കുട്ടിക്കാലത്ത് വിശപ്പകറ്റാൻ ഭജനുകൾ പാടി നടന്നു; ഇപ്പോൾ ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന ഗായിക -നേഹ കക്കർ എന്ന ഗായികയുടെ ജീവിതം
text_fieldsകുട്ടിക്കാലത്ത് ദാരിദ്ര്യത്തിൽ വളർന്ന് പിന്നീട് സമ്പന്നരായി മാറുന്നതും നിരക്ഷരനായ മനുഷ്യൻ കഠിനാധ്വാനത്തിലൂടെ വലിയ വ്യവസായിയായി മാറുന്നതുമായ നിരവധി കഥകൾ നമ്മൾ സിനിമകളിൽ കണ്ടിട്ടുണ്ടാകും. അമിതാഭ് ബച്ചന്റെ സൂര്യവംശം അത്തരമൊരു സിനിമയാണ്. നിരക്ഷരനായ മനുഷ്യൻ കഠിനാധ്വാനത്തിലൂടെ കോടീശ്വരനായ വ്യവസായിയായി മാറുന്നതാണ് സിനിമയുടെ ഇതിവൃത്തം. സിനിമാറ്റിക് ഫാന്റസികളായ അത്തരം കഥകൾ സ്ത്രീനിന് പുറത്തും സംഭവിക്കുമെന്നതിന്റെ ഉദാഹരണമാണ് നേഹ കക്കർ എന്ന ഒരുപാട്ടിന് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് ഗായികയുടെ ജിവിതം.
ഋഷികേശിലെ ഒരു സാധാരണ കുടുംബത്തിലാണ് നേഹ ജനിച്ചത്. നേഹക്ക് നാലുവയസായപ്പോൾ കുടുംബം ഡൽഹിയിലേക്ക് താമസം മാറി. അന്നന്നത്തെ അന്നം കണ്ടെത്തുന്നതിനായി അവർ സംഗീത പരിപാടികൾ നടത്താൻ തുടങ്ങി. കൂടുതലും ഭജൻ ആയിരുന്നു പാടിയിരുന്നത്. സംഗീതത്തിൽ ഔപചാരിക പരിശീലനമൊന്നും നേഹക്ക് ലഭിച്ചിരുന്നില്ല. ഇത്തരം ഭക്തിഗാന പരിപാടികളായിരുന്നു ഗായികയെ വളർത്തിയത്.
നാലുവയസുള്ളപ്പോൾ തൊട്ട് താൻ പാടിത്തുടങ്ങിയിരുന്നതാണ് നേഹ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. അന്നുതൊട്ട് പാട്ട് നിർത്തിയതേയില്ല. എല്ലാ ദിവസവും രാവിലെ തൊട്ട് തുടങ്ങും ആ കുടുംബത്തിന്റെ പാട്ടുപരിപാടികൾ. ചിലപ്പോൾ ആളുകൾ അവരെ കണ്ടില്ലെന്ന് നടിച്ചങ്ങ് കടന്നുപോകും. പലപ്പോഴും കലാപരിപാടികൾ മണിക്കൂറുകൾ നീണ്ടുപോകുന്നതിനാൽ നേഹക്ക് കൃത്യമായ സ്കൂളിൽ പോകാനും സാധിക്കുമായിരുന്നില്ല.
കുടുംബത്തിന്റെ സാമ്പത്തിക കഷ്ടപ്പാട് മാറിയില്ല. നേഹയുടെ പിതാവ് സമൂസ വിൽക്കാൻ പോകുമായിരുന്നു. ദീദിയുടെ കോളജിനടുത്ത് പിതാവ് സമൂസ വിറ്റിരുന്ന ആ കാലം ജീവിതത്തിൽ നിന്ന് ഒരിക്കലും മായ്ച്ചു കളയാൻ ആവില്ലെന്നും നേഹ കക്കർ പറയുകയുണ്ടായി.
16ാം വയസിൽ ഇന്ത്യൻ ഐഡൽ സംഗീത റിയാലിറ്റി ഷോ മത്സരത്തിൽ പങ്കെടുക്കാനായി നേഹ മുംബൈയിലെത്തി. ആ തീരുമാനമാണ് അവരുടെ ജീവിതത്തിലെ നിർണായക നിമിഷം. റിയാലിറ്റി ഷോയിലെ വിജയിയായില്ലെങ്കിലും നേഹ എന്ന ഗായികയെ ആളുകൾ തിരിച്ചറിഞ്ഞു. ഇത്തവണ ഷോയിലെ ജഡ്ജിങ് പാനലിലും നേഹയുണ്ട്. ഈ ജഡ്ജിങ് പാനലിരുന്ന് പണ്ടത്തെ ആത്മവിശ്വാസം കുറഞ്ഞ ആ കുഞ്ഞു നേഹയെ തനിക്ക് കാണാമെന്നും അവർ പറയുന്നു. നിധി കക്കർ–ഋഴികേശ് കക്കർ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയായി 1988 ലാണ് നേഹയുടെ ജനനം.
താനൊരിക്കലും സംഗീതം ഔപചാരികമായി പഠിച്ചിട്ടില്ലെന്ന് നേഹ പറയുന്നു. സർഗം എന്നാൽ എന്താണെന്ന് പോലും അറിയില്ല. ഭർത്താവ് രോഹൻപ്രീത് സിങ് ആണ് നേഹയെ സംഗീതം പഠിപ്പിക്കുന്നത്. അദ്ദേഹം പരിശീലനം സിദ്ധിച്ച സംഗീതജ്ഞനാണ്. ആളുകൾ പാടുന്നത് ശ്രദ്ധിച്ച് പാട്ടു പാടുകയായിരുന്നു നേഹ ചെയ്തിരുന്നത്.
കുട്ടിക്കാലത്തെ ഭക്തിഗാനങ്ങളാണ് തന്റെയുള്ളിലെ ഗായികയെ വളർത്തിയതെന്നും അവർ പറയുന്നു. ഇന്ത്യൻ ഐഡലിൽ പാടിയിട്ടും അവസരങ്ങൾക്കായി നേഹ സംഗീത സംവിധായകരുടെ പിന്നാലെ പോയില്ല. 2008 ൽ ‘മീരഭായ് നോട്ട് ഔട്ട്’ എന്ന ചിത്രത്തിനു വേണ്ടി കോറസ് പാടിയാണ് നേഹ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അവസരം കിട്ടിയപ്പോൾ പാടിയ പാട്ടുകളെല്ലാം ഹിറ്റുകളായി.
2012ൽ കോക്ടെയിൽ സിനിമയിൽ പാടിയ സെക്കന്റ് ഹാന്റ് ജവാനി എന്ന പാട്ടാണ് നേഹയുടെ കരിയറിലെ ആക ഹിറ്റ്. ആ പെട്ടെന്ന് വൈറലായി. പിന്നീടങ്ങോട്ട് ഒരുപാട് അവസരങ്ങൾ ലഭിച്ചു. ഒരുകാലത്ത് നിന്ന് തിരിയാൻ ഇടമില്ലാത്ത വിധത്തിലുള്ള തിരക്കായിരുന്നു. വിദേശത്തും സ്വദേശത്തുമായി നിരവധി ഷോകൾ. സ്വസ്ഥമായി ശ്വാസമെടുക്കാൻ പോലും കഴിയാതിരുന്ന ഒരവസ്ഥ.-നേഹ ഓർക്കുന്നു.
നടൻ ഹിമാൻഷ് കോഹ്‍ലിയുമായുള്ള പ്രണയബന്ധം തകർന്നപ്പോൾ വിഷാദത്തിലേക്ക് വീണിട്ടുണ്ട്. തൈറോയ്ഡും ആങ്സൈറ്റിയുമടക്കം ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഒന്നിനു പിറകെ ഒന്നായി വന്നു. കരിയറിലെ നേട്ടങ്ങൾക്ക് നേഹ നന്ദി പറയുന്നത് തന്റെ കുടുംബത്തിനും പങ്കാളിയായ രോഹനുമാണ്. നേഹയുടെ സഹോദരങ്ങളായ സോനു കക്കറും ടോണി കക്കറും ഗായകരാണ്.