പോപ് ഗായിക കോണി ഫ്രാൻസിസ് അന്തരിച്ചു
text_fieldsലോസ് ആഞ്ജലസ്: അമ്പതുകളിലും അറുപതുകളിലും ലോകത്ത് തരംഗം സൃഷ്ടിക്കുകയും പിന്നീട് ജീവിത ദുരന്തങ്ങളിൽപെട്ട് മാനസിക വിഭ്രാന്തിയിൽവരെ എത്തുകയും ചെയ്ത അമേരിക്കൻ പോപ് ഗായികയും ചലച്ചിത്രതാരവുമായ കോണി ഫ്രാൻസിസ് നിര്യാതയായി.
കൺസെറ്റോ റോസ മരിയ ഫ്രാങ്കോനീറോ എന്നാണ് യഥാർഥ പേര്. ബീറ്റിൽസിനുമുമ്പ് ലോകത്തെ ഏറ്റവും പ്രശസ്തയായ ഗായികയായിരുന്നു കോണി ഫ്രാൻസിസ്.
അന്നത്തെ യുവാക്കളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിച്ച ഗാനങ്ങളായിരുന്നു ലോകത്തെ മിക്ക രാജ്യങ്ങളിലും അവരെ പ്രശസ്തയാക്കിയത്. ടോപ് 20ൽ എത്തിയ അനേകം ഗാനങ്ങളായിരുന്നു അവർക്കുണ്ടായിരുന്നത്.
ഹൂ ഈസ് സോറി നൗ, ഡോൺട് ബ്രേക്ക് ദ ഹാർട്ട് ദാറ്റ് ലവ്സ് യു, ദ ഹാർട്ട് ഹാസ് എ മൈന്റ് ഓഫ് ഇറ്റ്സ് ഓൺ തുടങ്ങിയ ഗാനങ്ങൾ എല്ലാകാലത്തും ഓർക്കപ്പെടുന്നവയാണ്. നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള ഗായിക എൺപത്തിയേഴാം വയസ്സിലാണ് വിടവാങ്ങിയത്.
1937 ഡിസംബർ 12ന് നെവാക്കിൽ ജനിച്ച കോണി എം.ജെ.എം റെക്കോഡ്സിനുവേണ്ടി ആദ്യ ആൽബത്തിന്റെ കോൺട്രാക്ട് ഒപ്പിടുമ്പോൾ പ്രായം വെറും പതിനേഴേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് നിരവധി ടി.വി ഷോകളിൽ പ്രത്യക്ഷപ്പെട്ടു.
അവരുടെ തന്നെ ഗാനങ്ങളുടെ ഇറ്റാലിയൻ, സ്പാനിഷ് പതിപ്പുകൾ പാടി പുറത്തിറക്കിയതോടെ ലോകമെങ്ങും അംഗീകരിക്കുന്ന ഗായികയായി മാറി ഫ്രാൻസിസ്.