ഷാൻ ഫോർ മ്യൂസിക്ക്
text_fieldsസംഗീതം എല്ലാവർക്കും പ്രാപ്യമാകുകയെന്ന കാഴ്ചപ്പാടിലൂന്നിയുള്ള ‘മ്യൂസിക് ഫോർ ഓൾ’ എന്ന സമഗ്ര സംഗീത പാഠ്യപദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഷാൻ റഹ്മാൻ മ്യൂസിക് കൺസർവേറ്ററി. ഷാൻ സംസാരിക്കുന്നു
ഷാൻ റഹ്മാൻ പിയാനോയുടെ കട്ട ഫാൻ ആകുന്നത് റാസൽഖൈമ ഇന്ത്യൻ ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ്. കരാട്ടേ ആണ് തന്നെ സംഗീതത്തിലെത്തിച്ചതെന്ന് ഷാൻ കളിയായ് പറയും. കാരണം, ഷാൻ ആദ്യം ചേർന്നത് കരാട്ടേ ക്ലാസിലാണ്. ഒറ്റ ‘കിക്കി’ൽ തന്നെ ഒരുകാര്യം ‘ക്ലിക്കാ’യി- ഇത് തനിക്ക് പറ്റിയ പണിയല്ല. അന്നുതന്നെ കരാട്ടേയെ അതിന്റെ പാട്ടിനുവിട്ട് ഷാൻ പാട്ടുപഠിക്കാൻ ചേർന്നു.
ഇഷ്ടഗാനങ്ങളുടെ നോട്ടുകൾ മനസ്സിലാക്കി കീബോർഡിൽ വായിച്ച് ആസ്വദിച്ചിരുന്ന ഷാനിന്റെയുള്ളിൽ സ്വന്തമായി പാട്ടുകൾക്ക് ഈണംപകരണമെന്ന ആഗ്രഹം നിറച്ചത് സാക്ഷാൽ എ.ആർ. റഹ്മാനാണ്. റോജയിലെയും ജെൻറിൽമാനിലെയുമൊക്കെ പാട്ടുകൾ കേട്ട് ത്രില്ലടിച്ച ‘ഫാൻ ബോയ്’ റഹ്മാന്റെ ഗാനങ്ങൾ കാസറ്റിൽ റെക്കോഡ് ചെയ്ത് നിരന്തരം കേട്ട് നോട്ടുകൾ മനസ്സിലാക്കിയാണ് തന്നിലെ സംഗീതപ്രതിഭയെ മിനുക്കിയെടുത്തത്.
ഈണങ്ങളിലൂടെയുള്ള യാത്ര തെന്നിന്ത്യൻ ഭാഷകളിലെയും മറാത്തിയിലെയും 70ലേറെ സിനിമകൾ പിന്നിട്ട് മുന്നേറുമ്പോൾ സംഗീതത്തിന് തിരികെ എന്തെങ്കിലും നൽകാനുള്ള ഒരുക്കത്തിലാണ് ഷാൻ. അങ്ങനെയാണ് ഷാൻ റഹ്മാൻ മ്യൂസിക് കൺസർവേറ്ററി (SRMC) പിറന്നത്. സംഗീതം എല്ലാവർക്കും പ്രാപ്യമാകുകയെന്ന കാഴ്ചപ്പാടിലൂന്നിയുള്ള ‘മ്യൂസിക് ഫോർ ഓൾ’ (MFA) സമഗ്ര സംഗീത പാഠ്യപദ്ധതിക്ക് ഈ വർഷത്തെ സംഗീത ദിനത്തിൽ തുടക്കം കുറിച്ചിരിക്കുകയാണ് എസ്.ആർ.എം.സി.
‘എന്റെ ഡ്രീം പ്രോജക്ട് ആണിത്. സംഗീതം പഠിക്കാൻ തീരുമാനിച്ചപ്പോൾ എനിക്കുണ്ടായ ആശയക്കുഴപ്പം ഇനിയൊരു തലമുറക്ക് ഉണ്ടാകരുതെന്ന കാഴ്ചപ്പാടോടെയാണ് ‘മ്യൂസിക് ഫോർ ഓൾ’ ആവിഷ്‍കരിച്ചിരിക്കുന്നത്. നിലവിൽ സ്കൂൾ പാഠ്യപദ്ധതിയിൽ സംഗീതത്തിന് വലിയ പ്രാധാന്യം കിട്ടുന്നില്ല. ഒരു ടീച്ചർ വരും. നന്നായി പാടുന്ന കുട്ടികളെ മാത്രം ഫോക്കസ് ചെയ്യും.
അതു മാറി എല്ലാവരിലേക്കും സംഗീതം എത്തിക്കുക എന്നതാണ് ലക്ഷ്യം. ഒന്ന് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായുള്ള പാഠ്യപദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. എല്ലാ സിലബസിലും ഉൾക്കൊള്ളിക്കാൻ കഴിയുംവിധമാണ് ഇതിന്റെ രൂപകൽപന. ഇന്ത്യയിൽ തുടങ്ങി, മിഡിലീസ്റ്റ് പിന്നിട്ട്, ക്രമേണ ലോകം മുഴുവൻ ഇത് വ്യാപിപ്പിക്കണമെന്നാണ് ആഗ്രഹം. കാരണം, എം.എഫ്.എയുടേത് ഒരു ഇന്റർനാഷനൽ സിലബസ് ആണ്.’ -സ്വപ്നപദ്ധതിയെക്കുറിച്ച് ഷാനിന്റെ വാക്കുകൾ.
മൂന്നുവർഷത്തെ ഗവേഷണം
സംഗീത പഠനം മാത്രമല്ല എം.എഫ്.എ ലക്ഷ്യമിടുന്നത്. കുട്ടികളുടെ പല തലങ്ങളിലുള്ള ബൗദ്ധിക-സ്വഭാവ വികാസം കൂടിയാണ്. കുട്ടികളിൽ ആത്മവിശ്വാസവും ഓർമശക്തിയും പെരുമാറ്റഗുണങ്ങളുമൊക്കെ വർധിപ്പിക്കാൻ കഴിയുന്ന എം.എഫ്.എയുടെ പാഠ്യക്രമത്തിന് മൂന്നുവർഷത്തെ ഗവേഷണത്തിന് ഒടുവിലാണ് പൂർണരൂപം നൽകിയത്. അക്കാദമിക വിദഗ്ധർ, ചൈൽഡ് സൈക്കോളജിസ്റ്റുകൾ, ചൈൽഡ് ബിഹേവിയർ സ്പെഷലിസ്റ്റുകൾ എന്നിവരടങ്ങിയ ടീമാണ് ഗവേഷണത്തിൽ പങ്കെടുത്തത്.
എം.എഫ്.എ സബ്സ്ക്രൈബ് ചെയ്യുന്ന സ്കൂളുകളിലെ സംഗീത അധ്യാപകർക്ക് ഈ ടീം പരിശീലനം നൽകും. സംഗീതരംഗത്തെ പ്രഗല്ഭരുടെ ക്ലാസുകളും കുട്ടികൾക്ക് ലഭിക്കും. ‘വെറുതെ തിയറി പറഞ്ഞുപോകുകയല്ല ചെയ്യുന്നത്. ഒരു കവിതയാണ് പഠിപ്പിക്കുന്നതെങ്കിൽ അതിന്റെ സാമൂഹിക-സാംസ്കാരിക പ്രത്യേകതകൾ, അതിന്റെ വൈകാരികഭാവം, അത് പ്രതിഫലിപ്പിക്കുന്ന ഈണം എങ്ങനെ ആ വരികൾക്ക് നൽകാം, ആ വികാരം ഉൾക്കൊണ്ട് എങ്ങനെ ആലപിക്കാം എന്നിവയെല്ലാം പറഞ്ഞുകൊടുക്കും.
ദേശീയവും അന്തർദേശീയവുമായ സംഗീത ശൈലികളുടെ പ്രത്യേകതകൾ മുതൽ സിനിമ പിന്നണിഗാന മേഖലയിലെ സ്ട്രിങ്സ് സെഷൻ വരെ മനസ്സിലാക്കാനുള്ള അവസരം കുട്ടികൾക്ക് ലഭിക്കും’- ഷാൻ പറയുന്നു. എറണാകുളം തിരുവാണിയൂരിലുള്ള ഗ്ലോബൽ പബ്ലിക് സ്കൂളിലാണ് ‘മ്യൂസിക് ഫോർ ഓൾ’ ആദ്യം നടപ്പാക്കിയത്.
പല പദ്ധതികളിലെ ഒന്നാമൻ
സംഗീതത്തിന്റെ വിവിധ മേഖലകളിലെ പ്രവർത്തനം ലക്ഷ്യമിട്ട് രൂപംകൊടുത്ത ഷാൻ റഹ്മാൻ മ്യൂസിക് കൺസർവേറ്ററിയുടെ പല പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് ‘മ്യൂസിക് ഫോർ ഓൾ’ എന്ന് എസ്.ആർ.എം.സിയുടെ സഹസ്ഥാപകൻ നഈം നൂർ പറയുന്നു.
‘എട്ടാം ക്ലാസ് കഴിയുമ്പോൾ സംഗീതത്തിൽ എന്തെങ്കിലും സംഭാവനകൾ നൽകാൻ കഴിയുന്ന തരത്തിൽ ഒരു കുട്ടിയെ വളർത്തിയെടുക്കുകയാണ് എം.എഫ്.എയുടെ ലക്ഷ്യം. പരമ്പരാഗത രീതിയിൽ സംഗീതം അഭ്യസിപ്പിക്കുകയല്ലാതെ പല തലങ്ങളിലൂടെ കുട്ടികളിൽ സംഗീതാഭിരുചി വളർത്തുകയും അവരെ മികച്ച സംഗീതത്തിലേക്ക് കൈപിടിച്ചുയർത്തുകയുമാണ് ചെയ്യുന്നത്.
മികച്ച സംഗീതം എല്ലാ സ്കൂളുകളിലും എത്തിക്കുക, സംഗീതം കുട്ടികളുടെ തലച്ചോറിന്റെ വികസനത്തെയും ആത്മവിശ്വാസത്തെയും ഓർമശക്തിയെയും സ്വഭാവത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്ന അവബോധം പകരുക, കുട്ടികളുടെ സമഗ്ര വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് സംഗീതം എങ്ങനെ സഹായിക്കുന്നു എന്നത് പൊതുജനങ്ങളിലേക്കെത്തിക്കുക തുടങ്ങിയവയും എസ്.ആർ.എം.സിയുടെ ലക്ഷ്യങ്ങളാണ്’ -നഈം നൂർ വ്യക്തമാക്കി.