സിനിമ മേഖലയിൽ ഓൾറൗണ്ടറായി സലീം ബാബ
text_fieldsകാലടി: സിനിമ സംവിധായകൻ, തിരകഥാകൃത്ത്, നടൻ, കളരി മർമാണി ഗുരുക്കൾ, കരാട്ടേ മാസ്റ്റർ, തിരുമ്മൽ വിദഗ്ധൻ, ഫിറ്റ്നസ് ട്രെയിനർ, സ്റ്റണ്ട് മാസ്റ്റർ തുടങ്ങി നിരവധി വിശേഷണങ്ങളുണ്ട് സലീം ബാബക്ക്. റാപ്പിഡ് ആക്ഷൻ ഫോഴ്സ്, പ്രമുഖൻ, മോഹിതം, ലോലൻസ്, വലിയങ്ങാടി, ഗുണ്ട തുടങ്ങി ആറ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. എഴാമത്തെ ചിത്രമായ പേപ്പട്ടിയുടെ പണിപ്പുരയിലാണിപ്പോൾ.സിനിമ മേഖലയിൽ എത് ജോലിയും ചെയ്യാൻ തയാറായ സിനിമ വർക്കർ എന്ന് അറിയപ്പെടാനാണ് താൽപര്യമെന്ന് സലീം ബാബ പറയുന്നു. നിരവധി വിവിധ ഭാഷ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഈ ഓൾറൗണ്ടർ 62ാം വയസ്സിലേക്ക് പ്രവേശിക്കുകയാണ്.
ആറടിയിലേറെ പൊക്കവും മസിലുകളും മൊട്ടത്തലയുമുള്ള ബാബക്ക് ഒറ്റനോട്ടത്തിൽ വില്ലൻ കഥാപാത്രത്തിന്‍റെ രൂപമാണ്. ശ്രീമൂലനഗരം സ്വദേശിയായ ബാപ്പ ഹൈദ്രോസ് ഗുരുക്കൾ മർമാണി വൈദ്യനായിരുന്നു. കാഞ്ഞൂർ പാറപ്പുറം ബാബപുരം മൾട്ടിജീം വീട്ടിലാണ് കുടുംബത്തോടൊപ്പം 11 വർഷമായി താമസിക്കുന്നത്. ചെറുപ്പം മുതലേ സിനിമ സ്വപ്നമായിരുന്നു. വീട്ടിൽ പറയാതെ ഒരുദിവസം മദ്രാസിലേക്ക് വണ്ടികയറി. 1978ൽ ശശികുമാറിന്‍റെ ഭാര്യയും കാമുകിയും എന്ന സിനിമയിലും നാട്ടുകാരനായ ശ്രീമൂലനഗരം വിജയന്‍റെ ചക്രായുധം സിനിമയിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ചു.
തുടർന്ന് അവസരങ്ങളൊന്നും കിട്ടാത്തതിനാലും ദാരിദ്ര്യം മൂലവും നാട്ടിലേക്ക് മടങ്ങി. തുടർന്ന് ബാപ്പക്ക് ഒപ്പം കളരിയും ചികിത്സയുമൊക്കെയായി കഴിഞ്ഞു.1990ൽ പ്രദീപ് സംവിധാനം ചെയ്ത അതിരഥൻ എന്ന സിനിമയിലൂടെ വീണ്ടും അഭിനയത്തിൽ എത്തി. വില്ലനായ പ്രതാപചന്ദ്രന്‍റെ ഗുണ്ടയുടെ റോളിലായിരുന്നു രണ്ടാംവരവ്. പിന്നെ സ്ഥിരം ഗുണ്ടാ റോളുകളാണ് ലഭിച്ചത്. സ്റ്റണ്ട് മാസ്റ്റർ മാഫിയ ശശിക്കൊപ്പം കൂടിയ ശേഷം ഫൈറ്റ് സീനുകളിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.
മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. അഭിനിയം തുടരുന്നതിനിടെ സംവിധാനത്തിലേക്കും മാറി. നടൻ ബാബുരാജ്, ബിച്ചു റഹ്മാൻ എന്നിവർ മുന്നോട്ടുപോകാൻ പ്രചോദനം നൽകി. അങ്ങനെയാണ് റാപ്പിഡ് ആക്ഷൻ ഫോഴ്സ് എന്ന ചിത്രം ഒരുങ്ങുന്നത്. ഐഷ ബീവിയാണ് ഭാര്യ. മൂന്ന് മക്കളാണുള്ളത്. സുൽത്താൻ മുത്തലിഫ് അബ്ദുല്ല (ഹമദ് ബിൻ ബാബ), സുഹനുബിൻ ബാബ, നടനായ ചെങ്കിസ് ഖാൻ.