നഷ്ടഗാനത്തിന്റെ നീലാംബരി
text_fieldsസി.എസ്. രാധാദേവി (ഫയൽ ചിത്രം)
തിരുവനന്തപുരം: റിലീസായി 71 വർഷം കഴിഞ്ഞിട്ടും കാലാതീതമായി പ്രേക്ഷകമനസ്സിൽ ഇടംപിടിച്ചതാണ് ‘നീലക്കുയിൽ’ സിനിമയും അതിലെ പാട്ടുകളും. നീലക്കുയിലിലെ ‘എല്ലാരും ചൊല്ലണ്’ എന്ന ഗാനം ആലപിക്കേണ്ടിയിരുന്നത് തിരുവനന്തപുരത്തുകാരിയായ സി.എസ്. രാധാദേവിയായിരുന്നു.
ഒരു പാട്ട് പാടാൻ മദ്രാസിലേക്ക് പോവുകയെന്നത് അന്ന് രാധാദേവിക്ക് ചിന്തിക്കാൻപോലും കഴിയാത്തകാര്യം. പകരം ഭാഗ്യം തേടിയെത്തിയത് ജാനമ്മ ഡേവിഡിന്. ജാനമ്മ പാടിയ ‘എല്ലാരും ചൊല്ലണ്’ മലയാളക്കരയിലാകെ അലയടിച്ചപ്പോൾ ആ ഗാനം ആലപിക്കാനാകാത്തതിലെ വിഷമം എക്കാലവും രാധാദേവിക്കുണ്ടായിരുന്നു. ഇതുപോലെ നിരവധി ഗാനങ്ങൾ ചുണ്ടിനടുത്തെത്തി നഷ്ടമായ കഥ അവർ പങ്കുവെച്ചിട്ടുണ്ട്.
1944ലാണ് സി.എസ്. രാധാദേവി പിന്നണിഗാന-അഭിനയരംഗത്ത് എത്തിയത്. നല്ല തങ്കയിലാണ് ആദ്യം പാടിയത്. അഗസ്റ്റിൻ ജോസഫ്, ജാനമ്മ ഡേവിഡ്, ദക്ഷിണാമൂർത്തി എന്നിവർക്കൊപ്പമായിരുന്നു അരങ്ങേറ്റം. ‘സ്ത്രീ’ എന്ന സിനിമയിൽ തിക്കുറിശ്ശിക്കൊപ്പമാണ് ആദ്യം അഭിനയിച്ചത്. അതിൽ രണ്ടാം നായികയായിരുന്നു. തമിഴിലും മലയാളത്തിലുമായി 13 സിനിമകളിൽ അഭിനയിച്ചു.
15ലധികം പാട്ടുകൾ സിനിമക്കായി പാടി. 60 വർഷം ആകാശവാണിയില്‍ പ്രവര്‍ത്തിച്ചു. ആകാശവാണിയിലെ ലളിതസംഗീത പരിപാടിയുടെ ഉദ്ഘാടനം സി.എസ്. രാധാദേവിയുടെ ‘അഞ്ജന ശ്രീധരാ’ എന്ന ഗാനത്തോടെയായിരുന്നു. ജഗതി എൻ.കെ. ആചാരി, വീരരാഘവൻനായർ, ശ്യാമളാലയം കൃഷ്ണൻനായർ, കെ.ജി. ദേവകി അമ്മ, ടി.പി. രാധാമണി എന്നിവരൊക്കെ സഹപ്രവർത്തകരായിരുന്നു. ഡബ്ബിങ് രംഗത്തും സജീവമായ രാധാദേവി മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ശബ്ദംനൽകി. മലയാളത്തിൽ ‘ആന വളർത്തിയ വാനമ്പാടി’ എന്ന ചിത്രത്തിൽ സുജാതക്കും ‘കടൽ’ എന്ന സിനിമയിൽ ശാരദക്കുംവേണ്ടി ശബ്ദം നൽകി. ഭരത് ഗോപി സംവിധാനം ചെയ്ത ‘ഞാറ്റടി’യിൽ വൃദ്ധകഥാപാത്രത്തിനാണ് ഒടുവിൽ ശബ്ദം നൽകിയത്.