തബലയിൽ താളമിട്ട് മെഹ്ഫിലുകളിൽ നിറസാന്നിധ്യമായി ഒമ്പതാം ക്ലാസുകാരി
text_fieldsറൈൻ ഫെർണാണ്ടസ്
മട്ടാഞ്ചേരി: ഒമ്പതാംക്ലാസ് വിദ്യാർഥിനി തബലയിൽ താളമിട്ട് മെഹ്ഫിലുകളുടെ ശ്രദ്ധാകേന്ദ്രമായി മാറുന്നു. ഫോർട്ട്കൊച്ചി ഡെൽറ്റ സ്റ്റഡി സ്കൂൾ വിദ്യാർഥിനിയും ജോൺസൺ ഫെർണാണ്ടസ് - യോഗിനി നീതു ദമ്പതികളുടെ മകളുമായ റൈൻ ഫെർണാണ്ടസാണ് തബലയിൽ വിരൽ പെരുക്കത്തിലൂടെ ആസ്വാദക മനസ്സിൽ ഇടംപിടിക്കുന്നത്. പൊതുവെ തബല വായിക്കുന്നതിൽ സ്ത്രീകൾ കുറവാണെരിക്കെയാണ് ഒമ്പതാംക്ലാസ് വിദ്യാർഥിനി മെഹ്ഫിലുകളിൽ തബല ധ്വനി ഉയർത്തി മുന്നേറുന്നത്.
തേവരയിലെ പഞ്ചാബി ഗുരുദ്വാരയിൽ ഭജനകൾക്കും കീർത്തനങ്ങൾക്കും തബലയിൽ അകമ്പടിയേകാൻ റൈൻ എത്താറുണ്ട്. മെഹ്ഫിലുകൾ തുടങ്ങുമ്പോൾ തബലയിൽ വിരൽ പെരുക്കം നടത്തുമ്പോൾ കണ്ടുനിൽക്കുന്നവരും ആശ്ചര്യപ്പെടുകയാണ്. ഒമ്പതാംവയസ്സിൽ ജിത്തു ഉമ്മനിൽ നിന്നുമാണ് തബല അഭ്യസിച്ചത്.
മാതാവ് യോഗിനി നീതു സിത്താറും ഹാർമോണിയവും കൈകാര്യം ചെയ്യുന്നുണ്ട്. ഗുരുദ്വാരയിൽ അമ്മക്കൊപ്പം കൂട്ടിന് പോയിക്കൊണ്ടിരുന്നപ്പോഴാണ് തബലയിലേക്ക് ആകർഷിച്ചത്. കോവിഡ് കാലത്ത് ഓൺലൈനിലൂടെയും തബലയെ ഏറെ ഗ്രഹിച്ചു. പിന്നീടാണ് മെഹ്ഫിലുകളിൽ ക്ഷണം ലഭിച്ചത്. രാജ്യം മുഴുവൻ അറിയപ്പെടുന്ന തബലിസ്റ്റായി മാറണമെന്നാണ് ആഗ്രഹം.