സുബീൻ ഗാർഗിന്റെ മരണം; ഇവന്റ് മാനേജർ ശ്യാംകാനുവിന്റെ പങ്കും അന്വേഷിക്കും
text_fieldsഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ പ്രതിചേർത്ത ഇവന്റ് മാനേജർ ശ്യാംകാനു മഹന്തക്കെതിരേ അസം പൊലീസ് കൂടുതൽ അന്വേഷണം നടത്തും. കഴിഞ്ഞദിവസങ്ങളിൽ നടന്ന റെയ്ഡിൽ ശ്യാംകാനുവിന്റെ വീട്ടിൽനിന്ന് പ്രധാനരേഖകളും വസ്തുക്കളും പിടിച്ചെടുത്തിരുന്നു. ഒരു സ്ഥാപനത്തിന്റെ പേരിലുള്ള ഒന്നിലധികം പാൻ കാർഡുകൾ, വിവിധ കമ്പനികളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും 30 സ്റ്റാമ്പ് സീലുകൾ, ബിനാമി സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സുബിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സംസ്ഥാന സി.ഐ.ഡിയിൽ പരാതി നൽകിയിരുന്നു.
ശ്യാംകാനു മഹന്തക്കെതിരേ അനധികൃത സ്വത്തുസമ്പാദനവും കള്ളപ്പണം വെളുപ്പിക്കലും സംഘടിത കുറ്റകൃത്യങ്ങളിൽ പങ്കാളിയായതുമായി ബന്ധപ്പെട്ട കേസുകളും അന്വേഷിക്കുന്നുണ്ട്. സർക്കാർ ഫണ്ട് ദുരുപയോഗംചെയ്തതുമായി ബന്ധപ്പെട്ടും ഇയാൾക്കെതിരേ അന്വേഷണം നടത്തുന്നുണ്ട്. മുൻ ഡി.ജി.പി ഭാസ്‌കർ ജ്യോതി മഹന്തയുടെ ഇളയസഹോദരനാണ് ശ്യാംകാനു.
സിംഗപ്പൂരിൽ സ്കൂബാ ഡൈവിങ്ങിനിടെയാണ് സുബീന്റെ അപ്രതീക്ഷിത മരണം. സിംഗപ്പൂർ പൊലീസ് കടലിൽ നിന്ന് രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കാണാനും അനുശോചനമർപ്പിക്കാനും ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. സോനാപൂരിലെ കാമർകുച്ചി ഗ്രാമത്തിൽ പൂർണ്ണ സംസ്ഥാന ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ അന്ത്യകർമങ്ങളും ശവസംസ്കാരവും നടന്നത്. ഒരു തലമുറയെ നിർവചിച്ച ശബ്ദത്തിന് ഹൃദയസ്പർശിയായ വിടവാങ്ങലാണ് നൽകിയത്. അസമീസ്, ബംഗാളി, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ അവിസ്മരണീയമായ ഗാനങ്ങൾ ആലപിച്ച ഗായകനാണ് സുബീൻ ഗാർഗ്. ഹിന്ദിയിൽ, ഇമ്രാൻ ഹാഷ്മി, കങ്കണ റണാവത്ത്, ഷൈനി അഹൂജ എന്നിവർ അഭിനയിച്ച ‘ഗാംഗ്സ്റ്റർ’ എന്ന ചിത്രത്തിലെ ‘യാ അലി’ ആയിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ഗാനം. ക്രിഷ് 4ൽ ‘ദിൽ തു ഹി ബാത’ എന്ന ട്രാക്കും അദ്ദേഹം ആലപിച്ചു.
മലയാളമടക്കം 40 ഭാഷകളിൽ അദ്ദേഹം പാടിയിട്ടുണ്ട്. ഇതിൽ ബിഷ്ണുപ്രിയ മണിപ്പൂരി, ആദി, ബോറോ, ഇംഗ്ലീഷ്, ഗോൾപരിയ, കന്നഡ, കർബി, ഖാസി, സാൻദിയ, നേപാ, ഖാസി, മലയാളം, സാൻദിയ, നേപാ, സിന്ധീ, മിസിങ്ങ് എന്നിയുൾപ്പെടുന്നു. ആനന്ദലഹരി, ധോൾ, ദോതാര, ഡ്രംസ്, ഗിറ്റാർ, ഹാർമോണിക്ക, ഹാർമോണിയം, മാൻഡോലിൻ, കീബോർഡ്, തബല, വിവിധ താളവാദ്യങ്ങൾ എന്നിവയുൾപ്പെടെ 12 ഉപകരണങ്ങൾ അദ്ദേഹം വായിച്ചിരുന്നു. അസമിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഗായകനായിരുന്നു അദ്ദേഹം.