'മെയ്തീനേ ആ ചെറിയേ സ്ക്രൂ ഡ്രൈവറിങ്ങെടുക്ക്, ഇപ്പോ ശരിയാക്കി തരാം...'
text_fieldsകുതിരവട്ടം പപ്പു ഓർമയായിട്ട് ഇന്ന് 25 വർഷം തികയുകയാണ്. ‘കടുകുമണി വ്യത്യാസത്തിൽ സ്റ്റിയറിങ് ഒന്ന് അങ്ങോട്ടോ, ഒന്ന് ഇങ്ങോട്ടോ മാറിയാൽ മതി, ഞമ്മളും എഞ്ചിനും തവിടുപൊടി. വിട്ടില്ല, ഇൻഷാ അള്ളാ, പടച്ചോനേ, ങ്ങള് കാത്തോളീ…ന്ന് ഒറ്റ വിളിയാണ്. എഞ്ചിനങ്ങിനെ പറ പറക്ക്യാണ്. ഏത, മ്മടെ ഏറോപ്ലേയിൻ വിട്ട പോലെ’. പപ്പു അഭിനയിച്ച മിക്ക സിനിമകളും ചിരിയോടെയല്ലാതെ കണ്ടിരിക്കാനാകില്ല. എത്ര വർഷം കഴിഞ്ഞാലും റീൽസിലും സ്റ്റിക്കറിലും മീമുകളിലൂമൊക്കെയായി ഇന്നും പപ്പു നിറഞ്ഞുനിൽക്കുന്നുണ്ട്.
കോഴിക്കോട്ടെ നാടകവേദികളുമായുള്ള അടുപ്പം. കുതിരവട്ടം ദേശപോഷിണി വായനശാലയിലെ സാഹിത്യ സമിതിയുടെ ചര്‍ച്ചകളിൽ സ്ഥിരം പങ്കാളി. ചര്‍ച്ച കഴിഞ്ഞുള്ള നിമിഷനാടകങ്ങൾ. ഒരുപാട് നിമിഷനാടകങ്ങളില്‍ ഹാസ്യവേഷത്തിൽ പദ്മദളാക്ഷന്‍ വേഷമിട്ടു.
പദമദളാക്ഷന്റെ നാടകാഭിനയം കാണാനിടയായ രാമുകാര്യാട്ട് സിനിമയിലേക്ക് വിളിച്ചു. അങ്ങനെ 'മൂടുപടം' (1963) എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയെങ്കിലും അടുത്തവര്‍ഷം പുറത്തിറങ്ങിയ ഭാര്‍ഗവി നിലയത്തിലെ വേഷമാണ് വഴിത്തിരിവായത്. പപ്പുവിനെ കുതിരവട്ടം പപ്പുവായി മാറ്റിയത് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറാണ്.
ഭാർഗവി നിലയത്തിന്റെ ചിത്രീകരണത്തിനിടയിൽ സെറ്റിൽ വെച്ചാണ് പപ്പുവിനൊപ്പം കുതിരവട്ടം എന്ന സ്ഥലപ്പേര് ബഷീർ കൂട്ടിചേർക്കുന്നത്. അങ്ങനെ പത്‌മദളാക്ഷൻ കുതിരവട്ടം പപ്പുവായി മാറി. ഭാര്‍ഗവി നിലയത്തിന് ശേഷം ആദ്യകിരണങ്ങള്‍, കുഞ്ഞാലിമരക്കാര്‍, കുട്ട്യേടത്തി, പണിമുടക്ക്, മാപ്പുസാക്ഷി, ചന്ദനച്ചോല, ഹൃദയം ഒരു ക്ഷേത്രം, തുലാവര്‍ഷം തുടങ്ങിയ ചിത്രങ്ങളിലൂടെ കുതിരവട്ടം പപ്പു ഹാസ്യനടന്മാരുടെ നിരയില്‍ മുന്നിലെത്തി. കോഴിക്കോട്ടും പരിസരത്തുമെല്ലാം കണ്ടുമുട്ടിയ ആളുകള്‍ പപ്പുവിന്റെ സംഭാഷണങ്ങളിലൂടെ മലയാള സിനിമയിലേക്ക് കയറിവന്നിട്ടുണ്ട്.
എഴുപതുകളില്‍ പപ്പു തിരക്കേറിയ നടനായി. മൂര്‍ഖന്‍, അങ്ങാടി, അമ്പലവിളക്ക്, മീന്‍, സ്‌ഫോടനം, ജീവിതം ഒരു ഗാനം, ചാകര, ബെന്‍സ് വാസു, യക്ഷിപ്പാറു, അവളുടെ രാവുകള്‍, ഈറ്റ തുടങ്ങിയ ചിത്രങ്ങള്‍ ഇക്കാലത്താണ്. പിന്നെയും അനവധി ചിത്രങ്ങള്‍. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ധിം തരികിട തോം, ടി.പി ബാലഗോപാലന്‍ എം.എ, വെള്ളാനകളുടെ നാട്, പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം, ഡോക്ടര്‍ പശുപതി, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ അവയിൽ ചിലത് മാത്രമാണ്. ജയന്റെ കൂടെയുള്ള വേഷങ്ങള്‍ പപ്പുവിന് വലിയ ജനപ്രീതി നേടിക്കൊടുത്തു. 2000 ഫെബ്രുവരി 25നാണ് കുതിരവട്ടം പപ്പു മരിക്കുന്നത്.
'അല്ല ഇതാരാ? വാര്യമ്പള്ളീലെ മീനാക്ഷിയല്ല്യോ, എന്താ മോളേ സ്‌കൂട്ടറില്'
വെള്ളാനകളുടെ നാട്ടിലെ സുലൈമാനും മണിച്ചിത്രത്താഴിലെ കാട്ടുപറമ്പനും മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നുവിലെ സർദാർ കോമ കുറുപ്പും ഏയ് ഓട്ടോയിലെ മൊയ്തുവും മിന്നാരത്തിലെ ട്യൂഷൻ ടീച്ചറും തേന്മാവിൻ കൊമ്പത്തെ ചാക്കുട്ടിയും അടക്കം കുതിരവട്ടം പപ്പുവിന്റെ ഹിറ്റ് കഥാപാത്രങ്ങൾ എണ്ണി തീരില്ല. മലയാളി ഒരിക്കലും മറക്കാത്ത നിരവധി ഹാസ്യ ഡയലോഗുകൾ പപ്പുവിന്റെ സംഭാവനയാണ്. സ്വാഭാവികമായി പറഞ്ഞു പോകുന്ന ചില സംഭാഷണങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കുമ്പോഴാണ് സിനിമകൾ ക്ലിക്കാവുന്നത്.
പ്രേക്ഷകർ ഏറ്റെടുത്ത, ഇപ്പോഴും സംസാരത്തിൽ വരുന്ന ഒരു സംഭാഷണമാണ് തേന്മാവിൻ കൊമ്പത്തെ 'താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താനെന്നോട് ചോദിക്ക് താനാരാണെന്ന്. അപ്പോ ഞാൻ പറയാം താൻ ആരാണെന്നും ഞാൻ ആരാണെന്നും'. എന്നത്. നാഗവല്ലിയെ കണ്ട് സമനില തെറ്റിയ കാട്ടുപറമ്പനെയും അത്ര പെട്ടെന്ന് മലയാളികൾ മറക്കാൻ ഇടയില്ല.'അല്ല ഇതാരാ? വാര്യമ്പള്ളീലെ മീനാക്ഷിയല്ല്യോ, എന്താ മോളേ സ്‌കൂട്ടറില്'...'ദാസപ്പോ എന്നെ ശരിക്കും ഒന്ന് ശ്രദ്ധിച്ചേ, എന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും പന്തികേട് ഉണ്ടോ എന്ന് ഒന്നു നോക്കിക്കേ'... അങ്ങനെ സ്ഥിരം പറയുന്ന കാട്ടുപറമ്പൻ ഡയലോഗുകൾ തന്നെ ഏറെയുണ്ട്.
'ബാരതമല്ല ഭാരതം. ബിരിയാണിയുടെ ബ. പ യുടെ അടിയിൽ ന കിടന്നാൽ എന്തു പറയും '. മിന്നാരത്തിലെ കർക്കശനായ ട്യൂഷൻ ടീച്ചറും ടീച്ചറെ വട്ടു പിടിപ്പിക്കുന്ന കുട്ടികളും പപ്പുവിന്റെ ചിരി കഥാപാത്രങ്ങളിൽ ചിലത് മാത്രം. കാലം എത്ര കഴിഞ്ഞാലും കുതിരവട്ട പപ്പു എന്ന പ്രതിഭ പറഞ്ഞുവെച്ച ഇത്തരം സംഭാഷണങ്ങൾ മലയാളികളുടെ മനസിൽ മായാതെ കിടക്കുന്നുണ്ട്.
പപ്പു സിനിമയിൽ ഏതെങ്കിലും വണ്ടിയിൽ കയറിയിട്ടുണ്ടെങ്കിൽ ആ വണ്ടികളെല്ലാം പിന്നീട് ചരിത്രമായിട്ടുണ്ട്. 'ടാസ്കി വിളിയെടാ' (തേൻമാവിൻ കൊമ്പത്ത്), 'മെയ്തീനേ ആ ചെറിയേ സ്ക്രൂ ഡ്രൈവറിങ്ങെടുക്ക്' (വെള്ളാനകളുടെ നാട്), 'അതെന്താ ഈ കോണ്ടസ?' (ചന്ദ്രലേഖ) ഇതൊക്കെ പപ്പുവിന്‍റെ എക്കാലത്തെയും ശ്രദ്ധിക്കപ്പെട്ട വണ്ടി ഡയലോഗുകളാണ്. കോഴിക്കോടിനേയും താമരശ്ശേരിയേയും പ്രസിദ്ധമാക്കിയത് കുതിരവട്ടം പപ്പുവാണെന്ന് പറയാം. വെള്ളാനകളുടെ നാട്ടിലെ ‘മ്മളെ താമരശ്ശേരി ചുരം’ മാത്രം മതിയാവും പപ്പു എന്ന അതുല്യ കലാകാരന്‍റെ റേഞ്ച് മനസിലാവാൻ.
സ്ലാപ്സ്റ്റിക് കോമഡിയിൽ നിന്ന് കാരക്ടര്‍ റോളുകളിലേക്ക്
തനി നാട്ടുമ്പുറത്തുകാരന്റെ അതിശയോക്തി കലര്‍ന്ന ഭാവപ്രകടനം നൽകാൻ കുതിരവട്ടം പപ്പുവിനോളം മറ്റാരുണ്ട്. കഥാപാത്രത്തിന്റെ മോഡ് മാറുന്നതിനനുസരിച്ച് അനായാസം ശരീരഭാഷയും സംസാരത്തിന്‍റെ ടോണും മാറ്റാൻ പപ്പുവിന് കഴിഞ്ഞിട്ടുണ്ട്. സിനിമ പരിശീലനങ്ങള്‍ ലഭിച്ചിട്ടില്ലാത്ത ഒരാളെ സംബന്ധിച്ച് അതൊരു വലിയ നേട്ടമാണ്.
തമാശക്കാരന്‍ മാത്രമല്ല പപ്പു. നല്ല കാരക്ടര്‍ റോളുകളിലൂടെയും പപ്പു തന്‍റെ സിനിമാ ജീവിതത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. 'അങ്ങാടി'യിലെ പാവാട വേണം മേലാട വേണം എന്ന ഗാനം,'അവളുടെ രാവുകളി'ലെ റിക്ഷാവണ്ടിക്കാരന്‍, 'നഖക്ഷതങ്ങളി'ലെ അടുക്കളക്കാരന്‍ 'ദി കിങി'ലെ സ്വാതന്ത്ര്യസമരസേനാനി ഇതൊക്കെ ചിലത് മാത്രം. ജീവിതം ദൈന്യതയുടെ കൂർത്ത മുനമ്പുകൊണ്ട് കുത്തിത്തുളക്കുമ്പോഴും നേർത്ത വിഷാദ ചിരിയിലൂടെ പപ്പു നമ്മളെ കരയിപ്പിക്കും.
കുതിരവട്ടം പപ്പുവിന്റെ അഭിനയ ജീവിതത്തിലൂടെ സഞ്ചരിക്കുകയാണെങ്കിൽ നമുക്ക് തൊട്ടറിയാൻ കഴിയുന്ന പപ്പു കഥാപാത്രങ്ങൾ നിരവധിയാണ്. നിത്യ ജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത കഥാപാത്രങ്ങൾ. സാധാരണക്കാരുടെ ഭാവപ്പകർച്ചകളെ സാധാരണത്വം തോന്നുന്ന വിധത്തിൽ അഭിനയിച്ച ഫലിപ്പിച്ച ഒരു അസാധാരണ നടൻ കൂടിയാണ് കുതിരവട്ടം പപ്പു. പഴയ സംഭാഷണങ്ങളിലൂടെ അയാൾ ഇനിയും അനശ്വരനായി തുടരും.