പ്രിയ ലോഹി നിങ്ങൾക്ക് മരണമില്ല... അമരാവതി അനാഥമായിട്ട് ഇന്നേക്ക് 16 വർഷം
text_fieldsസര്‍ഗാത്മകതയുടെ ആഴവും പരപ്പുമുള്ള കഥകൾ അതിഭാവുകത്വമില്ലാതെ സാധാരണക്കാരോട് സംവദിച്ചു. മനുഷ്യമനസ്സിന്റെ നിരാലംബത, സങ്കീർണത, അന്ധവിശ്വാസങ്ങൾ എന്നിങ്ങനെയുള്ള പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ എക്കാലത്തും മികച്ചുനിൽക്കുന്ന എഴുത്തുക്കാരനാണ് ലോഹിതദാസ്. തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന എ. കെ ലോഹിതദാസ് വിടവാങ്ങിയിട്ട് ഇന്നേക്ക് 16 വര്‍ഷം. 20 വര്‍ഷം നീണ്ട സിനിമാജീവിതം കൊണ്ട് സംവിധാനം ചെയ്തത് 12 സിനിമകള്‍, 44 തിരക്കഥകള്‍.
മധ്യവര്‍ഗ മലയാളി കുടുംബങ്ങള്‍ അനുഭവിക്കുന്ന ദുഃഖങ്ങളും ദുരിതങ്ങളും സംഘര്‍ഷങ്ങളുമായിരുന്നു ലോഹിതദാസ് സിനിമകളുടെ ഇതിവൃത്തങ്ങള്‍. , തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷ്, കിരീടത്തിലെ സേതുമാധവന്‍, ഭൂതക്കണ്ണാടിയിലെ വിദ്യാധരന്‍, അമരത്തിലെ അച്ചൂട്ടി, ഭരതത്തിലെ ഗോപിനാഥന്‍, കന്മദത്തിലെ ഭാനു, വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായർ... അങ്ങനെ നമുക്ക് ചുറ്റും ജീവിക്കുന്ന സാധാരണ മനുഷ്യരുടെ പകര്‍പ്പുകളായിരുന്നു ലോഹിതദാസ് ചിത്രങ്ങളെല്ലാം. കുടുംബമെന്ന സ്ഥിരം ഭൂമികയില്‍ നിന്ന് മാറി പച്ചമനുഷ്യരുടെ മണവും സങ്കടങ്ങളും വികാര വിചാരങ്ങളും ലോഹി പറഞ്ഞപ്പോഴൊക്കെ മലയാളികളുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്. പകരംവെക്കാനില്ലാത്ത ഒരു സിനിമാക്കാരന്റെ കൈയ്യൊപ്പുകളായിരുന്നു അവ. അതുവരെ ജയിച്ച നായകനെ മാത്രം കണ്ട് പരിചയിച്ച മലയാളിക്ക് മുന്നില്‍ തോറ്റുപോകുന്ന നായകന്മാരായി മോഹന്‍ലാലിനെയും മമ്മൂട്ടിയെയും അവതരിപ്പിച്ചപ്പോൾ ആ പകര്‍ന്നാട്ടം പ്രേക്ഷകരിൽ വിങ്ങലുണ്ടാക്കി.
തട്ടിൽ നിന്ന് തട്ടകത്തിലേക്ക്
1955, മെയ് 10നാണ് അമ്പഴത്ത് കരുണാകരന്‍ ലോഹിതദാസ് എന്ന എ.കെ.ലോഹിതദാസ് ജനിക്കുന്നത്. എറണാകുളം മഹാരാജാസില്‍ നിന്ന് ബിരുദപഠനം, പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ലബോട്ടറി ടെക്‌നീഷ്യന്‍ കോഴ്‌സ്. വ്യത്യസ്തമായ പഠനവഴികളിലൂടെ ഒടുവിൽ എഴുത്തിലേക്ക്. ചെറുകഥകള്‍ എഴുതി തുടക്കം. എന്നാൽ ലോകം ആ കഥാകാരനെ അംഗീകരിച്ചില്ല. അവിടെ നിന്ന് ലോഹി വഴിമാറിനടന്നത് നാടകത്തിലേക്കാണ്. ലോഹിയുടെ തന്നെ ചെറുകഥയായ 'ഏകാദശി നോറ്റ കാക്ക' 'സിന്ധു ശാന്തമായി ഒഴുകുന്നു' എന്ന പേരില്‍ നാടകരൂപത്തിലേക്ക് മാറ്റി ലോഹി ചുവട് മാറ്റിപിടിച്ചു. തോപ്പില്‍ ഭാസി നേതൃത്വം നല്‍കിയ കെ.പി.എ.സി.ക്കുവേണ്ടിയായിരുന്നു ആ നാടകം. ആ നാടകത്തിന് സംസ്ഥാന നാടക പുരസ്‌കാരം ലോഹിയെ തേടിയെത്തുന്നു. പിന്നീട് രചയിതാവായും അഭിനേതാവായും നാടകത്തിന്റെ തട്ടകത്തില്‍ ലോഹി തിളങ്ങി. 'അവസാനം വന്ന അതിഥി, സ്വപ്‌നം വിതച്ചവര്‍' എന്നിവയാണ് ലോഹിയുടെ പ്രധാന നാടകങ്ങള്‍. ഏറെ കൊതിച്ചിരുന്നു ലോഹി ഒരു തിരക്കഥ എഴുതാൻ. എം.ടി.യും പത്മരാജനും ജോൺപോളും ടി.ദാമോദരനും തിരക്കഥാരംഗത്ത് തിളങ്ങിനിൽക്കുന്ന കാലത്താണ് നാടക തട്ടകത്തിൽ നിന്ന് ലോഹിതദാസ് സിനിമയിലേക്ക് വരുന്നത്. എന്നാൽ ആ കടന്നുവരവ് വെറുതെയായില്ല. സിനിമ ലോഹിക്ക് രാശി തന്നെയായിരുന്നു.
കണ്ടുമുട്ടുന്നവർ കഥാപാത്രങ്ങൾ
ഹിസ് ഹൈനസ് അബ്ദുള്ള, അമരം, വാത്സല്യം, കമലദളം, കന്മദം, വെങ്കലം തുടങ്ങി എഴുതിയതും സംവിധാനം ചെയ്തതുമെല്ലാം ലോഹിക്ക് മാത്രം സാധിക്കുന്ന സിനിമായാത്രകളായിരുന്നു. കണ്ടുമുട്ടിയ മനുഷ്യരെല്ലാം ലോഹിക്ക് കഥാപാത്രങ്ങളായിരുന്നു. കടപ്പുറത്ത് നിന്നാണ് അമരത്തിലെ മുത്തും അച്ചൂട്ടിയും ഉണ്ടാകുന്നത്. പ്പോഴോ നടത്തിയ ശബരിമലയാത്രക്കിടയില്‍ വാഹനത്തിന് കുറുകേ ചാടിയ പുലിയില്‍ നിന്നാണ് വേട്ടക്കാരനായ വാറുണ്ണിയെ ലോഹി വരച്ചെടുക്കുന്നത്. ഏതോ ചായക്കടയില്‍ നിന്ന് 'മഹായാന'ത്തിലെ രാജമ്മയെയും സ്വന്തം നാട്ടിലെ ഗുണ്ടയില്‍ നിന്ന് 'കിരീട'ത്തിലെ സേതുമാധവനെയുമെല്ലാം ലോഹിത ദാസ് കണ്ടെടുത്തു. അത്രക്ക് നിരീക്ഷണ പാടവം ഉണ്ടായിരുന്നു ലോഹിക്ക്. 'കന്മദ'ത്തിലെ ഭാനു, 'കസ്തൂരിമാനി'ലെ പ്രിയംവദ, 'സൂത്രധാരനി'ലെ ദേവുമ്മ എന്നിവ ലോഹിതദാസ് സൃഷ്ടിച്ച മലയാളത്തിലെ ഏറ്റവും കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളാണ്.
സിനിമക്കുള്ളിലെ കഥകൾ
'എല്ലാരും പറയ്യ്യാ മാഷേ.. മാഷ്‌ക്ക് ഭ്രാന്താന്ന്' ക്ലാസ്സ് റൂമിൽ വെച്ച് ഒരു പെൺകുട്ടി ബാലൻ മാഷോട് ഇങ്ങനെ ചോദിക്കുമ്പോൾ പ്രേക്ഷകരുടെ കണ്ണും നിറയുന്നുണ്ട്. തനിയാവർത്തനത്തിലെ ബാലന്‍ മാഷിനെ ഓർക്കാത്തവർ ചുരുക്കമായിരിക്കും. മമ്മൂട്ടി നിറഞ്ഞും അറിഞ്ഞും അഭിനയിച്ച ചിത്രമായിരുന്നു തനിയാവർത്തനം. തനിയാവർത്തനം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാള സിനിമ ചരിത്രത്തിലേക്ക് കടന്നു വന്ന എഴുത്തുകാരനായിരുന്നു ലോഹിതദാസ്. അന്ധവിശ്വാസങ്ങള്‍ ഒരാളെ എങ്ങനെ ഭ്രാന്തനാക്കി മാറ്റുന്നു എന്ന് കാണിച്ച് തന്ന ചിത്രം. അയൽക്കാരനായ കുഞ്ചനോടൊപ്പമാണ് മമ്മൂട്ടി തനിയാവർത്തനം കാണാൻ പോയത്. ഇടക്ക് മമ്മൂട്ടിയെ നോക്കുമ്പോള്‍ അദ്ദേഹം വായ പൊത്തി ഇരിക്കുന്നു. കണ്ണ് ചുവന്ന് കലങ്ങിയിട്ടുണ്ട്. ചിത്രത്തില്‍ നായകനായി അഭിനയിച്ച മമ്മൂട്ടി നിറകണ്ണുകളോടെ ഇരുന്ന് തനിയാവർത്തനം കാണുന്നത് കണ്ടപ്പോള്‍ താന്‍ അത്ഭുതപ്പെട്ടെന്ന് കുഞ്ചന്‍ പറഞ്ഞത് പ്രേക്ഷകരും കേട്ടതാണ്.
ആദ്യ നാടകത്തിന് മികച്ച നാടകത്തിനുള്ള സംസ്ഥാന അവാർഡ് ലഭിക്കുന്നു. ആ സമയത്ത് ലോഹിതദാസിനെ സിബി മലയിൽ പരിചയപ്പെടുകയും സിനിമ ചെയ്യാൻ ആഗ്രഹമുണ്ടോ എന്ന് ചോദിക്കുകയും ചെയ്യുന്നിടത്താണ് ലോഹിതദാസിന്‍റെ ഗിയർ ഫിഫ്റ്റിങ് സംഭവിക്കുന്നത്. ഒരു വർഷത്തിനിപ്പുറം യാദൃശ്ചികമായി വീട്ടിലേക്ക് ക്ഷണിച്ച സിബി മലയിൽ സ്വന്തമായി ഒരു കഥയുണ്ടാക്കി ചെയ്യാൻ പറ്റുമോയെന്ന് ചോദിക്കുന്നു. രണ്ട് ദിവസം തന്നാൽ ശ്രമിക്കാമെന്ന് ലോഹിതദാസും. അങ്ങനെയാണ് തനിയാവർത്തനം പിറക്കുന്നത്.
ലോഹിതദാസ് എന്ന തിരക്കഥാകൃത്ത് സംവിധായകൻ എന്ന പദവിയിലേക്ക് കാലെടുത്ത് വെച്ച ആദ്യ ചിത്രമാണ് 'ഭൂതക്കണ്ണാടി'. ദേശീയ പുരസ്‌കാരമുൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ നേടിയെങ്കിലും ചിത്രത്തിന് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാനായില്ല. തനി നാട്ടിൻപുറത്തുകാരനായ ഒരു വാച്ച് റിപ്പേയറുകാരൻ. ഒരു പെൺകുട്ടിയുടെ അച്ഛനും വിഭാര്യനുമാണയാൾ. വാച്ച് റിപ്പയർ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ലെൻസിനെപ്പോലെ ചെറിയ കാര്യങ്ങൾപ്പോലും സൂക്ഷ്മമായി, എന്നാൽ പർവ്വതീകരിച്ച് സങ്കല്പിക്കുന്ന സ്വഭാവക്കാരൻ. അതാണ് വിദ്യാധരൻ. അയാളുടെ മാനസിക സംഘർഷങ്ങൾ പ്രേക്ഷകരുടെയും കൂടി ആവുന്നിടത്താണ് ലോഹി എന്ന എഴുത്തുക്കാരൻ വിജയിക്കുന്നത്.
വളരെ പ്രസിദ്ധനായ ഒരു എഴുത്തുകാരൻ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയായിരുന്നു നായകൻ. അദ്ദേഹത്തിന്റെ തിരക്കഥ തിരുത്തിക്കൊടുക്കുക എന്നതായിരുന്നു ലോഹിതദാസിന്റെ പണി. അങ്ങനെ തിരക്കഥ തിരുത്തി നല്‍കിയ ലോഹിതദാസിന്റെ മുഖത്തേക്ക് ആ സംവിധായകന്‍ തിരക്കഥ കീറിയെറിയുന്നു. പിന്നീട് തനിയാവര്‍ത്തനത്തിന്റെ ചിത്രീകരണത്തിനിടെ മമ്മൂട്ടിയെ കാണാനായി ആ പഴയ സംവിധായകനും അയാളുടെ നിര്‍മാതാവും എത്തുന്നു. അന്ന് നിന്നു പോയ സിനിമ പൂര്‍ത്തിയാക്കണം എന്നതായിരുന്നു ആവശ്യം. ചെയ്യാം എന്ന് മമ്മൂട്ടി പറഞ്ഞു. പക്ഷെ ഒരു നിബന്ധനയുണ്ട്. ലോഹി തിരക്കഥ എഴുതണം. അന്ന് തുടങ്ങിയതാണ് മമ്മൂട്ടിയും ലോഹിതദാസും തമ്മിലുള്ള ബന്ധം. 'ലോഹിയുടെ ആ മുഖം ഇപ്പോഴും എന്റെ മനസിലുണ്ട്.
ഒരു കാരണവുമില്ലാതെ ലോഹി കുറേ നേരം പൊട്ടി പൊട്ടിക്കരഞ്ഞു. ഏങ്ങി ഏങ്ങിയാണ് കരയുന്നത്. കാരണം എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. സംഘര്‍ഷങ്ങളുണ്ടാകുമ്പോഴൊക്കെ എന്റെ അടുത്ത് വരും. എഴുത്തിന് കഥ കിട്ടാതാകുമ്പോള്‍ വരും. കഥ പറയും' ഒരു വിങ്ങലോടെ അല്ലാതെ ലോഹിയെ കുറിച്ച് മമ്മൂട്ടിക്ക് ഓർക്കാൻ സാധിക്കുന്നില്ല.
'ഭരതം' ചെയ്യാന്‍ തീരുമാനിച്ച് സിനിമയുടെ കഥയെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ മറ്റൊരു സിനിമയുമായി സാമ്യമുള്ളതായി തോന്നി. അങ്ങനെ ഭരതം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. എന്നാൽ, പിറ്റേദിവസം ലോഹിതദാസ് ഭരതത്തിനായി മറ്റൊരു കഥ തയ്യാറാക്കി. പിന്നെ നടന്നത് ചരിത്രം. മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത സിനിമയാണ് ഭരതം. സിബി മലയില്‍ സംവിധാനം ചെയ്ത ഭരതത്തിന്റെ കഥയും തിരക്കഥയും ലോഹിതദാസാണ് ഒരുക്കിയത്. 1991 ലാണ് ഭരതം റിലീസ് ചെയ്യുന്നത്. മൂന്ന് ദേശീയ അവാർഡുകളും അഞ്ച് സംസ്ഥാന അവാർഡുകളും കൂടാതെ മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിക്കുന്നതും ഭരതത്തിലൂടെയാണ്. കല്ലൂർ ഗോപിനാഥനും സിനിമയിലെ പാട്ടുകളും ഏറെ ജനശ്രദ്ധ നേടിയവയാണ്. ഉപേക്ഷിച്ച് പോയിടത്ത് നിന്ന് മറ്റൊരു കഥയിലേക്കുള്ള സഞ്ചാരം, ലോഹിതദാസിന്റെ ഏറ്റവും മികച്ച തിരക്കഥകളിലൊന്ന്. ഭരതത്തെ ഓർക്കാൻ ഇത്ര മാത്രം മതിയാവും.
'മൃഗയ' സിനിമയിലെ വാറുണ്ണിയാണ് ആ കാലഘട്ടത്തിലെ മേക്കപ്പിലെ വിപ്ലവം. ആ സിനിമയില്‍ മുഖത്ത് കരിയൊക്കെ പുരട്ടി പല്ലൊക്ക ഉന്തിയാണ് മമ്മൂട്ടിയെ ചിത്രീകരിച്ചത്. ഒരു പ്രാകൃത രൂപം. സവര്‍ണനും അവര്‍ണനും പണക്കാരനും ദരിദ്രനുമെന്ന് വിവക്ഷിക്കുന്ന സോ കോൾഡ് സങ്കൽപ്പങ്ങളെല്ലാം ലോഹി തച്ചുടച്ചു. സാധാരണ മനുഷ്യരെല്ലാം ലോഹിയുടെ നായകന്മാരായി. അരയനും കൊല്ലനും ആശാരിയും അധ്യാപകനും വേട്ടക്കാരനും ലൈംഗികത്തൊഴിലാളിയും വരെ കഥാപാത്രങ്ങളായി. ലോഹിക്ക് എല്ലാവരും മനുഷ്യർ മാത്രമായിരുന്നു. ജാതിയുടെയും തൊഴിലിന്റെയും വേര്‍തിരിവില്ലാത്ത പച്ച മനുഷ്യർ.
മലയാളി വാടകഗര്‍ഭപാത്രത്തെ കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത കാലത്താണ് 'ദശരഥത്തെ' ലോഹി അവതരിപ്പിക്കുന്നത്. രാജീവ് മേനോനും മാഗിയും പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ചിട്ട് നാളുകളേറെയായി. 1989 ഒക്ടോബറിലാണ് ദശരഥം ഇറങ്ങുന്നത്. പിന്നീട് ലോഹിതദാസിന്‍റെ കൾട്ട് ക്ലാസിക്കായി ചിത്രം മാറുമ്പോൾ രാജീവ് മേനോന്‍റെ ഗ്രാഫും കൂടിയാണ് ഉയരുന്നത്. 'ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാമൊ' എന്ന് ചിരിച്ച് കൊണ്ട് ചോദിച്ച് മലയാളികളെ കരയിപ്പിച്ച രാജീവ് മേനോന് ലോഹിയുടെ മുഖമായിരുന്നു. അമ്മയുടെ സ്നേഹപരിലാളനകൾ ലഭിക്കാത്ത, സ്ത്രീകളെ വെറുക്കുന്ന, സ്നേഹബന്ധങ്ങളുടെ വില അറിയാത്ത, മുഴുക്കുടിയനും, സമ്പന്നനനുമായ രാജീവ് മേനോന്റെ അനാഥത്വത്തിന്റെയും ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും നൊമ്പരങ്ങളുടെയും കഥയാണ് ലോഹിതദാസ് ദശരഥത്തിലൂടെ കാണിച്ച് തരുന്നത്.
'കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി
മറുവാക്കു കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ
പൂത്തുമ്പിയെന്തേ മറഞ്ഞൂ, എന്തേ
പുള്ളോര്‍ക്കുടം പോലെ തേങ്ങി'..
ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയാത്തവരുണ്ടാകില്ല. 'കിരീടം' എന്ന മലയാളം കണ്ട എക്കാലത്തെയും മികച്ച ക്ലാസിക് സിനിമയുടെ തിരക്കഥ ലോഹിതദാസ് പൂര്‍ത്തിയാക്കിയത് അഞ്ച് ദിവസം കൊണ്ടാണ്. മനസിൽ പൂർത്തിയായ കഥക്ക് സ്ക്രീനിൽ ജീവൻ നൽകിയപ്പോൾ സേതുമാധവനോട് പ്രേക്ഷകർക്ക് വല്ലാത്തൊരു അടുപ്പം തോന്നി. 1989ലാണ് കിരീടം പിറക്കുന്നത്. മോഹൻലാലിന്‍റെ കരിയർ ഗ്രാഫ് ഉയർത്തിയ ഒരു ചിത്രം. സര്‍വ്വം തകര്‍ന്നുപോയ നിസഹായ നായകനെയാണ് സിബി മലയിലും ലോഹിതദാസും പ്രേക്ഷകരിലെത്തിച്ചത്. സേതു മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായി.
വില്ലന്‍ കഥാപാത്രങ്ങളില്‍നിന്നും കോമഡിയിലേക്ക് വന്ന് നമ്മെ ചിരിപ്പിച്ച കൊച്ചിന്‍ ഹനീഫ നല്ല സംവിധായകന്‍ കൂടിയാണെന്ന് തെളിയിച്ച ചിത്രമായിരുന്നു 'വാത്സല്യം'. മേലേടത്ത് രാഘവന്‍നായരായി മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ ആ കഥാപാത്രത്തെയും കഥയേയും മനോഹരമായി സംയോജിപ്പിച്ചതിന്‍റെ
ക്രെഡിറ്റ് കൊച്ചിന്‍ ഹനീഫക്കും ലോഹിതദാസിനുമാണ്. മേലേടത്ത് രാഘവന്‍നായർ കരയുമ്പോൾ പ്രേക്ഷകരും കരഞ്ഞു. എന്നാല്‍ ലോഹിതദാസ് എന്ന എഴുത്തുകാരന്‍ വാത്സല്യത്തെ രാമായണവുമായാണ് കൂട്ടിച്ചേർത്തത്. ഈ ചിത്രത്തെക്കുറിച്ച് കൈതപ്രത്തിന് നല്ല ഓര്‍മകളാണുള്ളത്. ഞാനും ലോഹിയും കൊച്ചിന്‍ ഹനീഫയും മമ്മൂട്ടിയും മുരളിയും എല്ലാം അടങ്ങിയ ഒരു ഗള്‍ഫ് യാത്രയ്ക്കിടയിലാണ് വാത്സല്യത്തിന്റെ ആദ്യചര്‍ച്ച നടക്കുന്നത്. ആ യാത്രയിലാണ് ലോഹിതദാസ് ഹനീഫയ്ക്കുവേണ്ടി ഒരു കഥ എഴുതിക്കൊടുക്കാമെന്ന് സമ്മതിക്കുന്നത്.
ഷൊര്‍ണൂരില്‍ ലോഹിയുടെ വീട്ടില്‍ കഥയും പാട്ടും എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെടുന്നത്. 'അലയും കാറ്റിന്‍ ഹൃദയം അരയാലില്‍ തേങ്ങി.. രാമായണം കേള്‍ക്കാതെയായി, പൊന്‍മൈനകള്‍ മിണ്ടാതെയായി, സരയു വിമൂകമായി എന്നതിനൊക്കെ സിനിമക്കപ്പുറം ഞങ്ങള്‍ക്ക് ചില അര്‍ഥങ്ങള്‍ ഉണ്ടായിരുന്നെന്ന് കൈതപ്രം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. കാണുന്ന പ്രേക്ഷകന്റെ തൊണ്ടയിടറിപ്പിക്കുംവിധം മമ്മൂട്ടി മേലേടത്ത് രാഘവന്‍നായരായി പകർന്നാടിയപ്പോൾ ലോഹിയുടെ മറ്റൊരു ചിത്രമാണ് പ്രേക്ഷക മനസിൽ ചിരപ്രതിഷ്ട നേടിയത്.
തിരക്കഥാകൃത്തായി നേടിയ വിജയം പക്ഷേ സംവിധായകനായി നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അവസാന ചിത്രങ്ങളിൽ പലതും സാമ്പത്തികമായി പരാജയപ്പെട്ടു. 'കസ്തൂരിമാൻ' തമിഴിൽ നിർമിച്ചത് ലോഹിതദാസിന് ബാധ്യതയായി. 2007ലെ നിവേദ്യമായിരുന്നു അദ്ദേഹത്തിന്‍റെ അവസാന ചിത്രം. 2009 ജൂൺ 28നാണ് ലോഹി അരങ്ങൊഴിയുന്നത്. 'പലരും അംഗീകരിക്കാൻ മടിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ എനിക്ക് നല്ല ഉറപ്പുണ്ട്. ലോഹിതദാസ് വിലയിരുത്തപ്പെടാൻ പോകുന്നത് എന്‍റെ മരണശേഷമാണ്'എന്ന് ലോഹിതദാസ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അത് അന്വർത്ഥമായിരിക്കുന്നു.