20 വർഷത്തെ ഇടവേളക്ക് ശേഷം 'ബേസ്ഡ് ഓൺ എ ട്രൂ സ്റ്റോറി'യുമായി വിൽ സ്മിത്ത്
text_fieldsവിൽ സ്മിത്ത് ആരാധകർക്ക് ഇതാ ഒരു സന്തോഷവാർത്ത. 20 വർഷത്തെ ഇടവേളക്ക് ശേഷം പുതിയ ആൽബവുമായി പാട്ടിലേക്ക് തിരിച്ചുവരവിനൊരുങ്ങി വിൽ സ്മിത്ത്. 'ബേസ്ഡ് ഓൺ എ ട്രൂ സ്റ്റോറി' എന്ന ആൽബം മാർച്ച് 28 ന് പുറത്തിറങ്ങുമെന്ന് വിൽ സ്മിത്ത് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. 2005-ലെ 'ലോസ്റ്റ് ആൻഡ് ഫൗണ്ടി'ന് ശേഷം നീണ്ട ഇടവേള എടുത്ത നടന്‍റെ പാട്ടിലേക്കുള്ള തിരിച്ചുവരവിൽ ആരാധകരും ത്രില്ലിലാണ്. 14 പാട്ടുകളാണ് ആൽബത്തിലുള്ളത്.
അലി (2001), പെർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സ് (2006), ഐ ആം ലെജഡ് (2007),ഐ റോബോട്ട് (2004), ഇൻഡിപെൻഡൻസ് ഡേ (1996), കിങ് റിച്ചാർഡ് (2021), മെൻ ഇൻ ബ്ലാക്ക് (1997) എന്നീ ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയനായ വിൽ സ്മിത്തിന് പാട്ടും സിനിമയും ഒരു പോലെ പ്രിയപ്പെട്ടതാണ്. 1980 കളിൽ ഡിജെകളിലൂടെ സംഗീത രംഗത്ത് ചുവടുറപ്പിച്ച വിൽ സ്മിത്ത് 1997ൽ മെൻ ഇൻ ബ്ലാക്കിലൂടെയാണ് സ്വതന്ത്ര സിനിമ താരമായത്. സ്മിത്തിന്റെ ആദ്യത്തെ പ്രധാന വേഷങ്ങൾ 1993-ൽ പുറത്തിറങ്ങിയ സിക്സ് ഡിഗ്രിസ് ഓഫ് സെപ്പറേഷൻ എന്ന നാടകത്തിലും 1995-ൽ പുറത്തിറങ്ങിയ ബാഡ് ബോയ്‌സ് എന്ന ആക്ഷൻ ചിത്രത്തിലുമായിരുന്നു. ചിത്രം വാണിജ്യപരമായി വിജയിച്ചു. 141.4 മില്യൺ ഡോളർ വരുമാനമാണ് ചിത്രം നേടിയത്. എന്നാലും നിരൂപക സ്വീകാര്യത പൊതുവെ സമ്മിശ്രമായിരുന്നു.
നാല് ഗോൾഡെൻ ഗ്ലോബ് അവാർഡുകൾക്കും, രണ്ടു ഓസ്കർ അവാർഡുകൾക്കും നാമനിർദേശം ചെയ്യപ്പെട്ട വിൽ സ്മിത്ത് നാല് ഗ്രാമി അവാർഡുകൾ നേടിയിട്ടുണ്ട്. ദി കരാട്ടെ കിഡിലെ (2010) ജെയ്ഡൻ സ്മിത്ത് വിൽ സ്മിത്തിന്‍റെ മകനാണ്.