ലതാ മങ്കേഷ്‌കറോ, ആശാ ഭോസ്‌ലെയോ അല്ല; 36 ഭാഷകളിലായി 25,000ത്തിലധികം ഗാനങ്ങൾ പാടിയ ആ ഗായിക ആര്?
text_fieldsഇന്ത്യൻ സംഗീത ലോകത്ത്, ഇതിഹാസങ്ങളെക്കുറിച്ച് പറയുമ്പോൾ, പെട്ടെന്ന് ഓർമ്മ വരുന്നത് ചില പേരുകളുണ്ട്. 36ലധികം ഭാഷകളിൽ 25,000ത്തിലധികം ഗാനങ്ങൾക്ക് ശബ്ദം നൽകിയ ഒരു ഗായിക ഉണ്ട്. അത് ലതാ മങ്കേഷ്‌കർ, ആശാ ഭോസ്‌ലെ, അൽക യാഗ്‌നിക് എന്നിവരൊന്നും അല്ല. ഇന്ത്യയുടെ വാനമ്പാടിയായ കെ.എസ് ചിത്രയാണ് അത്. ആറ് തവണ മികച്ച ഗായികക്കുള്ള ദേശീയ അവാർഡുകൾ നേടിയ ചിത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയ അവാർഡുകൾ വാങ്ങിയ ഗായികയാണ്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിൽ അവർ പാടിയ ഗാനങ്ങൾ വൻ വിജയമായിരുന്നു. തമിഴിൽ 'ചിന്നക്കുയിൽ' എന്നും തെലുങ്കിൽ 'സംഗീത സരസ്വതി' എന്നും കന്നഡയിൽ 'ഗാനകോകില' എന്നുമാണ് ചിത്ര അറിയപ്പെടുന്നത്. സംഗീതജ്ഞരുടെ കുടുംബത്തിൽ ജനിച്ച ചിത്രയുടെ സംഗീത താല്പര്യം തിരിച്ചറിഞ്ഞത് പിതാവാണ്. അദ്ദേഹം തന്നെയായിരുന്നു ചിത്രയുടെ ആദ്യ ഗുരു. 1979ൽ എം.ജി. രാധാകൃഷ്ണൻ സംഗീതസംവിധാനം നിർവഹിച്ച അട്ടഹാസം എന്ന ചിത്രത്തിലൂടെയാണ് ചിത്ര മലയാള സിനിമയിൽ പിന്നണി ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ, ആദ്യം പുറത്തിറങ്ങിയ ഗാനം 1982ൽ പുറത്തിറങ്ങിയ ഞാൻ ഏകനാണ് എന്ന ചിത്രത്തിലേതാണ്.
ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെ രജനീ പറയൂ.., പ്രണയവസന്തം തളിരണിയുമ്പോള്‍ എന്നീ ഗാനങ്ങൾ ചിത്രയെന്ന ഗായികയെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ പരിചിതയാക്കി.ഇളയരാജ, എ.ആർ. റഹ്മാൻ, എം.എസ്. വിശ്വനാഥൻ, കീരവാണി, വിദ്യാസാഗർ, എസ്.പി. വെങ്കിടേഷ് തുടങ്ങിയ നിരവധി പ്രമുഖ സംഗീത സംവിധായകർക്കുവേണ്ടി ചിത്ര പാടിയിട്ടുണ്ട്. എന്‍റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രമായിരുന്നു ചിത്രയെ മലയാളികൾക്ക് വളരെ പ്രിയങ്കരിയാക്കിയത്. 'ആളൊരുങ്ങി, അരങ്ങൊരുങ്ങി' എന്ന ഗാനം മലയാളികൾ നെഞ്ചേറ്റി ലാളിച്ചു. കളിയില്‍ അല്‍പം കാര്യം എന്ന ചിത്രത്തിലെ കണ്ണോടു കണ്ണായ, ആരാന്‍റെ മുല്ല കൊച്ചു മുല്ലയിലെ പൊന്‍താമരകള്‍, അടുത്തടുത്ത് എന്ന ചിത്രത്തിലെ ആലോലം ചാഞ്ചാടും, പുന്നാരം ചൊല്ലി ചൊല്ലിയിലെ അത്തപ്പൂവും നുള്ളി, അരയരയരയോ കിന്നരയോ കിളി തുടങ്ങിയ ഗാനങ്ങളിലൂടെ ചിത്ര മലയാളത്തിലെ തന്‍റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു.
1986ല്‍ തമിഴ് സിനിമയായ സിന്ധുഭൈരവിയിലെ 'പാടറിയേന്‍ പഠിപ്പറിയേന്‍..' എന്ന ഗാനം ചിത്രക്ക് ആദ്യ ദേശീയ അവാര്‍ഡ് സമ്മാനിച്ചു. 1987ൽ ബോംബെ രവിയുടെ സംഗീതത്തില്‍ നഖക്ഷതങ്ങളിലെ 'മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി' രണ്ടാമത്തെ ദേശീയ അവാര്‍ഡ് നല്‍കി. വൈശാലിയിലെ 'ഇന്ദുപുഷ്പം ചൂടി നില്‍ക്കും രാത്രി..' എന്ന ഗാനം മൂന്നാമതും ദേശീയ അംഗീകരാം നൽകി. എ.ആര്‍. റഹ്മാന്‍റെ സംഗീതത്തില്‍ മീന്‍സാരക്കനവിലെ 'ഊ ല..ല.. ല..' നാലാമത്തെ അവാര്‍ഡു നല്‍കി. ഭരതന്‍ സംവിധാനം ചെയ്ത തേവര്‍ മകന്‍റെ ഹിന്ദി പതിപ്പായ വിരാസാത്തിലെ 'പായലേ ചും ചും' എന്ന ഗാനത്തോടെ 1997ൽ അഞ്ചാമത്തെ ദേശീയ അവാര്‍ഡും ചിത്ര നേടി. 2004ല്‍ തമിഴ് ചിത്രമായ ഓട്ടോഗ്രാഫിലെ ഒവ്വോരു പൂക്കളുമേ എന്ന ഗാനം ആറാമതും ചിത്രയെ ദേശീയപുരസ്കാരത്തിന് അർഹയാക്കി.
ആറ് ദേശീയ പുരസ്കാരങ്ങൾ, എട്ട് ഫിലിംഫെയർ അവാർഡുകൾ, 36 വിവിധ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ (16 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ, 11 ആന്ധ്രാപ്രദേശ് സംസ്ഥാന പുരസ്കാരങ്ങൾ, നാല് തമിഴ്നാട് സംസ്ഥാന പുരസ്കാരങ്ങൾ, മൂന്ന് കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ) എന്നിവ ചിത്രക്ക് ലഭിച്ചിട്ടുണ്ട്. 2021ൽ പത്മഭൂഷണും 2005ൽ പത്മശ്രീയും നൽകി ഭാരത സർക്കാർ ചിത്രയെ ആദരിച്ചു.