മഴ പുണരുന്ന ഗാനങ്ങൾ
text_fieldsമഴയുടെ നവ്യാനുഭവമേകുന്ന, വർഷം തുളുമ്പുന്ന, ഭാവാർദ്രമായ ഒരു കുടന്ന മലയാള ചലച്ചിത്രഗാനങ്ങളും സ്മൃതിയുടെ വർഷ ഋതുച്ചിറകേറി മനസ്സിലേക്ക് പൊഴിയുന്നു. മഴ നിറയുന്ന, മഴ വന്നു പുണരുന്ന ചേതോഹരമായ ആ അനശ്വര ഗീതികൾ പെയ്തൊഴിയാതെ മനസ്സിനെ അനുഭൂതിധന്യമായി താലോലിക്കുന്നു. അവയിലൂടെയുള്ള ഒരു മഴനടത്തമാവാമെന്നു കരുതുന്നു.
ദേവദുന്ദുഭി തൻ വർഷമംഗളഘോഷമായും പ്രണയമണിത്തൂവൽ പൊഴിയും പവിഴമഴയായും ഉള്ളിലൊരു തുടം തേൻമാരിയായും മേദിനി കേൾക്കുന്ന പുതിയൊരു താളമായും ആനന്ദനർത്തനമാടുന്ന ആത്മാവിൻ രാഗങ്ങളായും കാമിനിയുടെ തനു നീർമുത്തുകളായും പളുങ്കുചൊരിയും അമൃതജലധാരയായുമൊക്കെ ഗാനങ്ങളിൽ സാക്ഷാൽ മഴയുടെ അപ്രമാദിത്വം നിറഞ്ഞുതൂവുന്നു.
മഴയുടെ എല്ലാ അനുഭൂതികളും പകരുന്ന ഒരു ഗാനം. അതാണ് ‘ഈറ്റ’ എന്ന ചിത്രത്തിൽ യൂസഫലി കേച്ചേരി രചിച്ച് സംഗീത ചക്രവർത്തി ദേവരാജൻ ഈണമിട്ട് ഗാനഗന്ധർവനും പി. മാധുരിയും ആലപിച്ച ‘തുള്ളിക്കൊരു കുടം പേമാരി, ഉള്ളിലൊരു തുടം തേൻമാരി...’ എന്ന ഗാനം. മാനത്തിരിക്കുന്ന കുളിരും കോരി മണ്ണിൽ വന്ന വിരുന്നുകാരിയായ മഴയെക്കുറിച്ചു തന്നെയാണ് ഈ ഗാനം.
വരികളും സംഗീതവും ഇടക്കുള്ള പിന്നണി സംഗീതവുമെല്ലാം മഴതന്നെയായാലോ. അത്തരമൊരു ഗാനമാണ് രവീന്ദ്രന്റെ ഈണത്തിൽ കെ. ജയകുമാർ രചിച്ച ‘മഴ’ എന്ന ചിത്രത്തിലെ ‘ആഷാഢം പാടുമ്പോൾ’ എന്നുതുടങ്ങുന്ന ഗാനം. മഴയുടെ ആർദ്രാനുഭൂതി മനസ്സിലുണർത്തുന്ന അമൃതവർഷിണി രാഗത്തിലാണ് ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. എല്ലാ വരികളിലും മഴ എന്ന വാക്ക് മധുരോദാരത പകർന്നുകൊണ്ട് നിറയുന്ന ഗാനമാണ് ‘അഴകിയ രാവണൻ’ എന്ന ചിത്രത്തിൽ വിദ്യാസാഗറിന്റെ ഈണത്തിനൊപ്പിച്ച് കൈതപ്രം എഴുതി സുജാത ആലപിച്ച ‘പ്രണയമണിത്തൂവൽ പൊഴിയും പവിഴമഴ’. സംവിധായകൻ കമലിന്റെ നിർദേശമായിരുന്നു ഓരോ വരിയും ‘മഴ’ എന്ന വാക്കിൽ അവസാനിക്കണമെന്നത്. ഈ ഗാനത്തിന്റെ ചിത്രീകരണത്തിലും അടിമുടി മഴയാണ്. ‘വെട്ടം’ എന്ന ചിത്രത്തിൽ ബീയാർ പ്രസാദ് എഴുതി ബേണി ഇഗ്നേഷ്യസ് സംഗീതം പകർന്ന ഗാനമാണ് ‘മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി’ എന്നു തുടങ്ങുന്ന ഗാനം. ഇടവഴിയിലെ മഴയും കുടച്ചോട്ടിലെ അൽപനേരത്തെ പ്രണയവും തണുപ്പും നിറയുന്നു ഈ കഥാത്മകമായ ഗാനത്തിൽ.
പി. ഭാസ്കരൻ എഴുതി ശ്യാം സംഗീതം പകർന്ന ‘ഡെയ്സി’ എന്ന ചിത്രത്തിലെ ‘തേൻമഴയോ പൂമഴയോ ചന്നം പിന്നം ചന്നം പിന്നം ചാറി’ എന്ന ഗാനത്തിലും മഴ വന്നുനിറയുന്നു.
വിരഹം ചേരും നോവിൻ നീലാംബരിയുമായെത്തുന്ന രാത്രിമഴയെക്കുറിച്ച് വയലാർ ശരത്ചന്ദ്രവർമ, മോഹൻ സിതാരയുടെ ഈണത്തിൽ മഞ്ജരിയുടെ മാധുര്യമൂറുന്ന ആലാപനത്തിൽ ‘കറുത്ത പക്ഷികൾ’ എന്ന ചിത്രത്തിൽ നമ്മോട് സംവദിക്കുന്നു. മേദിനി (ഭൂമി) നെഞ്ചിൽ കേൾക്കുന്ന പുതിയൊരു രാഗവുമായി മേഘം പൂത്തു തുടങ്ങിയതിനെക്കുറിച്ചാണ് ശ്രീകുമാരൻ തമ്പി, പെരുമ്പാവൂർ ജി. രവീന്ദ്രനാഥിന്റെ സംഗീതത്തിൽ യേശുദാസിന്റെ ശബ്ദത്തിൽ ‘തൂവാനത്തുമ്പികൾ’ എന്ന ചിത്രത്തിലെ ഗാനത്തിൽ വിവരിക്കുന്നത്. ദേവദുന്ദുഭിയുടെ വർഷമംഗലഘോഷവുമായെത്തുന്ന മഴയെക്കുറിച്ച് ‘വൈശാലി’ എന്ന ചിത്രത്തിൽ ബോംബെ രവിയുടെ ചിട്ടപ്പെടുത്തലിനനുസരിച്ച് ഒ.എൻ.വി വാചാലനാകുന്നു. ഇന്ദ്രധനുസ്സേന്തി വരുന്ന ഘനാഘനസേനകളായ കാർമുകിൽക്കൂട്ടത്തോട് ഇതിലേ വരാനും ചുടുവേനൽക്കൂടാരത്തിൽ മയങ്ങുന്ന ഭൂമിയെ അമൃതം പെയ്ത് തഴുകിയുണർത്താനും അളകങ്ങൾ മാടിയൊതുക്കി കളഭക്കുറി ചാർത്തുവാനും മാലേയക്കുളിരും പൊന്നും പൂവും പുടവയും അണിയിക്കാനും കവി ആവശ്യപ്പെടുന്നു (ആലാപനം-ദിനേശ്, ലതിക). മേഘരാഗമാകുന്ന മഴയോട് മേലേ മേഘത്തേരിൽ റിംജിം റിംജിം പാടിവരുവാനാവശ്യപ്പെടുന്നു ജ്ഞാനപീഠജേതാവായ കവി (ചിത്രം -പ്രേംപൂജാരി, സംഗീതം -ഉത്തം സിങ്, ആലാപനം: പി. ജയചന്ദ്രൻ, ചിത്ര).
‘മഴ വരണുണ്ടേ, കക്ഷത്ത് കുടയിരിപ്പുണ്ടേ’ എന്ന് ദീപാങ്കുരന്റെ സംഗീതത്തിൽ അനിൽ പനച്ചൂരാൻ ‘തട്ടിൻ പുറത്ത് അച്യുതൻ’ എന്ന ചിത്രത്തിൽ ഓർമിപ്പിക്കുന്നു. കനവായ് തോർന്നിടുന്ന കാമിനിയുടെ തനുനീർമുത്തുകളാണ് മഴനീർത്തുള്ളികളെന്ന് അനൂപ് മേനോൻ (ചിത്രം -ബ്യൂട്ടിഫുൾ, സംഗീതം -രതീഷ് വേഗ, ആലാപനം -ഉണ്ണി മേനോൻ). മണ്ണിൽ വർഷബിന്ദു വീണിടുമ്പോൾ സ്നേഹധാര നെഞ്ചിലൂറിടുന്നതായും പ്രണയപരാഗം കരളിൽ വിതറുന്ന കവിതയാണ് മഴയെന്നും വർണിക്കുന്നു സത്യൻ അന്തിക്കാട്. വർഷമേഘങ്ങൾ പീലിനീർത്തുന്ന വാനത്തിൽ മഴ തുള്ളിത്തുള്ളി നൃത്തമാടിവരുന്നതിനെക്കുറിച്ച് അദ്ദേഹം പാടുന്നു. കാർമേഘങ്ങൾ വാനത്തിൽ നിറയുന്നത് മോഹനമായ ഭാവനയിൽ മേലേ വാനം ചേല മാറ്റിടുന്നതായാണ് അദ്ദേഹം കാണുന്നത് (ചിത്രം -സരിത, സംഗീതം -ശ്യാം, ആലാപനം -യേശുദാസ്).
‘കുടക്കീഴിലൊരുമിച്ചു നിന്ന പെൺകിടാവിപ്പൊഴും കൂടെയുണ്ടോ? പണ്ടു താൻ വന്ന നാളോർമയുണ്ടോ?’ എന്നൊക്കെ കാതോരം വന്നുചോദിച്ച മഴയെക്കുറിച്ചാണ് സന്തോഷ് വർമ ഒരു മധുരതരമായ ഓർമയുടെ ദൃശ്യഭംഗിയോടെ പറഞ്ഞുവെക്കുന്നത് (ചിത്രം -പൂഴിക്കടകൻ, സംഗീതം -ബിജിബാൽ, ആലാപനം -പി. ജയചന്ദ്രൻ). കിനാക്കളിൽ കവിയും കാമുകിയുടെ പ്രണയവും മഴയാകുന്നതിനെക്കുറിച്ചും അവളുടെ മൊഴികൾ മഴയായ് വന്ന് ഒരീണമായി കാതിൽ കൊഞ്ചുന്നതിനെക്കുറിച്ചും കൂടി അദ്ദേഹം എഴുതുന്നു (ചിത്രം -ശിക്കാരി ശംഭു, സംഗീതം -ശ്രീജിത്ത് ഇടവന, ആലാപനം: ഹരിചരൺ ശേഷാദ്രി, രോഷ്നി സുരേഷ്). വാനം തൂകുന്ന പൂങ്കുളിരായ തൂമഴയോട് തന്റെ കാതലിയെ കണ്ടുവോയെന്നു ചോദിക്കുന്നു കവി (ചിത്രം -പട്ടംപോലെ, സംഗീതം -എം. ജയചന്ദ്രൻ, ആലാപനം -മൃദുല വാര്യർ, ഹരിചരൺ ശേഷാദ്രി). കരിമുകിലുകൾ ചിറകുകുടയും സ്വരവുമായി, വിണ്ണിൻ ജാലകം തുറന്നു വന്ന് ഒരു തലോടലായ് തുയിലുണർത്തുന്ന മഴയെക്കുറിച്ച് തുടർന്ന് വാചാലനാകുന്നു. മഴ മാത്രമേകുന്ന ഉണർവിന് കുമ്പിൾ നീട്ടുന്ന കവിഹൃദയമാകുന്നു അദ്ദേഹത്തിന്റേത് എന്നും പ്രസ്താവിക്കുന്നു (ചിത്രം -വർഷം, സംഗീതം -ബിജിബാൽ, ആലാപനം -ശരത്).
ആയിരം പീലി നീർത്തിനിന്ന് പളുങ്കു ചൊരിയുന്ന അമൃതജലധാരയായ തുലാവർഷ മേളത്തെക്കുറിച്ചാണ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ പാടുന്നത് (സിനിമ -അശ്വരഥം, ഈണം -ശ്യാം, ഗായകർ: യേശുദാസ്, ജാനകി). ആത്മാവിൽ മോഹം പകർന്ന് അനുരാഗമധുരമായ അന്തരീക്ഷം ഒരുക്കുന്ന ആഷാഢമാസത്തെക്കുറിച്ചും പാടുന്നുണ്ട് അദ്ദേഹം (ചിത്രം -യുദ്ധഭൂമി, സംഗീതം -ആർ.കെ. ശേഖർ, ആലാപനം -വാണി ജയറാം). മണ്ണിൻ മനസ്സിലെ പ്രണയത്തിന്റെ വിത്തുകൾ മുളപ്പിക്കുന്ന മഴയെക്കുറിച്ച് റഫീഖ് അഹമ്മദ്. (ചിത്രം -സ്പിരിറ്റ്, സംഗീതം -ഷഹബാസ് അമൻ, ആലാപനം -വിജയ് യേശുദാസ്). രാക്കിളി തൻ വഴി മറയുകയും കാത്തിരിപ്പിൻ തിരി നനയുകയും ചെയ്യുന്ന ഈറൻ നോവായ പെരുമഴക്കാലത്തെക്കുറിച്ച് അദ്ദേഹം വീണ്ടും പാടുന്നു. വേനലിൻ വിരഹബാഷ്പം ജലതാളമാർന്ന ശേഷം ഓർമകളുടെ ലോലകരങ്ങളാൽ ഉടൽ പുണരുന്ന മഴക്കാലമാകുന്നതിനെക്കുറിച്ചാണ് അദ്ദേഹം വരികളിൽ വരച്ചിടുന്നത് (ചിത്രം -പെരുമഴക്കാലം സംഗീതം, ആലാപനം -എം. ജയചന്ദ്രൻ).
ജൂണിലെ നിലാമഴപോലുള്ള നാണത്തിൽ നനഞ്ഞു നിൽക്കുന്ന കാമുകിയെക്കുറിച്ച് ഗിരീഷ് പുത്തഞ്ചേരി (ചിത്രം -നമ്മൾ തമ്മിൽ, സംഗീതം -എം. ജയചന്ദ്രൻ ആലാപനം -യേശുദാസ്, സുജാത). മാരിവില്ലുമേഞ്ഞൊരു മൺകുടിലിൻ ജാലകം മെല്ലെ തുറന്നു കാറ്റിനോട് കൂടെ വരാനാവശ്യപ്പെടുന്ന ആറ്റിൻ കരയോരത്തെ ചാറ്റൽമഴയെ കുറിച്ചാണ് (ചിത്രം-രസതന്ത്രം, സംഗീതം -ഇളയരാജ, ആലാപനം -മഞ്ജരി) പുത്തഞ്ചേരി വീണ്ടും എഴുതുന്നത്. ആകാശമേഘങ്ങൾ ചിറ്റോളത്തിൻ ചെല്ലക്കയ്യിൽ ചെണ്ടായിപ്പൂത്തതിനെക്കുറിച്ചും മാരിപ്പൂക്കൾ വാരിച്ചൂടും രാവായ് പൂക്കുന്ന പൂമാരിയെക്കുറിച്ചും അദ്ദേഹം പാടുന്നു (ചിത്രം -ജോണി വാക്കർ, സംഗീതം -എസ്.പി. വെങ്കിടേഷ് ആലാപനം -യേശുദാസ്). വർഷരാത്രിയുടെ മിഴി പകൽ തുടച്ചതിനെക്കുറിച്ച് ഷിബു ചക്രവർത്തി. മഴ പെയ്തു മാനം തെളിഞ്ഞ നേരത്ത് തൊടിയിലെ തൈമാവിൻ ചോട്ടിൽ ഒരു കൊച്ചു കാറ്റേറ്റു വീണ തേൻ മാമ്പഴം ഒരുമിച്ചു പങ്കിട്ട ബാല്യകാലത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാവന വീണ്ടും മഴ പൊഴിക്കുന്നു (ചിത്രം -ഒരു അഭിഭാഷകന്റെ കേസ് ഡയറി, സംഗീതം -രവീന്ദ്രൻ ആലാപനം -യേശുദാസ്). ഇടവഴിയിൽ ഓമൽ കാൽത്താളങ്ങളുമായി അണയുന്ന പവിഴമഴയോട് കാമുകിയെ മൂടുവാനാവശ്യപ്പെടുന്നു വിനായക് ശശികുമാർ (ചിത്രം -അതിരൻ, സംഗീതം -പി.എസ് ജയ്ഹരി, ആലാപനം -കെ.എസ്. ഹരിശങ്കർ). മാനം മണ്ണിൻ മാറിൽ ചാർത്തുന്ന മുത്തണി മണിമാലയായ മഴയെക്കുറിച്ച് പി. ഭാസ്കരൻ പാടുന്നു. കാർമുകിലിൻ തേന്മാവിൽ ഇടിമിന്നൽ പൊന്നൂഞ്ഞാൽ കെട്ടിയതിനെക്കുറിച്ചും മനസ്സുനിറയെ പെയ്യുന്ന പൂമഴയെക്കുറിച്ചും പുതുമാനം നിറയെ പെയ്ത തേൻമഴയെക്കുറിച്ചും അദ്ദേഹം വീണ്ടും വാചാലനാകുന്നു (ചിത്രം -കണ്ണാരം പൊത്തി, സംഗീതം -എ.ടി. ഉമ്മർ, ആലാപനം: യേശുദാസ്, ചിത്ര). വടക്കേ മാനത്തെ കരിമുകിലും തെക്കേ മാനത്തെ തെളിവെയിലും കൂടി ഒന്നിച്ചുവന്ന് ചിരിയും കരച്ചിലും ഒപ്പത്തിനൊപ്പം തന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. ചാറ്റൽ മഴയും പൊൻവെയിലും കൂടി ഒന്നിച്ചുവന്ന കാട്ടിലെ കുറുക്കന്റെ കല്യാണത്തെക്കുറിച്ചാണ് അദ്ദേഹത്തിന്റെ വാങ്മയചിത്രം (ചിത്രം -ഓപ്പോൾ, സംഗീതം -എം.ബി. ശ്രീനിവാസൻ, ആലാപനം: ലതാദേവി, മാലതി).
മനസ്സുനിറയെ കുളിരു കോരി, രാത്രി മുഴുവൻ പെയ്ത മഴയെക്കുറിച്ചാണ് ബിച്ചു തിരുമല വർണിക്കുന്നത് (ചിത്രം -എന്നും മാറോടണക്കാൻ, സംഗീതം -ജെറി അമൽദേവ്, ആലാപനം -യേശുദാസ്). മാനത്തെ കറുമ്പികൾ ആകാശ ഗംഗയിലെ തീർഥം കോരി പെയ്യിക്കുന്നതാണ് പുതുമഴയെന്നാണ് ദേവദാസിന്റെ വർണന (ചിത്രം -ഒന്നും ഒന്നും പതിനൊന്ന്, സംഗീതം -രവീന്ദ്രൻ, ആലാപനം -സുനന്ദ). മഴയാകുന്ന കാമുകി മനസ്സിൻ തൂലികയിൽ നിറഞ്ഞ്, മഷിയായുതിരുന്ന പെൺനിറമാണെന്ന് ബി.കെ. ഹരിനാരായണൻ (ചിത്രം -ജെയിംസ് ആൻഡ് ആലീസ്, സംഗീതം -ഗോപിസുന്ദർ, ആലാപനം: കാർത്തിക്, അഭയ ഹിരൺമയി).
മഴയിൽ കുതിരുന്നൊരഴകിനോടു സാക്ഷാൽ വയലാർ രാമവർമ ചോദിക്കുന്നു, നനയുന്നതു കഞ്ചുകമാണോ അതോ കാമുകിയെ പൊതിയുന്ന യൗവനമാണോ എന്ന്. കാളിദാസനെപ്പോലെ, വള്ളത്തോളിനെപ്പോലെ വയലാറും ആ പവിഴമഴത്തുള്ളിയുടെ സഞ്ചാരം ഭാവനയിൽ കാണുന്നു. മേഘപ്പൂക്കളിലൂടെ, മഴവിൽ പൊയ്കയിലൂടെ, കാറ്റിൻ ചിറകിൽ പിടിച്ചുകയറി, കനകപ്പൂമ്പൊടി പൂശി വന്നിറങ്ങുന്ന മണ്ണിൻ മനസ്സിലെ വികാരമായൊരു മധുരമഴത്തുള്ളിയെക്കുറിച്ച്, ശ്രീപാർവതിയെ സുന്ദരിയാക്കിയ, ഭാഗീരഥിയെ പുഷ്പിണിയാക്കിയ പനിനീർമഴയെക്കുറിച്ച് വയലാർ വർണിക്കുന്നു (ചിത്രം -ഭൂമീദേവി പുഷ്പിണിയായി, സംഗീതം -ദേവരാജൻ ആലാപനം -യേശുദാസ്). പെയ്തു പെയ്ത് മണ്ണു കുളിർപ്പിച്ച മഴയെക്കുറിച്ച് സുബൈർ (ചിത്രം -ലജ്ജാവതി, സംഗീതം -കെ.ജെ. ജോയി, ആലാപനം: ജയചന്ദ്രൻ, സുശീല).
ഇനിയുമേറെയുണ്ട് മഴതോരാ പാട്ടുകൾ. അവ ആർദ്രമായ മേഘരാഗങ്ങളായി നമ്മുടെ ഉള്ളം കുളിർപ്പിച്ച് പെയ്തുനിറഞ്ഞുകൊണ്ടേയിരിക്കും. ഇടവപ്പാതിയും തുലാവർഷവും യാത്രയായാലും അവ ചേതനയിൽ നറുവർഷം തൂവിക്കൊണ്ടേയിരിക്കും.