‘ഇനിയൊരു സുബീൻ ഒരിക്കലുമുണ്ടാവില്ല’; പ്രിയ ഗായകന്‍റെ അന്ത്യയാത്രയിൽ അകമ്പടിയായി ആയിരങ്ങൾ
text_fieldsലക്ഷക്കണക്കിന് ആരാധകരെ ദുഃഖത്തിലാഴ്ത്തിയ ഗായകൻ സുബീൻ ഗാർഗിന്റെ അന്ത്യകർമത്തിൽ ആരാധകരും സെലിബ്രിറ്റികളുമടക്കം നിരവധി പേരാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ, കേന്ദ്രമന്ത്രി കിരൺ റിജിജു, ഗാർഗിന്റെ കുടുംബവും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ മേൽനോട്ടത്തിൽ ഒരുക്കങ്ങളും ആദരാഞ്ജലികളും നടന്നു.
സിംഗപ്പൂരിൽ സ്കൂബാ ഡൈവിങ്ങിനിടെയാണ് സുബീന്റെ അപ്രതീക്ഷിത മരണം. ഞായറാഴ്ച മൃതദേഹം കാണാനും അനുശോചനമർപ്പിക്കാനും ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. സോനാപൂരിലെ കാമർകുച്ചി ഗ്രാമത്തിൽ പൂർണ്ണ സംസ്ഥാന ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ അന്ത്യകർമങ്ങളും ശവസംസ്കാരവും നടന്നത്. ഒരു തലമുറയെ നിർവചിച്ച ശബ്ദത്തിന് ഹൃദയസ്പർശിയായ വിടവാങ്ങലാണ് നൽകിയത്. സുബീൻ ഗാർഗിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രീയക്കാരും ബോളിവുഡ് താരങ്ങളും ആദരാഞ്ജലികൾ അർപ്പിച്ചു.
ലക്ഷക്കണക്കിന് ആരാധകർ അസമിന്റെ പ്രിയപ്പെട്ട ഗായകൻ സുബീൻ ഗാർഗിന് ആദരാഞ്ജലികൾ അർപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ നാല് നായ്ക്കളും തിങ്കളാഴ്ച ഗുവാഹത്തിയിലെ സരുസജായ് സ്റ്റേഡിയത്തിൽ യജമാനന് അന്ത്യോപചാരം അർപ്പിച്ചു. 85 വയസ്സുള്ള അച്ഛനും ഭാര്യ ഗരിമ സൈകിയയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ശവസംസ്കാര ചടങ്ങിൽ അനുഗമിച്ചു. ആരാധകർ അദ്ദേഹത്തിന്റെ ഐക്കണിക് ഗാനങ്ങൾ ആലപിച്ചു. അതേസമയം നിരവധി പേർക്ക് ചൂട് കാരണം ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ഉടനടി വൈദ്യസഹായം നൽകുകയും ചെയ്തിരുന്നു.
അസമീസ്, ബംഗാളി, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ അവിസ്മരണീയമായ ഗാനങ്ങൾ ആലപിച്ച ഗായകനാണ് സുബീൻ ഗാർഗ്. തിങ്കളാഴ്ചവരെ സുബീന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചിരുന്നു. പൊതുജനങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാനായി ഭോഗേശ്വർ ബറുവ സ്റ്റേഡിയം ഞായറാഴ്ച രാത്രി മുഴുവൻ തുറന്നിരിക്കും. സ്‌പോർട്‌സ് കോംപ്ലക്‌സിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള കമർകുച്ചി എൻസി ഗ്രാമത്തിൽ സുബീന്റെ മൃതദേഹം പൂർണ്ണ സംസ്ഥാന ബഹുമതികളോടെ സംസ്‌കരിക്കും. അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾക്കായി അസമിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചൊവ്വാഴ്ച അടച്ചിരുന്നു.