മ്യൂസിക് മാസ്റ്റെറോ കീരവാണി
text_fieldsകീരവാണി
‘ബാലപാഠ പുസ്തകം കൊണ്ടുവന്ന ബാലിക...’- ഒരു ഈണം മൂളിയശേഷം അതേ സ്കെയിലിൽ ഈ വരികൾ പാടിത്തുടങ്ങി എം.എം. കീരവാണി. കേട്ടിരുന്ന ബാക്കിയുള്ളവർ അന്ധാളിച്ചെങ്കിലും കാര്യം മനസ്സിലായ ഗാനരചയിതാവ് എം.ഡി. രാജേന്ദ്രൻ അതേ സ്കെയിലിൽ എഴുതി- ‘ആദ്യ രോമഹർഷവും അംഗുലീയ പുഷ്പവും അനുഭൂതി പകരുന്ന മധുരം...’. കീരവാണി എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ‘ശിശിരകാല മേഘമിഥുന രതിപരാഗമോ’ (ദേവരാഗം-ഭരതൻ-1996) എന്ന പാട്ട് ചെന്നൈ മൗണ്ട് റോഡിലെ വി.ജി.പി സ്റ്റുഡിയോയിൽ പിറവിയെടുക്കുമ്പോഴായിരുന്നു പെർഫക്ഷനുവേണ്ടിയുള്ള ഈ ‘കീരവാണി ടച്ച്’. കമ്പോസിങ് വേളയിൽ ഗാനരചന എളുപ്പമാക്കുന്നതിനുവേണ്ടി ഇങ്ങനെ ചില പൊടിക്കൈയിടും കീരവാണി. ഇടുന്ന ഈണത്തിന്റെ അതേ സ്കെയിലിൽ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി പാടും. അതിന് പ്രത്യേകിച്ച് അർഥമോ ഗാനത്തിന്റെ ആശയവുമായി ബന്ധമോ കാണില്ല. ‘പക്ഷേ, ശ്രുതിശുദ്ധതയോടെ കീരവാണി ഇങ്ങനെ ചെയ്യുന്നത് ഗാനരചയിതാക്കൾക്ക് പ്രചോദനമാകാറുണ്ട്. പെർഫക്ഷന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല അദ്ദേഹത്തിന്. ‘ശിശിരകാല മേഘമിഥുന’ എന്ന ഗാനം ഗായകൻ പി. ജയചന്ദ്രനെകൊണ്ട് നിരവധി തവണ പാടിച്ചശേഷമാണ് അദ്ദേഹം ‘ഒ.കെ’ പറഞ്ഞത്’- ‘ദേവരാഗക്കാല’ത്തെ കുറിച്ച് എം.ഡി. രാജേന്ദ്രൻ പറയുന്നു. പെർഫക്ഷനുവേണ്ടിയുള്ള ഈ വാശി കീരവാണിയുടെ എല്ലാ പാട്ടിന്റെയും ആത്മാവിലലിഞ്ഞിട്ടുണ്ട്. ആദ്യം ഗോൾഡൻ ഗ്ലോബിലും ഇപ്പോൾ ഓസ്കറിലും ഇന്ത്യൻ അഭിമാനം നാട്ടിയ ‘നാട്ടു നാട്ടു’വിലും (ആർ.ആർ.ആർ-എസ്.എസ്. രാജമൗലി-2022) അങ്ങനെ തന്നെ. ആ ഗാനം ഇന്നത്തെ രൂപത്തിലാക്കാൻ രണ്ടര വർഷമാണ് കീരവാണി ചെലവഴിച്ചത്. സിനിമയുടെ ആശയം രാജമൗലിയുടെ മനസ്സിൽ വന്നപ്പോൾ മുതൽ തുടങ്ങുന്നു ‘നാട്ടു നാട്ടു’വിന്റെ പിറവി. വീറും വാശിയും ദേശീയബോധവും അഭിമാനബോധവും എല്ലാം ഇടകലരുന്ന ഈ ഗാനം ഒരു ആക്ഷൻ രംഗത്തിന്റെ പ്രാധാന്യത്തോടെയാണ് രാജമൗലി ആവിഷ്കരിച്ചത്. വരികളും താളവും ഈണവും ഓർക്കസ്ട്രേഷനുമൊക്കെ ചർച്ചയുടെ പല ഘട്ടങ്ങളിലും മാറിമാറി വന്നു.
രാജമൗലി ‘ഒ.കെ’ പറഞ്ഞിട്ടും കീരവാണിക്ക് ആത്മസംതൃപ്തിയായില്ല. ‘ഓരോ ഘട്ടവും ആവേശകരമായിരുന്നു. പല വേർഷനുകൾ പരീക്ഷിച്ചു. ഈണങ്ങൾ മാറിമാറി വന്നു. ആദ്യം ഇഷ്ടപ്പെട്ട ഈണം മാറ്റിയ ശേഷം വീണ്ടും അതിലേക്കുതന്നെ തിരികെ പോയി, പിന്നെയും മാറ്റി... അങ്ങനെയങ്ങനെ. ചിത്രീകരണത്തിനുശേഷവും പാട്ടിൽ മാറ്റം വരുത്തി. ചടുല ചലനങ്ങൾക്ക് ചേരുംവിധം ഗാനത്തിന്റെ രൂപഘടന പലയിടത്തും മാറി’-ആ ഗാനം ആലപിച്ച കീരവാണിയുടെ മകൻ കാലഭൈരവ (ഒപ്പം പാടിയത് രാഹുൽ സിപ്ലിഗുഞ്ച്) ‘നാട്ടുവിശേഷം’പറയുന്നത് ഇങ്ങനെ.
Love me for what I am...
കർണാടക സംഗീതത്തിലെ 21ാമത്തെ മേളകർത്താരാഗമാണ് കീരവാണി. ലാളിത്യവും സൗമ്യതയും സ്നേഹവുമെല്ലാം നിറഞ്ഞൊരു രാഗം. കൊഡൂരി മരഗതമണി കീരവാണിയെന്ന സിനിമ സംഗീതലോകത്തിന്റെ കീരവാണി ഗാരുവും ആ രാഗംപോലെ തന്നെയാണ് ജീവിതത്തിൽ. ഒരു തവണയെങ്കിലും അദ്ദേഹവുമായി സഹകരിച്ചവർക്ക് ഒരുപാടുകാലമായുള്ള ബന്ധം അനുഭവിപ്പിക്കുന്നയാളെന്ന് വിശേഷിപ്പിക്കുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട കൈതപ്രം ദാമോദരൻ നമ്പൂതിരി. സംഗീതത്തിനുവേണ്ടി മാത്രം ജീവിക്കുന്നൊരാൾ. അടുപ്പമുള്ളവർ സംഗീത സന്ന്യാസിയെന്ന് വിളിക്കും. സന്ന്യാസിയുടെയും സംഗീത സംവിധായകന്റെയും പാട്ടുകാരന്റെയുമൊക്കെ അംശം തന്നിലുണ്ടെന്ന് ചിരിയോടെ കീരവാണിയും സമ്മതിക്കും. താൻ എന്തൊക്കെയാണോ അതൊക്കെ ഉൾക്കൊണ്ടുതന്നെ സ്നേഹിച്ചു കൊള്ളാനും പറയും. ഓസ്കർ വേദിയിൽ കീരവാണി പരാമർശിച്ച ഇഷ്ട സംഗീത ബാൻഡായ ‘കാർപെന്റേഴ്സി’ന്റെയൊരു പാട്ടുപോലെ- Love me for what I am...
സംഗീതത്തെ സമീപിക്കുമ്പോഴെല്ലാം ഒരു സന്ന്യാസിയുടെ മനസ്സാണ് കീരവാണിക്ക്. ഈണമിടുമ്പോൾ ഹാർമോണിയത്തിന് മുകളിൽ മൂകാംബികയുടെയും വേളാങ്കണ്ണി മാതാവിന്റെയും ചിത്രങ്ങൾ വെക്കും. ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയിലെ ഒരു ശ്ലോകം ചൊല്ലിക്കൊണ്ടായിരിക്കും റെക്കോഡിങ് തുടങ്ങുക. റെക്കോഡിങ് അവസാനിപ്പിക്കുന്നതും അങ്ങനെ തന്നെ. ശങ്കരാചാര്യർ കഴിഞ്ഞാൽ പിന്നെ പ്രിയം ഓഷോ രജനീഷിന്റെയും ശിവാനന്ദ സ്വാമികളുടെയും തത്ത്വങ്ങളാണ്. ‘ജീവിതത്തെ കുറിച്ച് ശിവാനന്ദ സ്വാമികളുടെയും ഓഷോയുടെയും കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ്. ആദ്യത്തെയാൾ ലക്ഷ്യത്തെ കുറിച്ചും മറ്റേയാൾ മാർഗത്തെ കുറിച്ചുമാണ് പറയുന്നത്. ഈ രണ്ടു സമീപനങ്ങളും ഉൾക്കൊണ്ടാണ് ഞാൻ ജീവിതത്തെ സമീപിക്കുന്നത്’ -കീരവാണിയുടെ വാക്കുകൾ. ജോൺ വില്യംസും നുസ്രത്ത് ഫതേഹ് അലി ഖാനുമാണ് കീരവാണിയെ സ്വാധീനിച്ച കമ്പോസർമാർ. ടോളിവുഡിൽ ലൈൻ പ്രൊഡ്യൂസറാണ് ഭാര്യ എം.എം. ശ്രീവള്ളി. ഗായകൻ കാലഭൈരവ കൂടാതെ ഒരു മകൻ കൂടിയുണ്ട് കീരവാണിക്ക്. ‘മതു വതലറ’ എന്ന സിനിമയിലൂടെ ആക്ഷൻ ഹീറോ ആയ നടൻ ശ്രീസിംഹകോഡൂരി.
Yesterday once more...
ഈണങ്ങൾ മാറ്റി കമ്പോസ് ചെയ്യുന്നത് വെല്ലുവിളിയായി തോന്നാത്തതിന് കീരവാണി നന്ദി പറയുന്നത് ഗാനരചയിതാവും തിരക്കഥാകൃത്തുമായ അച്ഛൻ ശിവശക്തിദത്തയോടാണ്. ‘ചെറുപ്പം മുതൽ ഒരേ പാട്ടിനുവേണ്ടി വ്യത്യസ്തമായ ഈണങ്ങൾ അദ്ദേഹം എന്നെ കൊണ്ട് കമ്പോസ് ചെയ്യിക്കുമായിരുന്നു. അതാസ്വദിച്ച് തുടങ്ങിയതോടെ എനിക്കതൊരു ലഹരിയായി. സംഗീതത്തിലും ജീവിതത്തിലും വ്യത്യസ്ത പുലർത്താൻ എനിക്ക് പ്രചോദനമായത് ഈ അനുഭവങ്ങളാണ്’ -കീരവാണി പറയുന്നു. ചെറുപ്പത്തിൽ റേഡിയോ സംഗീത പരിപാടിയായ ‘ബിനാക്ക ഗീത് മാല’കേട്ടാണ് കീരവാണി പാട്ടുകളുടെ ലോകത്തിലെത്തുന്നത്. മദൻ മോഹൻ, റോഷൻ, ഒ.പി. നയ്യാർ തുടങ്ങിയവരുടെ ഈണങ്ങളുടെ അനുഭൂതി നുകർന്ന് സംഗീതം മാത്രം സ്വപ്നം കണ്ടിരുന്നൊരു കുട്ടിയായി കീരവാണി തന്നെ പലയിടത്തും അടയാളപ്പെടുത്തിയിട്ടുണ്ട്. അച്ഛൻ കഴിഞ്ഞാൽ പിന്നെ കീരവാണിക്ക് കടപ്പാട് സംഗീത സംവിധായകൻ രാജാമണിയോടാണ്. രാജാമണിയെ ഒരിക്കൽ കണ്ടപ്പോൾ ചരൽ മണ്ണാണെന്നുപോലും നോക്കാതെ കാലിൽ വീണ് നമസ്കരിച്ച കീരവാണിയുടെ ഗുരുഭക്തി സിനിമ മേഖലയിൽ ഏറെ പ്രശസ്തമാണ്. ഗിറ്റാറിസ്റ്റ് സുരേഷ് ബാലാറാം ആണ് കീരവാണിക്ക് രാജാമണിയെ പരിചയപ്പെടുത്തി കൊടുക്കുന്നത്. സംഗീത സംവിധായകൻ ചിദംബരനാഥിന്റെ മകനായ രാജാമണി അന്ന് തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ ഓർക്കസ്ട്ര കണ്ടക്ടറും പശ്ചാത്തല സംഗീത വിദഗ്ധനുമാണ്. അദ്ദേഹത്തിന്റെ സഹായിയായതോടെ കമ്പോസിങ്ങിന്റെയും ഓർക്കസ്ട്രേഷന്റെയും അനന്ത സങ്കേതങ്ങളും സാധ്യതകളും കീരവാണിക്ക് മുന്നിൽ തുറക്കപ്പെട്ടു. തുടക്കക്കാലത്ത് തെലുഗു സംഗീത സംവിധായകൻ കെ. ചക്രവർത്തിയുടെയും മലയാളത്തിലെ എം.ജി. രാധാകൃഷ്ണൻ, കണ്ണൂർ രാജൻ, കോട്ടയം ജോയ് തുടങ്ങിയവരുടെയും സഹായിയായിരുന്നു കീരവാണി. സ്വതന്ത്ര സംഗീത സംവിധായകൻ ആയ ശേഷവും രാജാമണിക്കുവേണ്ടി ഓർക്കസ്ട്ര നിയന്ത്രിക്കാൻ കീരവാണി എത്തിയിരുന്നു. 1990ൽ ‘കൽക്കി’ എന്ന സിനിമയിലൂടെ സ്വതന്ത്ര സംഗീത സംവിധായകൻ ആയെങ്കിലും അത് പുറത്തിറങ്ങിയില്ല. അതേവർഷം മൗലി സംവിധാനം ചെയ്ത ‘മനസു മമത’യിലെ ഗാനങ്ങളിലൂടെയാണ് കീരവാണി ശ്രദ്ധിക്കപ്പെട്ടത്. 1991ൽ റാം ഗോപാൽ വർമ സംവിധാനം ചെയ്ത ‘ക്ഷണാ ക്ഷണം’ സിനിമയിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റുകളായതോടെ തെലുഗു, മലയാളം, തമിഴ്, കന്നട, ഹിന്ദി ഭാഷകളിൽ കീരവാണിക്ക് തിരക്കേറി. പാട്ടുകളിലെ വ്യത്യസ്തത കീരവാണിയുടെ പേരിലുമുണ്ടായി. തമിഴിൽ മമ്മൂട്ടി ചിത്രമായ ‘അഴകൻ’ അടക്കമുള്ള ഹിറ്റുകൾ ചെയ്തപ്പോൾ പേര് മരഗതമണി എന്നായിരുന്നു. ഹിന്ദിയിൽ എം.എം. ക്രീം എന്ന പേരിൽ ചെയ്ത ‘ജിസം’ (ചലോ തുംകോ ലേകർ ചലേ, ജാദു ഹേ നഷാ ഹേ), ‘ക്രിമിനൽ’ (തൂ മിലേ ദിൽ ഖിലേ),‘സുർ’ (ആഭിജാ) തുടങ്ങിയ സിനിമകളിലെ പാട്ടുകളെല്ലാം മെലഡിയുടെ വസന്തകാലം തീർത്തവയാണ്.
Close to you...
ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കേരളവുമായി തനിക്ക് ദശാബ്ധങ്ങൾ നീളുന്ന ബന്ധമുണ്ടെന്ന് എപ്പോഴും പറയും കീരവാണി. ഐ.വി. ശശി സംവിധാനം ചെയ്ത ‘നീലഗിരി’യിലൂടെ 1991ലാണ് മലയാളവുമായുള്ള കീരവാണിയുടെ ബന്ധം തുടങ്ങുന്നത്. നിർമാതാവ്
കെ.ആർ.ജിയുടെ ക്ഷണപ്രകാരമാണ് അപരിചിതമായ ഭാഷയുടെ വെല്ലുവിളി സ്വീകരിക്കുന്നത്. പക്ഷേ, പി.കെ. ഗോപിയുടെ ലാളിത്യമാർന്ന വരികൾ കേട്ടതോടെ മലയാളത്തോടുള്ള അപരിചിതത്വം മാറിയെന്ന് കീരവാണി പറയുന്നു. ‘തുമ്പി നിൻ മോഹം’എന്ന ആദ്യ പാട്ടിലൂടെ തന്നെ മലയാളത്തെ ഹൃദയത്തോട് ചേർത്തുവെച്ചു. ‘കിളിപാടുമേതോ’, ‘മേലേ മാനത്തെ തേര്’, ‘മഞ്ഞുവീണ പൊൻതാരയിൽ’ എന്നീ ‘നീലഗിരി’യിലെ ഗാനങ്ങളൊക്കെ കീരവാണിയിലെ സംഗീത മാന്ത്രികനെ മലയാളിക്ക് പരിചയപ്പെടുത്തി. തൊട്ടടുത്ത വർഷം ‘സൂര്യമാനസ’ത്തിനു (സംവിധാനം വി.ജി. തമ്പി) വേണ്ടി കൈതപ്രവുമായി ചേർന്നൊരുക്കിയ ‘തരളിതരാവിൽ മയങ്ങിയോ സൂര്യമാനസം’ ഭാഷക്ക് അതീതമായി മനുഷ്യ മനസ്സിനെ കീഴടക്കുന്ന ‘കീരവാണി മാജിക്കി’ന്റെ ഏറ്റവും മികച്ച ഉദാഹരണമായി. പിന്നീട് ഭരതനെന്ന മാന്ത്രികൻ കൂടി ചേർന്നതോടെ ‘ദേവരാഗ’ത്തിലെ പാട്ടുകളെല്ലാം എന്നും മലയാളി ഏറ്റുപാടുന്നവയായി. തന്റെ മലയാളം പാട്ടുകൾക്കെല്ലാം കേരളീയാംശമുണ്ടെന്ന് പ്രശംസിക്കുന്നവരോട് അതിന്റെ ക്രെഡിറ്റ് അവ എഴുതിയവർക്ക് അവകാശപ്പെട്ടതാണെന്നാണ് കീരവാണി പറയുക. ‘ദേവരാഗ’ത്തിനുശേഷം കെ. ജയകുമാറിന്റെ വരികൾക്ക് ഈണം നൽകി ‘സ്വർണചാമര’ത്തിനുവേണ്ടി ‘ഒരു പോക്കുവെയിലേറ്റ പോലെ’ എന്ന ഗാനമടക്കമുള്ളവ കീരവാണി സൃഷ്ടിച്ചെങ്കിലും ആ സിനിമ പാതിവഴിയിൽ മുടങ്ങി. 1999ൽ ഷിബു ചക്രവർത്തിക്കൊപ്പം ചെയ്ത ‘പുന്നാരംകുയിൽ’ എന്ന സിനിമയും പുറത്തിറങ്ങിയില്ല. ജയചന്ദ്രനും ചിത്രയും പാടിയ ‘ഇന്നലെ പെയ്ത മഴത്തുള്ളികൾ’ക്കുപുറമേ കീരവാണി തന്നെ ശബ്ദം നൽകിയ ‘പവിഴമുന്തിരി തളിർത്തുവല്ലോ’, ‘അദ്വൈതാമൃത’(യേശുദാസിനൊപ്പം) എന്നീ പാട്ടുകളും ഈ സിനിമയിലുണ്ടായിരുന്നു. 1995ൽ ‘മാണിക്യ ചെമ്പഴുക്ക’ എന്ന സിനിമക്കുവേണ്ടി ഷിബു ചക്രവർത്തി എഴുതി രാജാമണി സംഗീതം നൽകിയ ‘മാനത്തെങ്ങാണ്ടും’ എന്ന പാട്ട് പാടിയതും കീരവാണിയാണ്. പിന്നീട് ‘ഹേയ് ഹീറോ’, ‘ബാഹുബലി’, ‘ആർ.ആർ.ആർ’ പോലുള്ള ഡബ്ബിങ് സിനിമകളിലൂടെയാണ് കീരവാണിയുടെ സംഗീതം മലയാളിയെ തേടിയെത്തിയത്. ജോണി സാഗരിക നിർമിക്കുന്ന ഒരു സിനിമക്കുവേണ്ടി ശ്രീകുമാരൻ തമ്പിയും കീരവാണിയും ചേർന്ന് അഞ്ച് പാട്ടുകൾ സൃഷ്ടിച്ചിരുന്നു. കോവിഡ് കാലത്ത് നിർത്തിവെച്ച ഈ സിനിമയുടെ ജോലികൾ ഉടൻ
പുനരാരംഭിക്കുമെന്ന വാർത്ത ഏറെ
ആവേശത്തോടെയാണ് കീരവാണിയുടെ ആരാധകർ സ്വീകരിച്ചത്.
I won’t last a day without you
2023ൽ പത്മശ്രീ നൽകി രാജ്യം കീരവാണിയെ ആദരിച്ചിരുന്നു. 1998ൽ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരം, എട്ട് ഫിലിം ഫെയർ അവാർഡുകൾ, 11 നന്ദി അവാർഡുകൾ, ലഫ്ക അവാർഡ്, ക്രിട്ടിക്സ് ചോയ്സ് മൂവി അവാർഡ് തുടങ്ങിയവയും നേടിയിട്ടുണ്ട്. ഓസ്കർലബ്ധിക്കുശേഷം വലിയൊരു സമ്മാനം കഴിഞ്ഞ ദിവസമാണ് കീരവാണിയെ തേടിയെത്തിയത്. പ്രിയപ്പെട്ട ബാൻഡായ ‘കാർപന്റേഴ്സി’ന്റെ സ്രഷ്ടാക്കളിലൊരാളായ റിച്ചാർഡ് കാർപന്ററിന്റെ ഗാനാഭിനന്ദനം. കീരവാണിക്കും ആർ.ആർ.ആർ ടീമിനുമുള്ള അഭിനന്ദനം ‘കാർപന്റേഴ്സിന്റെ’ പ്രശസ്ത ഗാനം ‘ഓൺ ടോപ് ഓഫ് ദി വേൾഡി’ന്റെ റീ ഇമാജിൻഡ് വേർഷൻ ആയാണ് റിച്ചാർഡും കുടുംബവും സമർപ്പിച്ചത്. ഓസ്കർ വേദിയിൽ ഈ പാട്ടിന്റെ ഈണത്തിലാണ് കീരവാണി സന്തോഷം പങ്കുവെച്ചത്. ഓസ്കർ നേടുന്നതിന് മുമ്പും ശേഷവും ശാന്തനായിരുന്ന കീരവാണി ഈ സമ്മാനം വളരെ വികാരഭരിതനായാണ് ഏറ്റുവാങ്ങിയത്. ‘ഇതു ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല.
സന്തോഷത്താൽ എനിക്ക് കണ്ണീർ അടക്കാനാകുന്നില്ല. ഈ പ്രപഞ്ചത്തിൽ ഇതിനേക്കാൾ മികച്ചൊരു സമ്മാനം എനിക്കിനിയെന്ത്?’- കീരവാണിയുടെ പ്രതികരണം ഇതായിരുന്നു. സ്വപ്നം കണ്ടതെല്ലാം സമ്മാനിച്ച സംഗീതത്തോട് കീരവാണിക്ക് പറയാനുള്ളതും ഒരുപക്ഷേ, ‘കാർപന്റേഴ്സിന്റെ’ വരികളായിരിക്കും... ‘ഐ വോണ്ട് ലാസ്റ്റ് എ ഡേ വിത്തൗട്ട് യു...’ (നീയില്ലാതൊരുനാൾ പോലും
ഞാനില്ല). l