‘എന്‍റെ കൂടെ തന്നെയുണ്ട്, ഞാൻ അദ്ദേഹത്തെ എല്ലായിടത്തും കാണുന്നു’; സുബീൻ ഗാർഗിന്റെ ഓർമകളിൽ ഭാര്യ ഗരിമ
text_fieldsസുബീൻ ഗാർഗ്, ഗരിമ
അസമിന്റെ ഹൃദയതാളമായിരുന്ന പ്രിയ ഗായകൻ സുബീൻ ഗാർഗിന്റെ ഓർമകൾക്ക് ഇന്ന് ഒരു വയസ്. അസം ഒന്നടങ്കം തങ്ങളുടെ പ്രിയപ്പെട്ട സുബീൻ ദായ്ക്ക് കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. കഴിഞ്ഞ വർഷം 2025 സെപ്റ്റംബർ 19നാണ് സിംഗപ്പൂരിൽ വെച്ച് 52-ാം വയസ്സിൽ സുബീൻ ഗാർഗ് അന്തരിച്ചത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം അസമിനെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.
മരണത്തെ ചൊല്ലിയുള്ള ദുരൂഹതകളും നിയമപോരാട്ടങ്ങളും ഇന്നും തുടരുകയാണ്. ഒരു വർഷത്തിന് ശേഷം, അദ്ദേഹത്തിന്റെ സ്മാരകമായ സുബീൻ ക്ഷേത്രത്തിൽ ആയിരക്കണക്കിന് ആരാധകരാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരിക്കുന്നത്. സെപ്റ്റംബർ 17ന് ആരംഭിച്ച മൂന്ന് ദിവസത്തെ സുബീൻ ദിവസ് ആചരണം സംഗീതവും പ്രാർത്ഥനകളും സാംസ്കാരിക പരിപാടികളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഞാൻ അദ്ദേഹത്തെ എല്ലായിടത്തും കാണുന്നു, അദ്ദേഹം ഇവിടെയുണ്ട്. കാരണം ആളുകൾ എത്തിയിരിക്കുന്ന രീതി കണ്ടില്ലേ, അവർ എന്ത് പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്, അവരുടെ മതം എന്താണ്, വിശ്വാസം എന്താണ് എന്നൊന്നും അവർ ചിന്തിക്കുന്നില്ല. അവർ മനുഷ്യരായാണ് എത്തിയിരിക്കുന്നത് സുബീന്‍റെ ഭാര്യ ഗരിമ പറഞ്ഞു.
‘ഇവിടെ നമുക്ക് മനുഷ്യരെ മാത്രമേ കാണാൻ കഴിയൂ, അതാണ് അദ്ദേഹത്തിന്‍റെ തത്വശാസ്ത്രം, അവന്റെ പ്രത്യയശാസ്ത്രം. മനോഹരമായ ഒരു അസമെന്നത് അദ്ദേഹത്തിന്‍റെ സ്വപ്നമായിരുന്നു. അതാണ് നമുക്ക് ഇവിടെ ചെറിയ രൂപത്തിൽ കാണാൻ കഴിയുന്നത്. എല്ലാവരും സ്നേഹത്തോടെ, അവനോടുള്ള ബഹുമാനത്തോടെയാണ് ഇവിടെ എത്തിയിരിക്കുന്നത് ഗരിമ കൂട്ടിച്ചേർത്തു.
അസമിലെ ജനങ്ങൾ സുബീൻ ഗാർഗിന്റെ മരണം ആഘോഷിക്കുകയല്ല, അവർ സുബീൻ ദിവസ് ആഘോഷിക്കുകയാണ്. സുബീൻ ആഘോഷത്തിന് വേണ്ടി മാത്രമുള്ളതാണ്. സുബീൻ എപ്പോഴും സർഗ്ഗാത്മകതയെക്കുറിച്ചാണ് സംസാരിച്ചത്. പോസിറ്റിവിറ്റിയെക്കുറിച്ചാണ് പറഞ്ഞത് ഗരിമ പറഞ്ഞു. തന്റെ ജീവിതത്തിലെ പ്രയാസകരമായ ഘട്ടങ്ങളെ സുബീൻ എങ്ങനെ സർഗ്ഗാത്മകതയാക്കി മാറ്റിയെന്നും ഗരിമ ഓർത്തു. ‘ഊർജ്ജം ഒരിക്കലും നശിക്കില്ല, അത് രൂപവും നിറവും മാത്രമേ മാറുന്നുള്ളൂ എന്നാണ് അവൻ പറയാറ്. അതുകൊണ്ടാണ് ഇന്ന് സുബീൻ എല്ലാവരിലും ഉള്ളത്. ഞങ്ങൾക്ക് ഇന്ന് ആയിരക്കണക്കിന് ലക്ഷക്കണക്കിന് സുബീനിയൻസ് ഉണ്ട്’ ഗരിമ പറഞ്ഞു.
സംഗീത സംവിധായകൻ സലിം മർച്ചന്റ് അസമിൽ എത്തി സുബീന് ആദരാഞ്ജലി അർപ്പിച്ചു. ഗായകൻ ധ്രുവ് ഗാന്ധിയും സുബീൻ തിയറ്ററിലെത്തി. സുബീന്റെ സ്റ്റുഡിയോയിൽ സമയം ചെലവഴിച്ചതായും ഗരിമ പറഞ്ഞു. കുനാൽ ഗാഞ്ചാവാല സുബീന് വേണ്ടി ഒരു ഗാനം സമർപ്പിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും അസമിൽ വലിയ ചർച്ചയാണ്.
സിംഗപ്പൂരിലെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ അസം സർക്കാർ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ക്രിമിനൽ കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.‘നമുക്ക് നീതി ലഭിക്കണം. പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് കോടതിയിൽ നടക്കുന്നു. സുബീൻ ഗാർഗിന് നീതി വേണം. 2025 സെപ്റ്റംബർ 19ന് സിംഗപ്പൂരിൽ എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ ഇപ്പോഴും ആ ഉത്തരത്തിനായി കാത്തിരിക്കുകയാണ്’ ഗരിമ പറഞ്ഞു.


