എം.എന്‍.നമ്പ്യാര്‍ മുതല്‍ വിനായകന്‍ വരെ... തമിഴ് സിനിമയെ വിറപ്പിച്ച മല്ലുവില്ലന്‍സ്
text_fieldsജയിലറിലെ വിനായകന്റെ താണ്ഡവമാണ് തമിഴ്‌സിനിമയിലെ ചൂടുള്ള ചര്‍ച്ചാവിഷയം. മൂന്നുസൂപ്പര്‍താരങ്ങളെ ഒറ്റക്കുനേരിട്ട സൂപ്പര്‍വില്ലന്‍. വിനായകന്റെ കിടിലന്‍ പ്രകടനം തിയറ്ററുകളെ ഇളക്കിമറിക്കുമ്പോള്‍ ചൂടാറാതെ മാമനിലെ വില്ലന്‍ കഥാപാത്രമായ ഫഹദ് ഫാസിലും പിന്നെ കലാഭവന്‍ മണിയുടെ വേറെ ലെവല്‍ വില്ലന്‍വേഷങ്ങളുമെല്ലാം ചര്‍ച്ചയില്‍ നിറഞ്ഞു. മലയാളത്തിലെ അഭിനേതാക്കളുടെ വില്ലന്‍വേഷവും സമാനതകളില്ലാത്ത പ്രകടനങ്ങളും തമിഴ്‌സിനിമക്കു പുതുമയല്ല. സൂപ്പര്‍താരങ്ങളോടു കിടപിടിക്കുന്ന ബോളിവുഡ് താരങ്ങളെ വരെ ഇറക്കുമ്പോഴും തമിഴ് ആരാധകര്‍ക്ക് മല്ലുവില്ലന്‍മാരെ ഹൃദയത്തോടു ചേര്‍ത്തു പിടിച്ച ചരിത്രമാണുള്ളത്. അതങ്ങു എം.എന്‍.നമ്പ്യാര്‍ മുതല്‍.
എം.ജി.ആറാണ് നായകനെങ്കിൽ എം.എന്‍. നമ്പ്യാര്‍ വില്ലന്‍ എന്നതായിരുന്നു അന്നത്തെ രീതി. പ്രത്യേക ആംഗ്യ-മുഖ വിക്ഷേപങ്ങള്‍ കൊണ്ടുള്ള അദ്ദേഹത്തിന്റെ സ്‌റ്റൈലിനു ആരാധകരേറെയായിരുന്നു. കാട്, മക്കളൈ പെറ്റ മഹരാശി, വേലൈക്കാരന്‍, കര്‍പ്പൂരക്കരശി, മിസ്സിയമ്മ, അംബികാപതി, സര്‍വ്വാധികാരി, അരശിലന്‍ കുമാരി, നെഞ്ചം മറപ്പതില്ലൈ എന്നീ ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റി. കല്യാണി, ദിഗംബര സാമികള്‍, എന്‍ തങ്കൈ, രാജരാജ ചോളന്‍, ഉത്തമ പുതിരന്‍, ഉലകം ചുറ്റും വാലിബന്‍, അന്‍പേ വാ, എന്‍ തമ്പി എന്നീ ചിത്രങ്ങളില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചു. 11 വേഷമിട്ട് ദിഗംബര സാമിയാര്‍ എന്ന ചിത്രത്തില്‍ ചരിത്രം കുറിച്ചു.
1964ല്‍ എംജിആര്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ എം.എന്‍.നമ്പ്യാര്‍ ജനപ്രിയ താരമായി മാറിക്കഴിഞ്ഞിരുന്നു. അവരുടെ സംഘട്ടന രംഗങ്ങള്‍ പ്രേക്ഷകരെ രസിപ്പിരുന്നു. എം.ജി.ആര്‍-നമ്പ്യാരുമൊത്തുള്ള ഏത് സിനിമയ്ക്കും മതിയായ സ്റ്റണ്ട് സീക്വന്‍സുകള്‍ ഉണ്ടെന്നു അക്കാലത്തെ സംവിധായകര്‍ ഉറപ്പാക്കിയിരുന്നു. അക്കാലത്തെ രണ്ട് പ്രധാന നായകന്മാരായ എംജിആറിനും ശിവാജി ഗണേശനും മാറി മാറി നമ്പ്യാര്‍ പ്രതിനായകവേഷമണിഞ്ഞു.
കണ്ണൂര്‍ സ്വദേശിയാണ് എം.എന്‍.നമ്പ്യാര്‍. സര്‍വേ വകുപ്പില്‍ ഉദ്യോഗസ്ഥനായ അച്ഛനു കോയമ്പത്തൂരിലേക്ക് സ്ഥലം മാറ്റം കിട്ടുന്നതോടെയാണ് അദ്ദേഹത്തിന്റെ തട്ടകം കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് മാറ്റപ്പെട്ടത്. 1938 ല്‍ റിലീസ് ചെയ്ത ബന്‍പ സാഗരയാണ് അദ്ദേഹത്തിന്റെ മുഴുനീള വേഷത്തിലൂടെ ആദ്യ ചലച്ചിത്രമായി അറിയപ്പെടുന്നത്. പഴയകാല നായകനായ ബാലയ്യ മുതല്‍ ഭാരതിരാജയുടെ മകന്‍ മനോജ് വരെയുള്ള ഏഴുതലമുറകള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു.
ആത്മസഖി, കാഞ്ചന, ആത്മസഖി, ആന വളര്‍ത്തിയ വാനമ്പാടി, ജീസസ്, തച്ചോളി അമ്പു, ശക്തി, തടവറ തുടങ്ങി 2001ല്‍ പുറത്തിറങ്ങിയ ഷാര്‍ജ ടു ഷാര്‍ജ വരെ മലയാളചിത്രങ്ങളിലും വേഷമിട്ടു. തമിഴ്, മലയാളം, ഹിന്ദി, തെലുങ്കു, കന്നട സിനിമകളില്‍ നമ്പ്യാര്‍ ഒരു അവിഭാജ്യ ഘടകമായിരുന്നു. ഉത്തമവില്ലന്‍ എന്ന വിശേഷണവും അദ്ദേഹത്തിനു ചാര്‍ത്തിക്കിട്ടിയിരുന്നു. തികഞ്ഞ സസ്യാഹാരിയായിരുന്ന എം.എന്‍.നമ്പ്യാര്‍ ലളിതസ്വഭാവത്തിനുടമയായിരുന്നു.
അതിനുശേഷം രാജന്‍ പി.ദേവും ദേവനും മുരളിയുമെല്ലാം തമിഴ് സിനിമയില്‍ അവിസ്മരണീയമായ ഇടം കണ്ടെത്തി. കൂടാതെ കൊല്ലം തുളസി, സായികുമാര്‍, ലാല്‍ എന്നിവരും തിളങ്ങി. ജെമിനിയില്‍ തന്റെ മിമിക്രി പ്രകടനത്തിലൂടെ കലാഭവന്‍ മണി വന്‍ആരാധകവൃന്ദം തന്നെ നേടി. കലാഭവന്‍ മണിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി ജെമിനി. ചെന്നൈയിലെ ഗ്യാങ് വാറുകളെ അടിസ്ഥാനമാക്കി, ജെമിനി (വിക്രം) തേജ (മണി) തമ്മിലുള്ള രംഗങ്ങള്‍ മികച്ച സ്വീകാര്യത നേടി. പ്രകാശ് രാജിന് ശേഷം തമിഴ് സിനിമയുടെ ആസ്വാദ്യകരമായ വില്ലനാകാന്‍ മണിക്ക് കഴിഞ്ഞു. മികച്ച വില്ലനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് കലാഭവന്‍ മണി നേടി.ജെയ് ജെയ്, പുതിയ ഗീത, കാതല്‍ കിശു കിശു, കുത്ത്, അന്യന്‍, എന്തരിന്‍, പാപനാശം തുടങ്ങിയ സിനിമകളിലെല്ലാം മണി അവരുടെ താരഭാജനമായി.
കനാകണ്ടേന്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍വേഷം അഭിനയിച്ചു. സ്വഭാവനടന്‍മാരായും വില്ലന്‍വേഷത്തിലും സജീവമായി നിന്നവരാണ് കൂടുതലും.മാമനനിലെ ഫഹദിന്റെ വില്ലന്‍ വേഷം ട്രെന്‍ഡിംഗിലായിരുന്നു. ഫഹദിന്റെ ഫെര്‍ഫോമന്‍സും ചിത്രത്തിന്റെ മൈലേജായിരുന്നു. ജയിലറിലെ മിന്നുന്ന പ്രകടനത്തെത്തുടര്‍ന്നു കോളിവുഡില്‍ ഇനി വിനായകന്റെ കാലമെന്നാണ് പ്രവചനം. ഫഹദ് തമിഴ്‌പേശും വില്ലനായിരുന്നെങ്കില്‍ വിനായകന്‍ മലയാളിവില്ലനായാണ് കസറിയത്.