ഒഡിയ ഗായിക ഗീത പട്നായിക് അന്തരിച്ചു
text_fieldsപ്രശസ്ത ഒഡിയ ഗായിക ഗീത പട്നായിക് (73) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് കട്ടക്കിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ വ്യാഴാഴ്ച ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് ഗീത പട്നായികിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ ഭുവനേശ്വറിലെ കാപിറ്റൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ അവർക്ക് മസ്തിഷ്കാഘാതം സംഭവിച്ചതായി സ്ഥിരീകരിച്ചു. ആരോഗ്യനില വഷളായതിനെത്തുടർന്ന് കട്ടക്കിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
ഒഡീഷയിലെ സംഗീത മേഖലക്ക് നികത്താനാവാത്ത നഷ്ടമാണ് ഗീത പട്നായികിന്റെ വേർപാട്. ദശകങ്ങളോളം ഒഡിയ സംഗീത ശാഖയിൽ സജീവമായിരുന്ന അവർക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സംഗീത ജീവിതത്തില്‍ ഒഡിയ സംഗീത ഇതിഹാസം അക്ഷയ മൊഹന്തിക്കൊപ്പം പാടിയ പാട്ടുകളിലൂടെയാണ് ഗീത പട്‌നായിക് ഏറെ ശ്രദ്ധിക്കപ്പെട്ടത്. നിരവധി പ്രമുഖർ അവരുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി.
ഒഡീഷയിലെ പ്രശസ്തമായ ഒരു സംഗീത കുടുംബത്തിലാണ് ഗീത പട്നായിക് ജനിച്ചത്. ചെറുപ്പം മുതലേ ക്ലാസിക്കൽ സംഗീതത്തിൽ പരിശീലനം നേടിയ അവർ, വളരെ വേഗത്തിൽ തന്നെ ഒഡിയ സംഗീത ശാഖയിൽ തന്റെ ഇടം കണ്ടെത്തി. ആകാശവാണിയിലും ദൂരദർശനിലും അവർ സജീവമായിരുന്നു. ഒഡീഷയിലെ ഒട്ടുമിക്ക വീടുകളിലും മുഴങ്ങിക്കേൾക്കുന്ന ജഗന്നാഥ ഭക്തിഗാനങ്ങളിലൂടെയാണ് ഗീത പ്രശസ്തയായത്. നിരവധി ഒഡിയ ചലച്ചിത്രങ്ങളിലും ആൽബങ്ങളിലും അവർ പാടിയിട്ടുണ്ട്. ലളിത സംഗീതം, സുഗമ സംഗീതം എന്നിവയിലായിരുന്നു ഗീതക്ക് കൂടുതൽ താല്പര്യം. ശാസ്ത്രീയ സംഗീതത്തിലുള്ള അറിവ് ഒഡീസി നൃത്ത രൂപങ്ങൾക്കായുള്ള സംഗീതാലാപനത്തിലും അവർ പ്രയോജനപ്പെടുത്തിയിരുന്നു.


