നാട്ടുപച്ചയില് 'പഴം പുരാണം'
text_fieldsഇബ്രാഹിം മുറാദും മുഹമ്മദ് അഹമ്മദ് ജലാലും റാസല്‍ഖൈമ അല്‍ ശമലില്‍ വീടിന്സമീപമുള്ള കൃഷിയിടത്തില്‍
വളച്ചുകെട്ടിയ പച്ചതുരുത്തില്‍ ചെലവഴിക്കുന്ന സമയം ഈ വയോധികര്‍ അനുഭവിക്കുന്നത് തിരികെ വരാത്ത ബാല്യകാല മധുരം. കുഞ്ഞുങ്ങളും കുടുംബവുമൊത്ത് വീട്ടില്‍ കഴിയുന്നത് സന്തോഷകരം. വീടിന് സമീപത്തെ ഈ കൃഷിയിടത്തില്‍ ചെലവഴിക്കുന്ന സമയം ഏറെ ആനന്ദകരം. നാട്യങ്ങളേതുമില്ലാതെയാണ് 80കാരനായ ഇബ്രാഹിം മുറാദും 75കാരനായ മുഹമ്മദ് അഹമ്മദ് ജലാലിന്റെയും വര്‍ത്തമാനങ്ങള്‍. ഗൾഫിലെ 'നാട്ടുപച്ചയിലിരുന്ന്' പഴംപുരാണം പങ്കുവെക്കുകയാണ് ജലാലും മുറാദും.
'എന്റെ രക്ഷിതാക്കള്‍ ഖത്തറിലായിരുന്നു. 60 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യു.എ.ഇയിലത്തെിയത്. ദുബൈ ഖിസൈസിലായിരുന്നു താമസം. അവിടെ നിന്ന് കാല് നടയായാണ് അന്ന് റാസല്‍ഖൈമയിലത്തെിയത്. കടല്‍ തീരം വഴിയായിരുന്നു നടത്തം. ഉമ്മുല്ഖൈവനില് കടല്‍ തീരത്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു ചായക്കട മാത്രമാണ് ഓര്‍മയില്‍. ഇടക്ക് മറ്റു സ്ഥാപനങ്ങളൊന്നുമില്ല. ആ കടയില്‍നിന്ന് രുചിച്ച ചായയുടെ സ്വാദ് നാവില്‍ ഇപ്പോഴുമുണ്ട്. റാക് അല്‍ ശമലില്‍ സഹോദരനൊപ്പമായിരുന്നു താമസം. ഇവിടെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
പട്ടാളത്തില്‍ ജോലി തരപ്പെട്ടു. ദിവസം ഒരു ദിര്‍ഹം എന്ന രീതിയില്‍ മാസം 30 ദിര്‍ഹമായിരുന്നു അന്ന് ചെറുകിട സ്ഥാപനങ്ങളിലെ ശമ്പളം. പുതുതലമുറയിലെ ഇരമ്പിപായുന്ന മോട്ടോര്‍ വിനോദവും കൈവിരലുകളില്‍ അമ്മാനമാടുന്ന ഹൈട്ടെക് വിനോദങ്ങളുമെല്ലാം നമ്മുടെ തലമുറ സ്വപ്നേപി നിനച്ചതല്ല. തൊങ്ങിക്കളി, കസേരക്കളി, കുട്ടിയും കോലും തുടങ്ങിയവയായിരുന്നു ചെറുപ്പം നാളില്‍ തങ്ങളുടെ കളി വിനോദങ്ങള്‍. പെണ്‍കുട്ടികള്‍ മുതിര്‍ന്ന സ്ത്രീകളോടൊപ്പം ഈന്തപ്പനയോലകള്‍ കൊണ്ടുള്ള കൊട്ടകള്‍ നെയ്തെടുക്കാനും കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതിനും ഒപ്പം കൂടും.
കഴുതകളും ഒട്ടകങ്ങളും യാത്രക്ക് കൂട്ടുണ്ടായിരുന്നെങ്കിലും കൂടുതല്‍ പേരും കാല്‍നടയായി തന്നെയാണ് ദൂര ദിക്കുകളിലത്തെിയിരുന്നത്. നാടന്‍ ഭക്ഷണ രീതികളും അതിലേറെ കായികധ്വാനങ്ങളുമായിരുന്നു ഞങ്ങളുടെ തലമുറക്ക് ഇതിനൊക്കെ 'ആവത്' ലഭിക്കാന്‍ സഹായിച്ചത്. വീടുകളും മസ്ജിദുകളുമൊക്കെ ഈന്തപ്പന തടികളും ഓലകളും മേഞ്ഞ കുടുസ്സ് സ്ഥലങ്ങളായിരുന്നു. നാട്ടുകാരും മറുനാട്ടുകാരുമെന്നില്ലാതെ സ്നേഹ സൗഹൃദങ്ങള്‍ക്ക് നല്‍കിയിരുന്ന സ്ഥാനം വലുതായിരുന്നു.
കടുത്ത പ്രയാസങ്ങളിലും ലഭിക്കുന്ന ഭക്ഷ്യ വിഭവങ്ങള്‍ ഒരുക്കിയും പങ്കിട്ടു നല്‍കിയുമുള്ള പൂര്‍വികരില്‍ നിന്ന് കണ്ടുപഠിച്ച ആതിഥ്യ മര്യാദകളില്‍ തങ്ങളുടെ തലമുറ വിട്ടു വീഴ്ച്ച വരുത്തിയിട്ടില്ല. ഈ മര്യാദകള്‍ മാനവികതക്ക് നല്കുന്ന ഊഷ്മളതയുടെ സന്ദേശമാണ്. ആധുനികതയുടെ വര്‍ണങ്ങള്‍ പുല്കിയ പുതുതലമുറയും പൂര്‍വികരുടെ സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകകള്‍ മുറുകെ പിടിക്കുന്ന കാഴ്ച്ചകള്‍ അഭിമാനകരമാണ്'. എത്ര പറഞ്ഞാലും തീരാത്ത കഥകളുമായി ഇരുവരുടെയും സംഭാഷണം തുടരുന്നു.