‘‘ഓളം തീർക്കാൻ മാളോരേ കൂടെപ്പാടാൻ വാ...’’
text_fieldsലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികളുടെ ചുണ്ടിൽ ഇപ്പോൾ തത്തിക്കളിക്കുന്നത് ഈ വരികളാണ്. വള്ളംകളിയുടെ പ്രചാരണത്തിനായി നെഹ്റു ട്രോഫി ബോട്ട് റേസ് സുവനീർ കമ്മിറ്റി പുറത്തിറക്കിയ ഓളപ്പോര് എന്ന മുദ്രഗീതം.
പ്രകാശനംചെയ്ത് മണിക്കൂറുകൾ കൊണ്ടുതന്നെയിത് തരംഗമായി മാറി. ലക്ഷ്മി ഗോപാലസ്വാമി, ഭാമ അടക്കമുള്ള ചലച്ചിത്ര-സംഗീതലോകത്തെ അനവധി പ്രമുഖർ ഈ ഗാനം നവമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ആയിരക്കണക്കിന് സോഷ്യൽ മീഡിയ പേജുകളിൽ ഇത് നിറയുകയാണ്. ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം ഈ ഗാനം കണ്ടത്.
‘ധ്രുതതാളഗതിവേഗ സമ്മോഹനം
ഹൃദന്തത്തിൽ ധിമിമേളം ആന്ദോളനം
മമനാടിൻ ദ്യുതിയാർന്ന നടനോത്സവം
ഇത് തോയേ തീയാളും അതിപോർമുഖം’
എന്നുതുടങ്ങുന്ന ജയൻ തോമസ് എഴുതിയ വരികൾക്ക് ഈണം പകർന്നത് യുവസംഗീത സംവിധായകരിൽ ശ്രദ്ധേയനായ ആലപ്പുഴക്കാരൻ കൂടിയായ ഗൗതം വിൻസന്റാണ്. ഗൗതം ഇത് നാലാംവർഷമാണ് വള്ളംകളിയുടെ ഒഫീഷ്യൽ തീം സോങ് ഒരുക്കുന്നത്. കഴിഞ്ഞ രണ്ടുവർഷമായി വള്ളംകളിയുടെ ഔദ്യോഗിക മുദ്രഗീതം ഒരുക്കുന്നത് ജയൻ തോമസ്-ഗൗതം വിൻസന്റ് കൂട്ടുകെട്ടാണ്. ചലച്ചിത്ര പിന്നണിഗായിക അമൃത സുരേഷിന്റെ ആലാപനവും കൂടിയായപ്പോൾ ഈ പാട്ട് വേറിട്ട സംഗീതാനുഭവമായി മാറുകയാണ്.
ആദ്യമായാണ് സ്ത്രീശബ്ദത്തിൽ വള്ളംകളിയുടെ ഒഫീഷ്യൽ സോങ് പുറത്തിറങ്ങുന്നത് എന്ന പ്രത്യേകതയും ഓളപ്പോരിനുണ്ട്. ആലപ്പുഴയുടെ ജീവിതവും കുട്ടനാടിന്റെ സൗന്ദര്യവും വള്ളംകളിയുടെ ആവേശവും മുഴുവൻ ഒപ്പിയെടുത്ത് സിനിമ പ്രവർത്തകൻ അരുൺ തിലകൻ പാട്ടിന് ദൃശ്യചാരുതയുള്ള വിഡിയോയും ഒരുക്കിയിട്ടുണ്ട്. ആലപ്പുഴയുടെ ജല മഹോത്സവ പാട്ടിന്റെ അണിയറയിൽ വയലിനിലെ അതുല്യപ്രതിഭ വേദമിത്ര, ചലച്ചിത്ര രംഗത്തെ ശ്രദ്ധേയനായ എഡിറ്റർ സാഗർദാസ് തുടങ്ങി പ്രമുഖരുടെ നിരയാണ് പ്രവർത്തിച്ചത്.
പുറത്തിറങ്ങി മണിക്കൂറുകൾക്കകം നവമാധ്യമങ്ങളിലാകെ പുതുതരംഗം തീർത്ത ഈ ഗാനം യൂടൂബിൽ ‘ഓളപ്പോര്’ എന്ന് തിരഞ്ഞാൽ കാണാം.
‘ഇഞ്ചോടിഞ്ചായ് പോരിൻ വീറിനിതെന്തൊരു ചേലാണ്
ആരാ മുന്നിൽ ആരിത് നേടും
ജലരാജാവ് ആര്’
കുട്ടനാടൻ ജനതയുടെയും വള്ളംകളി പ്രേമികളുടെയുമെല്ലാം വീറും വാശിയും ആവേശമാകെ ഉൾച്ചേർത്ത് ഗാനം രചിച്ച ജയൻ തോമസ് മൂന്ന് തവണ ആര്യാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ബ്ലോക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ ചുമതലകൾ നിർവഹിച്ച സജീവ പൊതുപ്രവർത്തകനും കവിയും നാടകകാരനുമാണ്. ബ്ലോക്ക് പ്രസിഡന്റായിരിക്കെ കേരളോത്സവം നാടകമത്സരത്തിൽ പങ്കെടുത്ത് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പൂങ്കാവ് ചുള്ളിക്കൽ തോമസ്-ജൈനമ്മ ദമ്പതികളുടെ മകനാണ്. പഞ്ചായത്ത് വകുപ്പിലെ ജീവനക്കാരി ബോബി മോളാണ് ഭാര്യ. മക്കൾ: റിയ ജയിൻ, ക്രിസ് വിൻ ജോൺ.