Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightShortschevron_rightഉമ്പായിയെപോലെ മറ്റൊരു...

ഉമ്പായിയെപോലെ മറ്റൊരു സംഗീത പ്രതിഭയെ തനിക്കറിയില്ല -കെമാൽ പാഷ

text_fields
bookmark_border
Arabikadalinte Gazal Nilav
cancel

കൊച്ചി: കലയിലൂടെ തന്‍റെ ജീവിതം മറ്റുള്ളവർക്കു വേണ്ടി സമർപ്പിച്ച കറകളഞ്ഞൊരു കലാകാരനായിരുന്നു ഉമ്പായിയെന്ന് ഹൈകോടതി മുൻ ജസ്റ്റിസ് ബി. കെമാൽ പാഷ. എഴുത്തുകാരൻ വി.ആർ. രാജമോഹന്‍റെ തിരക്കഥയിൽ സതീഷ് കളത്തിൽ സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്ന 'അറബിക്കടലിന്‍റെ ഗസൽ നിലാവ്' എന്ന ഉമ്പായിയെ കുറിച്ചുള്ള മ്യൂസിക്കൽ ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണിൽ ക്ലാപ്പ് ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വയം ഈണം പകർന്ന്, സ്വന്തമായി പാടി, ഓരോ ഗാനത്തിലൂടെയും മനുഷ്യ മനസുകളെ അലയടിപ്പിക്കുകയും അലിയിപ്പിക്കുകയും ചെയ്ത്, ഇന്ത്യയിലെ മുൻനിര ഗസൽ സംഗീതജ്ഞർക്കിടയിൽ ഇടംപിടിച്ച വ്യക്തിയായിരുന്നു ഉമ്പായി. ഒരു അന്യഭാഷയിലെ സംഗീതശാഖയെ മറ്റൊരു ദേശത്തേക്ക്, ഭാഷയിലേക്ക് പറിച്ചു നടുകയും അതിനെ, സ്വപ്രയത്നത്താൽ ജനകീയമാക്കുകയും ചെയ്ത മറ്റൊരു പ്രതിഭയെ തനിക്കറിയില്ലെന്നും കർണാട്ടിക്- ഹിന്ദുസ്ഥാനി സംഗീതങ്ങളേക്കാൾ തനിക്കു താൽപര്യം ഉമ്പായിയുടെ ഗസലുകളാണെന്നും കെമാൽ പാഷ പറഞ്ഞു.


കവിയും വിവർത്തകനുമായ വേണു വി. ദേശം ഡോക്യുമെൻററി സ്വിച്ച് ഓൺ ചെയ്തു. ഉമ്പായി- വേണു വി. ദേശം കൂട്ടുക്കെട്ടിൽ പിറന്ന മലയാളത്തിലെ ആദ്യത്തെ ഗസൽ ആൽബം 'പ്രണാമ'ത്തിൻറെ രജതജൂബിലിയോട് അനുബന്ധിച്ച് ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച ഗസൽസന്ധ്യയാണ് ഡോക്യുമെൻററിയുടെ ഭാഗമായി ചിത്രീകരിച്ചത്. ഉമ്പായിയുടെ സഹോദരീ പുത്രനും ഗസൽ ഗായകനുമായ സി.കെ. സാദിഖാണ് ഉമ്പായിയായി അഭിനയിക്കുന്നത്.

സ്വതന്ത്രമായ പത്ത് ഗസലുകളിലൂടെ രതി ഉൾപ്പെടെയുള്ള പ്രണയത്തിന്‍റെ വിവിധ വികാരങ്ങളെ ആവിഷ്ക്കരിച്ചു കൊണ്ട് ഉമ്പായിയുടെ സംഗീതത്തിൽ അന്തർലീനമായി കിടക്കുന്ന പ്രണയത്തിലേക്കുള്ള ഒരു പ്രയാണമാണ് മ്യൂസിക്കൽ ഡോക്യുമെന്ററിയെന്ന് സംവിധായകൻ സതീഷ് കളത്തിൽ പറഞ്ഞു. അതോടൊപ്പം, ഉമ്പായിയുടെ ജീവചരിത്രവും ചിത്രീകരിക്കും.

എഴുത്തുകാരൻ വി.ആർ. രാജമോഹൻ, അവതാരകനും അഭിനേതാവുമായ സനൽ പോറ്റി, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി സൂഫി മുഹമ്മദ്, കളമശേരി നഗരസഭ മുൻ ചെയർപേഴ്സൺ റുഖിയ ജമാൽ, ഡോക്യുമെന്ററിയുടെ അസോസിയേറ്റ് ഡയറക്ടർ സാജു പുലിക്കോട്ടിൽ, അസോസിയേറ്റ് ക്യാമറാമാൻ അഖിൽ കൃഷ്ണ, അമീൻ വടുതല, ദേവദാരു ഫൗണ്ടേഷൻ അംഗങ്ങളായ അഗസ്റ്റ് സിറിൽ, ഡോ. ഡി. വിനയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഡോക്യുമെൻററിയുടെ ടൈറ്റിൽ സോങ് 'സിതയേ സുതനുവേ'യുടെ ഓഡിയോ സിഡി കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള കൊച്ചിയിൽ പ്രകാശനം ചെയ്തിരുന്നു.

Show Full Article
TAGS:Arabikadalinte Gazal Nilav documentary Umbayee 
News Summary - The shooting of 'Arabikadalinte Gazal Nilav' has started in Kochi
Next Story