ഈ കച്ചേരി ബിൻസീനക്ക് ഔഷധമാണ്
text_fieldsബിൻസീന കച്ചേരി അവതരിപ്പിക്കുന്നു
തൃശൂർ: സംഗീതം ശമനൗഷധമാണെന്നും രോഗശാന്തിക്ക് മ്യൂസിക് തെറപ്പി ഉപയോഗിക്കുന്നുണ്ടെന്നും അറിയാത്തവരല്ല നമ്മൾ. അതിനെല്ലാം അപ്പുറത്ത് സംഗീതത്തിലൂടെ സാധാരണ ജീവിതം തിരിച്ചുപിടിച്ചൊരു അത്ഭുത പ്രതിഭയുണ്ട് തൃശൂരിൽ. ബിൻസീനയെന്ന 24കാരി. തൃശൂർ ആമ്പല്ലൂർ കല്ലൂർ കറുകത്തല നൗഷാദിന്റെയും സുനിതയുടെയും മൂത്ത മകൾ.
ഭിന്നശേഷിക്കാരിയായിട്ടാണ് ബിൻസീന ജനിച്ചത്. 40 ശതമാനത്തിന് മുകളിൽ മാനസിക ബുദ്ധിമുട്ടുകളുണ്ടായിരുന്ന പെൺകുട്ടി. സാധാരണ പോലെ ബിൻസീനയുടെ മാതാപിതാക്കളും അവളെ സ്പെഷൽ സ്കൂളിലയച്ചു. ഹൈപർ ആക്ടിവ് ആയിരുന്നു ബിൻസീന.
എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം. ഇല്ലെങ്കിൽ വല്ലാതെ അസ്വസ്ഥയാകുന്ന ബിൻസീന എപ്പോഴാണ് ശാന്തയാകുന്നതെന്ന് വൈകാതെ ഉമ്മ സുനിത കണ്ടെത്തി. വീടിന് തൊട്ടടുത്തുള്ള മതിക്കുന്ന് ക്ഷേത്രത്തിൽ പുലർകാലങ്ങളിൽ വെക്കുന്ന കച്ചേരി സാകൂതം കേട്ടിരിക്കുന്ന ബിൻസീന വീട്ടുകാരിൽ അത്ഭുതം വളർത്തി.
അതുമാത്രമാണ് അവളെ ശാന്തയാക്കുന്നതെന്ന് അവർ തിരിച്ചറിഞ്ഞു. പിന്നീട് മകൾ സ്വസ്ഥയായിരിക്കുന്നതും സമാധാനത്തോടെ സംഗീതം ആസ്വദിക്കുന്നതും കാണാൻ ആ കുടുംബവും അമ്പല കോളാമ്പിയിലേക്ക് ചെവിയോർത്തു.
ഈ വിവരം ഡോക്ടറോട് പറഞ്ഞതിനെ തുടർന്നാണ് സ്പെഷൽ സ്കൂളിൽനിന്ന് ബിൻസീനയെ സാധാരണ സ്കൂളിലേക്ക് ചേർക്കുന്നത്. ഒപ്പം സംഗീത അധ്യാപിക സുമ ടീച്ചറുടെ ശിക്ഷണത്തിൽ ശാസ്ത്രീയ സംഗീത പഠനവും തുടങ്ങി. ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് അവൾ ശാസ്ത്രീയ സംഗീത മേഖലയിൽ പ്രകടിപ്പിച്ചത്.
തൃശൂർ സർവോദയ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയ ബിൻസീന സംഗീതത്തിന്റെ വഴിതന്നെ മുന്നോട്ടുള്ള ജീവിതത്തിൽ എന്ന് ഉറപ്പിച്ചു. തൃശൂർ എസ്.ആർ.വി ഗവ. സംഗീത കോളജിൽ തന്നെ ബി.എ മ്യൂസിക്കിന് അഡ്മിഷൻ സ്വന്തമാക്കി.
കഴിഞ്ഞ വർഷം പഠനം പൂർത്തിയാക്കി പുറത്തിറങ്ങി. നിലവിൽ ചെൈമ്പ സംഗീത കോളജിൽ എം.എ വോക്കൽ ശാസ്ത്രീയ സംഗീതം വിദ്യാർഥിനിയാണ്. ബിൻസീനയുടെ പഠനാവശ്യാർഥം കോളജിനടുത്ത് ഫ്ലാറ്റ് എടുത്ത് താമസിക്കുകയാണ് കുടുംബം. പിതാവ് നൗഷാദ് ബിസിനസുകാരനാണ്.
മാതാവ് സുനിത വീട്ടമ്മയും. അനിയൻ ആദിൽ പ്ലസ് ടു വിദ്യാർഥിയും. ബാല്യത്തിൽ കീർത്തനങ്ങൾ കേട്ട മതിക്കുന്ന് ക്ഷേത്രത്തിൽ തന്നെ കച്ചേരി നടത്താനുള്ള ഭാഗ്യവും ബിൻസീനയെ തേടിയെത്തി. പഠനശേഷം സംഗീതാധ്യാപിക ആകണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് ബിൻസീന ‘മാധ്യമ’ത്തോട് പറഞ്ഞു.