‘അന്നൊക്കെ നല്ല പാട്ടുകൾ പാടാൻ പറ്റുക എന്നത് ഒരു അനുഗ്രഹമായാണ് കരുതിയിരുന്നത്’ - ചിത്ര അരുൺ
text_fieldsചിത്ര അരുൺ. ചിത്രങ്ങൾ: നജു വയനാട്
''പുഴയുടെ തീരത്തൊരുത്രാട രാവിൽ
വിസ്മയമോടെ ഞാൻ നിന്നു...
പുഴയിലൊരാകാശം കണ്ടൂ
മേലെ വാനിൽ പാൽപുഴ കണ്ടൂ
തുഴയാതെ ഒഴുകിവരും
തിരുവോണത്തോണികൾ കണ്ടൂ...''എന്ന ഓണപ്പാട്ട് ഓണക്കാലത്തിനൊപ്പം കലോത്സവവേദികളെയും കീഴടക്കി മുന്നേറാൻ തുടങ്ങിയിട്ട് അഞ്ചുവർഷമായി. ലളിതസുന്ദരമായ വരികളും മികച്ച ആലാപനവുമാണ് പാട്ടിനെ ജനപ്രിയമാക്കിയത്. ഈ പാട്ട് ആസ്വാദകർ ഏറ്റെടുത്തതോടെ ചിത്ര അരുൺ എന്ന യുവഗായികയെയും മലയാളക്കര മനസ്സിനോടു ചേർത്തു.
റെക്കോഡിങ് ഓണക്കാലത്ത്
ഒരു ഓണക്കാലത്തുതന്നെയാണ് പാട്ടിന്റെ റെക്കോഡിങ് നടന്നതെന്ന് ചിത്ര അരുൺ ഓർമിക്കുന്നു. ഗാനരചന രാജേഷ് അത്തിക്കയവും സംഗീതം ജോജി ജോൺസുമാണ്. സീഡി യുഗത്തിന്റെ അവസാനമായിരുന്നു അത്. ഒരു സീഡി ഇറക്കണമെങ്കിൽ പത്തു പാട്ടുകൾ വേണം. യുട്യൂബ് റിലീസാണെങ്കിൽ ഒന്നോ രണ്ടോ പാട്ട് ഇപ്പോൾ മതി. പത്തു പാട്ടുകൾ റെക്കോഡ് ചെയ്യാനുള്ള പ്രൊഡക്ഷൻ കോസ്റ്റ് എല്ലാവർക്കും താങ്ങാനാവുന്നതല്ല.
റിസ്കെടുത്ത് റെക്കോഡിങ്
അന്ന് വലിയ റിസ്കെടുത്താണ് ജോജി ചേട്ടൻ ആ പാട്ട് റെക്കോഡ് ചെയ്തത്. ആ ആൽബത്തിൽ നാല് പാട്ടുകളാണ് പാടിയത്. അതിനൊന്നും പ്രതിഫലം ഇല്ല. എനിക്കെന്നല്ല ആൽബവുമായി സഹകരിച്ച പലർക്കും പ്രതിഫലം നൽകിയിരുന്നില്ല. ജോജിച്ചേട്ടന്റെ ബുദ്ധിമുട്ട് അറിയാവുന്നതിനാൽ ആരും ചോദിച്ചുമില്ല. നല്ല പാട്ടുകൾ പാടാൻ പറ്റുക എന്നത് ഒരു അനുഗ്രഹമായാണ് കരുതിയിരുന്നത്.
ഹിറ്റായത് യുട്യൂബിൽ വന്നപ്പോൾ
സീഡിയായി ആൽബം ഇറങ്ങിയെങ്കിലും വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല. പിന്നീട് യുട്യൂബിൽ വന്നതിനുശേഷമാണ് ആളുകൾ പാട്ട് ശ്രദ്ധിക്കാൻ തുടങ്ങിയത്. പാട്ടിന്റെ മികവുകൊണ്ടുതന്നെ പറഞ്ഞുപറഞ്ഞ് അത് ഹിറ്റായി മാറി.
അതിശയത്തോടെയാണ് ആ കാഴ്‌ച ഞാൻ നോക്കിനിന്നത്. ഓണപ്പാട്ടാണെങ്കിലും ലളിതസംഗീതത്തിന്റെ കാറ്റഗറിയിലാണ് പലരും ആ പാട്ടിനെ കണ്ടത്. കലോത്സവവേദികളെ ആ പാട്ട് കീഴടക്കിയെന്നുതന്നെ പറയാം. എന്റെ സുഹൃത്തുക്കൾ പലരും പറയാറുണ്ട്. അവർ വിധികർത്താക്കളായി പോകുമ്പോൾ എല്ലാവരും 'പുഴയുടെ തീരത്തു തന്നെ...' ആയിരിക്കും ആലപിക്കുകയെന്ന്.
തിരിച്ചറിയുന്നത് ആ പാട്ടിന്‍റെ പേരിൽ
ആ പാട്ടിന്റെ പേരിലാണ് ഇപ്പോഴും ആളുകൾ എന്നെ തിരിച്ചറിയുന്നത്. അത് ഒത്തിരി സന്തോഷമുള്ള കാര്യമാണ്. 12 ഓണപ്പാട്ടുകൾ വിവിധ ആൽബങ്ങളിലായി പാടിയിട്ടുണ്ട്. ‘ആകാശക്കാവിലെ...’ എന്നുതുടങ്ങുന്ന ഒരു പാട്ട് ഇഷ്ടമാണ്. ഇപ്പോൾ ആ പാട്ടും ശ്രദ്ധിക്കപ്പെടുന്നുണ്ട്. പലരും ആ പാട്ട് കേട്ട് വിളിക്കാറുണ്ട്.
ഓണം സുഖം പകരും ഓർമ
ഓണം സുഖമുള്ള ഒരോർമയാണ്. പ്രത്യേകിച്ച് കുട്ടിക്കാലത്തെ ഓണം. പാലക്കാട്ടെ ഗ്രാമാന്തരീക്ഷത്തിലാണ് ജനിച്ചുവളർന്നത്. കൂട്ടുകാരോടൊപ്പം പൂപറിക്കാൻ പോയിരുന്നതും പൂക്കളമിടുന്നതുമെല്ലാം നല്ല ഓർമകളാണ്. ചെർപ്പുളശ്ശേരി വല്ലപ്പുഴയിലായിരുന്നു അമ്മയുടെ വീട്. അവിടെ പരമ്പരാഗതമായ ഓണാഘോഷമായിരുന്നു. പൂക്കളമിടലും സദ്യയുമൊക്കെയാണ് ഓണം ഓർമകളിൽ മികവുറ്റത്.
ഹൗസ് ഫുള്ളിലൂടെ സിനിമയിൽ
'ഹൗസ് ഫുൾ' എന്ന ചിത്രത്തിലാണ് ആദ്യമായി പിന്നണി ഗായികയാകുന്നത്. പിന്നീട് മഞ്ജുവാര്യരും റിമ കല്ലിങ്കലും അഭിനയിച്ച 'റാണി പദ്മിനി'ക്കുവേണ്ടി പാടി. ആ സിനിമയിലെ ‘ഒരു മകരനിലാവായി’ എന്ന ഗാനം ശ്രദ്ധപിടിച്ചുപറ്റി. ആ പാട്ട് വളരെ ശ്രദ്ധിക്കപ്പെട്ടു. സംഗീതം ഗൗരവമായി എടുത്തിട്ടുള്ള പലരും അഭിനന്ദിച്ചു. 'രക്ഷാധികാരി ബൈജു' വിലെ ‘ഞാനീ ഊഞ്ഞാലിൽ’ എന്ന പാട്ടും ഒരുപാട് അഭിനന്ദനങ്ങൾ നേടിത്തന്നതാണ്. ‘ദൈവം തന്നതല്ലാതൊന്നും’ എന്ന പാട്ട് അതിനുശേഷം വന്നതാണ്. ആ ഭക്തിഗാനം ജാതി, മത വ്യത്യാസമില്ലാതെ ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ആ പാട്ടു കേൾക്കുമ്പോൾ കരഞ്ഞുപോകുന്നെന്ന് നിരവധി പേർ നേരിട്ടുപറഞ്ഞിട്ടുണ്ട്.
ഗുരുവിന്‍റെ ഇഷ്ട ശിഷ്യ
മാവേലിക്കര പി. സുബ്രഹ്മണ്യന്റെ ശിഷ്യകൂടിയായ ചിത്ര ശാസ്ത്രീയസംഗീതത്തിലും തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ‘‘സുബ്രഹ്മണ്യൻ സാർ ആർ.എൽ.വി കോളജിൽ അധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ പോയും സംഗീതം അഭ്യസിച്ചിട്ടുണ്ട്. മകളെപ്പോലെയാണ് അദ്ദേഹം കണക്കാക്കിയിരുന്നത്. അദ്ദേഹത്തിന്റെ വീട്ടിലും ആ സ്വാതന്ത്ര്യം ഉണ്ട്. സാധാരണ ഗുരുക്കന്മാർ കർണാടക സംഗീതത്തിൽ മാത്രമാണ് താൽപര്യം കാണിക്കുക. എന്നാൽ, സാർ വ്യത്യസ്തനായിരുന്നു. സിനിമ ഗാനം ഉൾപ്പെടെ അദ്ദേഹം ആസ്വദിക്കുമായിരുന്നു. സാറിനെ ഗുരുവായി കിട്ടിയത് വലിയൊരു ഭാഗ്യമായി കരുതുന്നു.’’
പാലക്കാട് ചിറ്റൂർ കോളജിൽനിന്ന് സംഗീതത്തിൽ ബിരുദവും തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽനിന്ന് ബിരുദാനന്തരബിരുദവും നേടിയ ചിത്ര ഒന്നാം റാങ്കോടെയാണ് പാസായത്. ‘ഇഷ്ടമായ് വന്ന പ്രണയം’ എന്ന ഹിറ്റ് ആൽബത്തിലെ ‘ഞാനറിയാതെ ഞാൻ പറയാതെ എന്നിഷ്ടമായ് വന്ന പ്രണയമേ’ എന്ന ഗാനം യുവഹൃദയങ്ങളിൽ സംഗീതത്തിന്റെ പുതുമഴ പെയ്യിച്ചു. പാലക്കാട്ടുകാരിയായ ചിത്ര ഇപ്പോൾ എറണാകുളത്താണ് താമസിക്കുന്നത്. ഭർത്താവ്: അരുൺ. മകൻ: ആനന്ദ്, മകൾ: ആരാധ്യ.