിൽ’ എന്നീ രണ്ടു ഗാനങ്ങളും പാടിയാണ് വേണുഗോപാൽ-ജോൺസൻ ഗാനപ്രപഞ്ചത്തിന്റെ ഭാഗമാകുന്നത്. തൊണ്ണൂറു മുതൽ ഏതാണ്ട് പത്തുവർഷക്കാലം ജോൺസൻ സംഗീതം ചെയ്ത നിരവധി ഗാനങ്ങളിൽ പാടുവാൻ വേണുഗോപാലിന് അവസരങ്ങളുണ്ടായി.
ഇതിൽ കൈതപ്രം-ജോൺസൻ സമാഗമങ്ങളിൽ വേണുഗോപാൽ പാടിയ ഗാനങ്ങൾ ഗ്രാമപ്രകൃതിയുടെ വിശുദ്ധികൾകൊണ്ട് നിറഞ്ഞു. വേണുവിന്റെ ആലാപനം അനന്തവീചികളായി മാറുന്നത് ഈ ഗാനങ്ങളിലാണ്. വേണുവിന്റെ ശബ്ദമഞ്ജരികൾ സൗമ്യസൗന്ദര്യമിയന്ന ഈ പാട്ടുകൾക്ക് നൽകിയ ഭാവകാന്തികൾ ചെറുതല്ലായിരുന്നു.
‘തൂവൽവിണ്ണിൽ’, ‘പീലിക്കണ്ണെഴുതി’, ‘തുമ്പപ്പൂക്കോടിയുടുത്ത്’, ‘തങ്കനിലാപട്ടുടുത്ത്’ ‘തൂവെണ്ണിലാവോ’ ഇങ്ങനെ പോകുന്നു വേണുഗാനങ്ങളുടെ ഈ നിരകൾ. ചിത്രയും സുജാതയുമൊക്കെ മംഗളദായകമായ ഈ ഗാനങ്ങളിൽ വേണുഗോപാലിനൊപ്പം ആലാപനാതിർത്തികൾ പങ്കിടുകയുണ്ടായി. തൊണ്ണൂറുകളിലെ ജോൺസന്റെ ഗാനങ്ങൾ വലംചുറ്റിവരുന്നത് വേണുഗോപാലിന്റെ ശബ്ദക്ഷേത്രത്തിലേക്കായിരുന്നു എന്നതിൽ അതിശയോക്തിയില്ല.
ജോൺസൻ സംഗീതം നിർവഹിച്ച പ്രണയഗീതികൾ അവയുടെ ലളിതസംഗീത സംസ്കൃതിയിൽ ആലപിച്ചതിൽ വലിയൊരു പങ്കുണ്ടായിരുന്നു വേണുഗോപാലിന്. ‘താനേ പൂവിട്ട മോഹം’, ‘വസന്തത്തിൻ മണിച്ചെപ്പ് തുറക്കുന്നു’ ‘ആകാശഗോപുരം പൊൻമണിമേടയായ്’ ‘കറുത്ത രാവിലെ’, ‘പൂത്താലം വലംകൈയിലേന്തി’, ‘കിനാവിന്റെ കൂടിൽ’, ‘നീലക്കൺകോടിയിൽ’, ‘പൊന്നിതളോരം’, ‘പ്രസാദചന്ദ്രിക’ ‘പാടു താലിപ്പൂത്തുമ്പി’, ‘ഇനിയും വരാത്തൊരെൻ’ എന്നിവയെല്ലാം വേണുഗോപാലിന്റെ പാട്ടുലോകത്തെ രാഗാർദ്രമാക്കുന്നു.
ക്ലാസിക്കിന്റെയും ഫോക്കിന്റെയുമൊക്കെ ഭാവഗംഭീരമായ സംഗീതകൽപനകൾ നിറയെയുണ്ടായിരുന്നു ഈ ആലാപനത്തിൽ. പഴയതെന്ന് തോന്നുന്നതും എന്നാൽ, നവീനവുമായ ഈണസാന്നിധ്യമായിരുന്നു ജോൺസൻ ഈ ഗാനങ്ങളിലെല്ലാം സജീവമാക്കിയത്. ഇഷ്ടരാഗമായ യമൺകല്യാണിൽ തീർത്ത ‘പൂത്താലം വലംകൈയിലേന്തി’ എന്ന വേണുഗാനം ഇന്നും ആളുകൾ മൂളുന്നത് അതിൽ സന്നിവേശിപ്പിച്ചിട്ടുള്ള ലളിതസംഗീത സംസ്കാരത്തിന്റെ സൗന്ദര്യഭദ്രതയിലാണ്.
‘വസന്തത്തിൽ മണിച്ചെപ്പ് തുറക്കുന്നു’ എന്ന പാട്ടും ‘പ്രസാദചന്ദ്രിക’യുമൊക്കെ കേൾക്കുമ്പോൾ ഉണ്ടാകുന്ന പ്രസാദാത്മകത ഒന്ന് വേറെത്തന്നെയാണ്. പാട്ടിൽ ഭിന്നവഴികളുടെ സംഗീതസുകൃതമാണിത്. വേണുഗോപാലിന്റെ പാട്ടുലോക ഭാവാന്തരങ്ങളിലൂടെ യാത്രചെയ്യുമ്പോൾ ജോൺസന്റെ പാട്ടുകളിലെ സൗന്ദര്യാത്മകമായ അനുഭൂതികൾ നാം തിരിച്ചറിയുന്നു.
കാവ്യാത്മകമായ ആലാപനഭംഗികൾ വേണുഗോപാലിന്റെ ശബ്ദത്തിൽ നാം കേട്ടത് ‘തങ്കച്ചേങ്ങില’ എന്ന ചക്രവാകരാഗഗീതിയിലായിരുന്നു. ‘മിഴിയിലെന്തേ മിന്നി’ എന്ന പാട്ടിലെ പ്രണയാനുഭൂതികളിൽ മുങ്ങിയ കാമുകശബ്ദം വേണുഗോപാലിന്റേതായിരുന്നു. ‘കല്യാണസൗഗന്ധികം’ എന്ന സിനിമയിലെ ‘ആരാധനാവിഗ്രഹം’ എന്ന പാട്ടിലെ നൃത്തവിരുത്തം വേണുഗോപാലിന്റെ സംഗീതജീവിതത്തിലെ അപൂർവതകളിലൊന്നായിരുന്നു.
‘കുളിരിന്റെ കൂട്ടുലഞ്ഞു’, ‘ചിറക് തേടുമീ സ്വരം’ എന്നീ ഗാനങ്ങളെല്ലാം ജോൺസൻ വേണുഗോപാലിന്റെ ശബ്ദത്തികവിന് നൽകിയ അംഗീകാരങ്ങൾ കൂടിയായിരുന്നു. വേണുഗോപാലിനുവേണ്ടി ജോൺസൻ തയാറാക്കിയ ഗാനങ്ങളിൽ പലതിലും പങ്കിട്ടുപാടുന്നതിന്റെ സ്വഭാവമുണ്ടായിരുന്നു.
യുഗ്മഗാനങ്ങളിൽപോലും വേണുവിന്റെ സ്വരം ഒരു കലാപ്രദർശനം അനുഭവിപ്പിക്കുന്നു. ഈ ഗാനങ്ങളിൽ പലതിലും ഉത്സവസവിശേഷമായ ഭാവനകൾ കാണാം. ഇവിടെ സംഗീതത്തിന്റെ ഇണക്കങ്ങൾ വിപുലമായി സ്ഥാനപ്പെടുന്നു.
പലതിലേക്കും പടരുന്ന ഭാവനയുടെ പാതകൾ അവയിലുണ്ടായിരുന്നു. സംസ്കാരത്തിന്റെ സൂചനകൾ ഈ പാട്ടുകളിലുണ്ടായിരുന്നു. വൈവിധ്യഭരമായ വിനിമയങ്ങൾ അതിലുണ്ടായിരുന്നു. ആകാശഗോപുരവും പൂത്താലം വലംകൈയിലേന്തിയും താനേ പൂവിട്ട മോഹവുമെല്ലാം അവയുടെ ആലാപനസുഭഗതയിൽ വ്യത്യസ്തമായിരുന്നല്ലോ. ‘ജോൺസേട്ടന്റെ പാട്ടുകൾക്ക് ശാസ്ത്രീയ സംഗീതം നിർദേശിക്കുന്നതുപോലെ ഇടവേളകൾ വെച്ചുള്ള പല്ലവി, അനുപല്ലവി, ചരണം എന്ന ഘടനയുണ്ടായിരുന്നു.
‘പൂത്താലം’ എന്ന പാട്ട് പാടുന്നത് എന്റെ വിവാഹം കഴിഞ്ഞ മധുവിധുകാലത്തായിരുന്നു. രശ്മിക്കേറ്റവും ഇഷ്ടമുള്ള പാട്ടാണത്. യമൻകല്യാണിന്റെ നക്ഷത്രഭംഗികൾ മുഴുവനുമുണ്ടായിരുന്നു ആ ഗാനത്തിൽ. എന്നെക്കൊണ്ടേറ്റവും പാട്ടുപാടിച്ചവരിൽ മുന്നിൽനിൽക്കുന്ന ആളാണ് ജോൺസേട്ടൻ.
എന്നെ ഒരു സഹോദരനെപ്പോലെ സ്നേഹിച്ചിരുന്നു അദ്ദേഹം. സ്വന്തം ഗാനങ്ങളോട് വലിയ ആത്മവിശ്വാസം ഉണ്ടായിരുന്നു ജോൺസേട്ടന്. ഗാനാവിഷ്കരണത്തിൽ കൂടെ നിൽക്കുന്നവർക്ക് കൃത്യമായ പ്രതിഫലം വാങ്ങിക്കൊടുക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു ജോൺസേട്ടൻ.


