ഇളയരാജയുടെ 50 സംഗീത വർഷങ്ങൾ; ആഘോഷമാക്കാൻ തമിഴ്‌നാട് സർക്കാർ
text_fieldsമുതിർന്ന സംഗീതജ്ഞൻ ഇളയരാജയുടെ സിനിമാ യാത്രയുടെ 50 വർഷങ്ങൾ തമിഴ്‌നാട് സർക്കാർ ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ. ഇളയരാജയെ അദ്ദേഹത്തിന്‍റെ വസതിയിൽ എത്തി സന്ദർശിച്ചതിന് ശേഷമാണ് സ്റ്റാലിൻ ഇക്കാര്യം അറിയിച്ചത്.
ഇളയരാജയുടെ അര നൂറ്റാണ്ട് നീണ്ട സിനിമാ സംഗീത യാത്ര ആഘോഷിക്കാൻ തീരുമാനിച്ചതായും നിർദ്ദിഷ്ട പരിപാടിയിൽ സംഗീതജ്ഞന്റെ ആരാധകരുടെ പങ്കാളിത്തം ഉണ്ടായിരിക്കുമെന്നും സ്റ്റാലിൻ എക്സ് പോസ്റ്റിൽ പറഞ്ഞു.
അതേസമയം, ഇളയരാജയുടെ സംഗീതജീവിതത്തിലെ ആദ്യത്തെ പാശ്ചാത്യ ക്ലാസിക്കൽ സിംഫണിയായ ‘വാലിയന്റ്’ എന്ന പരിപാടി ലണ്ടനിൽ നടന്നു. ഇതിലൂടെ ലണ്ടനിൽ പാശ്ചാത്യ ക്ലാസിക്കൽ സിംഫണി അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഇളയരാജ മാറി.
1976 ൽ അന്നക്കിളി എന്ന സിനിമക്ക് സംഗീതസംവിധാനം നിർവഹിച്ചാണ് ഇളയരാജ ചലച്ചിത്രലോകത്തേക്ക് പ്രവേശിക്കുന്നത്. തമിഴിന് പുറമേ തെലുങ്ക്, മലയാളം, ഹിന്ദി, മറാത്തി എന്നീ ഭാഷകളിലായി 1300ൽ അധികം ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതമൊരുക്കിയിട്ടുണ്ട്.