മൂന്ന് മണിക്കൂർ വൈകിയെത്തി, പിന്നീട് പൊട്ടിക്കരഞ്ഞു: അഭിനയം വേണ്ടെന്ന് നേഹ കക്കറിനോട് ആരാധകർ
text_fieldsസംഗീതപരിപാടിക്കിടെ വേദിയിൽ പൊട്ടിക്കരഞ്ഞ് ബോളിവുഡ് ഗായിക നേഹ കക്കർ. മെൽബണിൽ നടന്ന സ്റ്റേജ് ഷോക്കിടെയായിരുന്നു സംഭവം. മൂന്ന് മണിക്കൂർ വൈകിയാണ് ഗായിക സംഗീത പരിപാടിക്കെത്തിയത്. തുടർന്ന് കാണികളുടെ പ്രതികരണം കണ്ട് വികാരാധീനയാവുകയായിരുന്നു. വൈകി വന്നതിന് നേഹ കാണികളോട് ക്ഷമാപണം നടത്തി.
'പ്രിയപ്പെട്ട സുഹൃത്തുക്കളേ, നിങ്ങൾ എന്നെ ക്ഷമയോടെ കാത്തിരുന്നു. ഞാന്‍ കാരണം ഒരാള്‍ കാത്തിരിക്കുക എന്ന് പറയുന്നത് എനിക്ക് ഇഷ്ടമല്ലാത്ത കാര്യമാണ്. ഇവിടെ അങ്ങനെ സംഭവിച്ചതിൽ ഞാന്‍ ഖേദിക്കുന്നു. എന്നെ ഇത്രയും കാത്തിരുന്ന നിങ്ങളെ സന്തോഷിപ്പിക്കാതെ എനിക്ക് ഈ വേദി വിടാന്‍ പറ്റില്ല'- നേഹ കക്കർ പറഞ്ഞു.
സദസിലെ ചിലർ നേഹയെ ആശ്വസിപ്പിക്കാൻ ആർപ്പുവിളിക്കുകയും കൈയടിക്കുകയും ചെയ്തപ്പോൾ, മറ്റ് ചിലര്‍ കോപാകുലരായി പ്രതികരിക്കുന്നതും വിഡിയോയിൽ കാണാം.
വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി. നേഹയെ ആശ്വസിപ്പിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയത്. വളരെ നല്ല അഭിനയം. ഇത് ഇന്ത്യൻ ഐഡൽ അല്ല. നിങ്ങൾ കുട്ടികളുമായി പെർഫോം ചെയ്യുന്ന പോലെ അല്ല എന്നാണ് ഒരാള്‍ വിഡിയോയില്‍ കമന്‍റിട്ടത്. ഇതൊക്കെ നേഹയുടെ അഭിനയമാണെന്നും, തെറ്റ് മനസിലാക്കി മാപ്പ് പറഞ്ഞ നേഹ ബഹുമാനം അർഹിക്കുന്നുവെന്നും പ്രതികരണങ്ങൾ വേറെ.