‘അറിയാത്ത കുട്ടി ചൊറിയുമ്പോൾ അറിയും’ വിഡിയോ വൈറൽ
text_fieldsആരോ പറഞ്ഞതുപോലെ സഹായത്തിനായി ഒരാൾ ഒരുകാര്യം പറയുമ്പോൾ അതിനെ തെറ്റിദ്ധരിച്ച് എല്ലാമറിയാമെന്ന ഭാവത്തിൽ തള്ളിയാൽ ഫലം മറിച്ചാവുമെന്ന് ഈ വിഡിയോ കാണിച്ചു തരുന്നു. ഇൻസ്റ്റഗ്രാമിൽ ഇതിനകം ഒന്നരലക്ഷത്തോളം പേർ ഈ വിഡിയോ കാണുകയും ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും കമന്റുകളുമിട്ടുകഴിഞ്ഞു. വിഡിയോയിലെ പെൺകുട്ടിയുടെ ഓവർ സ്മാർട്ട് ആകാനുള്ള ശ്രമം പിന്നീട് തനിക്കുതന്നെ വിനയായതായി കാണാം.
വിഡിയോയിൽ ഒരു ബൈക്കിൽ ആകാശനീല നിറമുള്ള ടീഷർട്ട് ധരിച്ച യുവാവും സാരി ധരിച്ച യുവതി പിറകിലിരുന്ന് സഞ്ചരിക്കുന്നതും കാണാം. സാരിയുടെ തലഭാഗം (മുന്താണി) അപകടകരമായ വിധം ബൈക്കിന്റെ പിറകിലേക്ക് ടയറിലും റോഡിലേക്കുമായി വീണുകിടക്കുന്നതും കാണാം. അതേ സമയം പിറകെ വരുന്ന ബൈക്ക് ഓടിക്കുന്നയാൾ ആ യുവതിയോട് സാരി അപകടകരമായ നിലയിലാണെന്ന് പറയുന്നതും കൈചൂണ്ടി കാണിക്കുന്നതും കാണാം.
പക്ഷേ പിറകിൽ വരുന്ന ബൈക്കുകാരന്റെ വാക്കുകളെ മാനിക്കാതെ സാരിയല്ലേ എനിക്കറിയാമെന്ന മട്ടും താൻ തന്റെ പണിനോക്ക് എന്ന യുവതിയുടെ ഭാവവും കാണാവുന്നതാണ്. എന്തായാലും അധികം വൈകാതെ തന്നെ കാര്യങ്ങൾ തീരുമാനമായതും പെട്ടെന്നായിരുന്നു. സാരിയുടെ റോഡിലൂടെ ഇഴഞ്ഞിരുന്ന ഭാഗം ടയറിനിടയിലേക്ക് കയറുകയും സാരി കറങ്ങുന്ന ചക്രത്തിൽ ചുറ്റി യുവതി താഴെ വീഴുന്നതും കാണാം. ഉടൻ ബ്രേക്ക് ചെയ്തതിനെ തുടർന്ന് അപകടമൊഴിവായി. എന്നിരുന്നാലും പിറകെ വന്നിരുന്ന ബൈക്കുകാരൻ അപകടം മനസ്സിലാക്കി മുന്നറിയിപ്പ് നൽകിയിട്ടും അത് മുഖവിലക്കെടുത്തിരുന്നെങ്കിൽ അപകടമൊഴിവാക്കാമായിരുന്നു.
എന്തായാലും വിഡിയോയുടെ കീഴെ കമന്റുകളുടെ അഭിഷേകമാണ്. സംഭവങ്ങൾ നടന്നശേഷം മാത്രമാണ് പലതും പലരും തിരിച്ചറിയുന്നത്. മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ച് യാത്ര തുടർന്നതിന് അങ്ങനെ തന്നെ വേണം എന്നും സ്വയം താൻ വലിയ ആളാണെന്ന് ധരിക്കുന്നവർക്ക് ഇതുതന്നെ ലഭിക്കണം എന്ന രീതിയിലുള്ള കമന്റുകളാണ് ഉള്ളത്. ചിലർ പറയുന്നത് ഇത് സ്ക്രിപ്റ്റഡ് വിഡിയോയാണെന്നും കമന്റ് ചെയ്തിട്ടുണ്ട്. എന്താണെങ്കിലും ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു സന്ദേശം അതിലുണ്ടെന്നത് നിരസിക്കാവുന്ന ഒന്നല്ല.