Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right'ശുദ്ധ അസംബന്ധമാണ്; ഈ...

'ശുദ്ധ അസംബന്ധമാണ്; ഈ വിവരക്കേടിനെതിരെ പ്രതികരിക്കാതിരിക്കാനാവില്ല' -ജി.വേണുഗോപാലിനെതിരെ ശ്രീകുമാരന്‍ തമ്പി

text_fields
bookmark_border
ശുദ്ധ അസംബന്ധമാണ്; ഈ വിവരക്കേടിനെതിരെ പ്രതികരിക്കാതിരിക്കാനാവില്ല -ജി.വേണുഗോപാലിനെതിരെ ശ്രീകുമാരന്‍ തമ്പി
cancel

നടൻ മധുവിന്‍റെ പിറന്നാളിനോടനുബന്ധിച്ച് ജി. വേണുഗോപാൽ സമൂഹമാധ്യമത്തിൽ ആശംസാക്കുറിപ്പ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, വേണുഗോപാൽ മധുവിനെക്കുറിച്ച് എഴുതിയ കാര്യങ്ങളെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. വ്യക്തമായ അറിവോ ധാരണയോ ഇല്ലാതെ വലിയ വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും ചിലപ്പോഴെങ്കിലും തെറ്റായി എഴുതുകയും പറയുകയും ചെയ്യുന്ന സ്വഭാവം വേണുഗോപാലിനുണ്ടെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

ശ്രീകുമാരന്‍ തമ്പിയുടെ പോസ്റ്റ്

ജി വേണുഗോപാൽ നന്നായി പാടുന്ന ഗായകനാണ്. ഏതാനും ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റേതായി മലയാള ഗാനശാഖയ്ക്കു ലഭിച്ചിട്ടുണ്ട്. ഇളയരാജയുടെ സംഗീതത്തിൽ ഞാൻ എഴുതിയ ''ഉണരുമീ ഗാനം ''.. എന്ന പാട്ടിനായിരുന്നു അദ്ദേഹത്തിന് ലഭിച്ച സംസ്ഥാന അവാർഡുകളിൽ ഒന്ന്. പക്ഷെ ഭാഗ്യം കൊണ്ടോ നിർഭാഗ്യം കൊണ്ടോ അദ്ദേഹത്തിന് യേശുദാസിൻെറയോ പി ജയചന്ദ്രന്റെയോ എം ജി ശ്രീകുമാറിന്റെയോ നിലയിലേക്ക് ഉയരാൻ സാധിച്ചില്ല.

ഇന്ന് വേദനയോടെ അദ്ദേഹത്തെ കുറിച്ച് ഒരു സത്യം പറയട്ടെ. വ്യക്തമായ അറിവോ ധാരണയോ ഇല്ലാതെ വലിയ വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും ചിലപ്പോഴെങ്കിലും തെറ്റായി എഴുതുകയും പറയുകയും ചെയ്യുന്ന ഒരു സ്വഭാവം അദ്ദേഹത്തിനുണ്ട്. ഒന്ന് രണ്ടു അനുഭവങ്ങൾ വ്യക്തിപരമായി എനിക്കും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇന്ന് ഞാൻ ഇതിവിടെ പറയാൻ കാരണം, ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ ശ്രീ. മധു എന്ന അതുല്യ നടനെ കുറിച്ച് അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്നലെ അദ്ദേഹത്തെ പുകഴ്ത്തുകയാണെന്ന മട്ടിൽ അങ്ങേയറ്റം ഇകഴ്ത്തിക്കൊണ്ട് ജി വേണുഗോപാൽ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ്.

കഴിഞ്ഞ അറുപതു വർഷക്കാലമായി മധുച്ചേട്ടനോടൊപ്പം സിനിമാ രംഗത്ത് പ്രവർത്തിക്കുകയും ഒരു അനുജനെപ്പോലെ അദ്ദേഹത്തിന്റെ കുടുംബവുമായി ഇടപഴകുകയും ചെയ്യുന്ന എനിക്ക് ഈ വിവരക്കേടിനെതിരെ പ്രതികരിയ്ക്കാതിരിക്കാനാവില്ല. ഞാൻ സംവിധാനം ചെയ്ത ഇരുപത്തൊൻപത് പടങ്ങളിൽ പത്ത് പടങ്ങളിൽ നായകൻ ശ്രീ. മധുവാണ്. അതുപോലെ മധു ചേട്ടൻ നിർമ്മിച്ച പല ചിത്രങ്ങൾക്കും പാട്ടെഴുതിയത് ഞാൻ ആയിരുന്നു. മധു ചേട്ടന്റെ ജീവിതത്തെക്കുറിച്ചും സ്വത്തുക്കളെക്കുറിച്ചും അദ്ദേഹത്തിന്റെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുമൊക്കെ ജി വേണുഗോപാൽ എഴുതിയത് മുഴുവൻ ശുദ്ധ അസംബന്ധമാണ്.

മധുച്ചേട്ടന്റെ സ്വദേശം കണ്ണമ്മൂല അല്ല, ഗൗരീശപട്ടം ആണ്. ധാരാളം സ്വത്തുവകകൾ ഉള്ള ഒരു ജന്മിത്തറവാട്ടിലെ അംഗം. മധു ചേട്ടന്റെ പിതാവ് പരമേശ്വരൻ നായർ തിരുവനന്തപുരം നഗരസഭ മേയർ ആയിരുന്നു. മധു ചേട്ടൻ ഇന്നു താമസിക്കുന്ന കണ്ണമ്മൂലയിലുള്ള '' ശിവഭവനം'' എന്ന വീട് അദ്ദേഹത്തിന്റെ ജീവിതപങ്കാളിയുടെ ജന്മഗൃഹമാണ്. ധാരാളം ഭൂസ്വത്തുക്കൾ സ്വന്തമായുള്ള ഒരു വലിയ തറവാട്. അദ്ദേഹം ''ഏകനായി താമസിക്കുന്ന ചെറിയ വീട് ''എന്നു വേണുഗോപാൽ വിശേഷിപ്പിക്കുന്ന മധു ചേട്ടന്റെ വീടിനു ഒരു ഹാളും അഞ്ചു മുറികളും ഉണ്ട്. രണ്ടുമുറികൾ ബേസ്‌മെന്റിൽ ആണുള്ളത്. ആ വീട് മധു ചേട്ടൻ സ്വന്തം പണം കൊണ്ട് തന്റെ സ്വന്ത ഇഷ്ടപ്രകാരം നിർമ്മിച്ചതാണ്.

അവിടെ അദ്ദേഹം തനിച്ചല്ല താമസം. അദ്ദേഹത്തിന്റെ ഒരു പേർസണൽ ഓഫീസ്‌ പോലെയാണ്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും ആരാധകരെയും സ്വീകരിക്കുന്ന ഇടം. ആ കോമ്പൗണ്ടിൽ ആകെ മൂന്നു വലിയ കെട്ടിടങ്ങൾ ഉണ്ട്. ഒന്ന് മധുച്ചേട്ടന്റെ ഭാര്യയുടെ ജന്മഗൃഹമായ ശിവഭവനം. അതിനു പിന്നിലായി പണിത പുതിയ വീട്ടിൽ മധുച്ചേട്ടന്റെ ഏക മകൾ ഡോ. ഉമാ നായരും ഭർത്താവ് എൻജിനീയറും വിദ്യാഭ്യാസ വിദഗ്ധനുമായ കൃഷ്ണകുമാറും അവരുടെ ഏക മകനും കുടുംബവും താമസിക്കുന്നു. കൃഷ്ണകുമാറിന്റെ പിതാവ് ശ്രീ. പദ്മനാഭൻ നായരും അവരോടൊപ്പം സന്തോഷമായിരിക്കുന്നു. മധു ചേട്ടന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം.

മധു ചേട്ടന്റെ സഹായികളായി രണ്ടു പേർ കൂടിയുണ്ട് ആ വലിയ വീട്ടിൽ. ഞങ്ങളെ പോലെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ പതിവായി ഇവരെയെല്ലാം ഒരുമിച്ചു സന്ദർശിച്ചു സന്തോഷ നിമിഷങ്ങൾ പങ്കുവെയ്ക്കുന്നു. ഇങ്ങനെ ഒരു വലിയ കൂട്ടൂ കുടുംബത്തിന്റെ നായകനായ മധു ചേട്ടനെയാണ് പാട്ടുകാരൻ വേണുഗോപാൽ ഏകനും അനാഥനുമുമായി ചിത്രീകരിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളും വേണ്ടപ്പട്ടവരും നടൻ മധുവിനെ ശ്രദ്ധിക്കുന്നില്ല എന്ന ഒരു ധ്വനി വേണുഗോപാലിന്റെ പോസ്റ്റിൽ ഉണ്ട്. വേണുഗോപാലിനെ പോലുള്ളവർ ഇങ്ങനെ നിജസ്ഥിതി അറിയാതെ അപവാദം പറഞ്ഞു പരത്തുമ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആലോചിക്കുന്നില്ല.

വേണുഗോപാൽ പറഞ്ഞിരിക്കുന്ന മറ്റൊരു അസത്യം മധു ചേട്ടൻ സിനിമയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ സ്വത്തുക്കൾ എല്ലാം വിറ്റു തുലച്ചു എന്നതാണ്. എന്നാൽ മധുച്ചേട്ടൻ സിനിമയ്ക്ക് വേണ്ടി ഒരു സെന്റ് ഭൂമി പോലും നഷ്ടപ്പെടുത്തിയിട്ടില്ല. മറിച്ച് സിനിമ അദ്ദേഹത്തിന് നേട്ടങ്ങളേ നൽകിയിട്ടുള്ളൂ. അദ്ദേഹം അഭിനയിച്ചു സമ്പാദിച്ച പണം കൊണ്ടാണ് ഉമാ സ്റ്റുഡിയോ സ്ഥാപിച്ചത്.( ഉമാ സ്റ്റുഡിയോ ആദ്യം തുടങ്ങിയത് ചെന്നൈയിൽ ആയിരുന്നു. അന്ന് അതിനു വേണ്ടി പ്ലാൻ തയ്യാറാക്കുകയും നിർമ്മാണം തുടങ്ങുകയും ചെയ്ത എഞ്ചിനീയർ ഞാൻ ആയിരുന്നു. അതുകൊണ്ട് അന്നു മുതലുള്ള കാര്യങ്ങൾ എനിക്കറിയാം).

തിരുവനന്തപുരത്തെ ഉമാ സ്റ്റുഡിയോ ഏഷ്യാനെറ്റിന് വിറ്റു കിട്ടിയ പണവും അദ്ദേഹം പാഴാക്കുകയോ സിനിമയിൽ നിക്ഷേപിക്കയോ ചെയ്തില്ല. ആ പണം കൊണ്ട് പുളിയറക്കോണം എന്ന സ്ഥലത്തു തന്നെ ഒരു വലിയ പുരയിടം വാങ്ങി കെട്ടിടം വെച്ചു. വീണ്ടും അതു ലാഭത്തിനു വിറ്റു പുതിയ പുരയിടങ്ങൾ വാങ്ങുകയും കെട്ടിടങ്ങൾ വെയ്ക്കുകയും ചെയ്തതല്ലാതെ ഒരു രൂപ പോലും നശിപ്പിക്കുകയോ സിനിമയ്ക്കായി കൊടുക്കുകയോ ചെയ്തിട്ടില്ല.

സിനിമാ നിർമ്മാണവും മധു ചേട്ടന് നഷ്ടമൊന്നും വരുത്തിയിട്ടില്ല. സിനിമാ നിർമ്മാണവുമായി യാതൊരു ബന്ധവുമില്ലാത്ത വേണുഗോപാലിന് അതു പറഞ്ഞാലും മനസ്സിലാവില്ല. ഇരുപത്താറു ചിത്രങ്ങൾ സ്വന്തമായി നിർമ്മിക്കുകയും അതുവഴി ലാഭ നഷ്ടങ്ങൾ മനസിലാക്കുകയും ചെയ്ത എനിക്കതറിയാം.

അതുകൊണ്ട് വേണുഗോപാലിനോട് എനിക്ക് ഒരു അഭ്യർത്ഥന ഉണ്ട്. സിനിമാ രംഗത്തും സംഗീതരംഗത്തുമുള്ളവരെയുമൊക്കെ കുറിച്ച് അവിടുന്നും ഇവിടുന്നുമൊക്കെ പാതി കേട്ട് പിന്നെ അതു പൊലിപ്പിച്ച് ഗോസിപ്പാക്കി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്‌ ഒരു ഫാഷനായി ചിലർ കൊണ്ടു നടക്കുന്ന ഈ കാലത്ത് മധു ചേട്ടനെ പോലുള്ളവരെ കുറിച്ച് അറിയാത്ത കാര്യങ്ങൾ എഴുതി കയ്യടി നേടാൻ ശ്രമിയ്ക്കരുത്.

ലാളിത്യത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമാണ് മധു ചേട്ടൻ. അതുകൊണ്ട് തന്നെ അദ്ദേഹത്തെ സന്ദർശിക്കാനെത്തുന്നവരോട് യാതൊരു വിധ പ്രതാപത്തിന്റെയും അകമ്പടിയില്ലാതെ തികച്ചും എളിമയോട് കൂടി ഇടപെടുന്നു മലയാളത്തിന്റെ അഭിമാനവും ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിനുൾപ്പെടെ അർഹനുമായ ആ വലിയ കലാകാരൻ...!

Show Full Article
TAGS:g venugopal sreekumaran thampi madhu Entertainment News 
News Summary - Sreekumaran Thampi's post against G Venugopal
Next Story