ആ രാത്രി ചെർണോബിലിൽ എന്ത് സംഭവിച്ചു?
text_fieldsയുെക്രയിന്റെ ഭാഗമായി നിലനിൽക്കുന്ന പ്രിപ്യാറ്റ് എന്ന പ്രദേശത്തെ ചെർണോബിൽ ആണവോർജ പ്ലാന്റിലെ നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിക്കുന്നു. ആണവ റിയാക്ടറിന്റെ പ്രവർത്തനങ്ങളിൽ ഉണ്ടായ പാകപ്പിഴയാണ് ദുരന്തത്തിന് കാരണം. ചരിത്രത്തിലെ ഏറ്റവും വലിയ ആണവോർജ ദുരന്തം ഉണ്ടായത് 1986ലാണ്. ചെർണോബിൽ ന്യൂക്ലിയർ ദുരന്തം. ഹിരോഷിമയേക്കാൾ 400 മടങ്ങ് അധിക റേഡിയേഷൻ ഉണ്ടാക്കിയ, അടുത്ത 20,000 വർഷത്തേക്ക് മനുഷ്യവാസം യോഗ്യമല്ലെന്ന് വിധിയെഴുതിയ ഒരു പ്രദേശം, ചെർണോബിൽ. വൻ ദുരന്തത്തിനാണ് സാക്ഷ്യംവഹിക്കുന്നതെന്ന് ലോകം മനസിലാക്കി തുടങ്ങിയപ്പോഴേക്കും ചെർണോബിൽ നിലയത്തിൽ ഉണ്ടായിരുന്ന 190 മെട്രിക് ടൺ യുറേനിയത്തിന്റെ 30 ശതമാനവും അന്തരീക്ഷത്തിൽ എത്തിക്കഴിഞ്ഞിരുന്നു.
2019ൽ ഇറങ്ങിയ അഞ്ച് എപ്പിസോഡുകളുള്ള, എച്ച്.ബി.ഒ മിനി സീരീസായ ‘ചെർണോബിൽ’ ഒരു ആത്മഹത്യയിൽനിന്നാണ് തുടങ്ങുന്നത്. അവിടെനിന്ന് ചെർണോബിൽ ദുരന്തത്തിലേക്ക്. ബ്ലാക്ക്-ബ്ലൂ ഷേഡുകളുള്ള ഓരോ എപ്പിസോഡും ആകാംക്ഷ നിറച്ചാണ് മുന്നോട്ടുപോകുന്നത്. ന്യൂക്ലിയർ പ്ലാന്റിൽ ജോലി ചെയ്യുന്നവരെയും സാധാരണക്കാരെയുമടക്കം ഓരോ എപ്പിസോഡിലും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
ഗ്രെയിഗ് മസിൻ എഴുതി ജോവാൻ റെൻക് സംവിധാനം ചെയ്ത ഹിസ്റ്റോറിക്കൽ ഡ്രാമ. ആണവ ദുരന്തത്തിന്റെ ഭീകരതയും അതിന്റെ പ്രത്യാഘാതങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും മാത്രമല്ല ഇതിൽ പറഞ്ഞു പോകുന്നത്. മറിച്ച് ആ പരീക്ഷണം പരാജയമായത് എങ്ങനെ എന്നുകൂടി കാണിച്ചുതരുന്നു. ത്രസിപ്പിക്കുന്ന സംഭവ കഥയും മികച്ച മേക്കിങ്ങുംകൊണ്ട് പ്രേക്ഷകരെയും വിമർശകരെയും ഒരുപോലെ ആകർഷിച്ച മിനി സീരീസ് കൂടിയാണ് ‘ചെർണോബിൽ’. ഐ.എം.ഡി.ബി റേറ്റിങ് 9.3 ഉള്ള ഈ മിനി സീരീസ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ കാണാവുന്നതാണ്.