ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത
text_fieldsതിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം. വെള്ളിയാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായി ആന്ധ്രാ- ഒഡിഷ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. നിലവില്‍ കേരളത്തിന് ഭീഷണിയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്കുള്ള സാധ്യത നിലനില്‍ക്കുന്നതായി കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.
പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങുന്നത് വൈകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട പുതിയ ന്യൂനമര്‍ദ്ദം ഒക്ടോബര്‍ ആദ്യ ആഴ്ച വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മഴ സജീവമായി നിലനിര്‍ത്തുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വടക്കുകിഴക്കൻ മൺസൂണാണ് കേരളത്തിന്റെ തുലാവർഷം. തുലാമാസത്തിൽ തുടങ്ങുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മഴക്കാലമാണിത്. ഒക്ടോബർ മുതൽ ഡിസംബർ വരെ ഇത് നീളും. ഡിസംബർ അവസാനത്തോടെ മഴയ്ക്ക് ശക്തി കുറഞ്ഞു തുടങ്ങും. ഒക്ടോബറിലാണ് കൂടുതൽ മഴ ലഭിക്കുക.
തെക്കൻ തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ തമിഴ്നാട് തീരം,ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
ഗുജറാത്ത് തീരം, വടക്കു കിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം, ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം, ആന്ധ്രപ്രദേശ് തീരം, ഒഡീഷ, പശ്ചിമ ബംഗാൾ, തമിഴ്നാട് തീരം, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. മധ്യ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന വടക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.
ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമ്പോൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സാധാരണയേക്കാൾ കുറഞ്ഞ മഴയാണ് ഇപ്പോൾ ലഭിക്കുന്നതെന്ന് കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഈ പ്രതിഭാസം തുടരുന്നുണ്ടെന്നും കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കി.
കേരളത്തിൽ കാലവർഷത്തിൽ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയാണ് കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ആയി കണക്കാക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെ ലഭിച്ചത് 1752.7 മില്ലി മീറ്റർ മഴയാണ്. സാധാരണ ലഭിക്കേണ്ടതിനേക്കാൾ 13ശതമാനം മഴ കുറഞ്ഞു. 2018.6 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്താണ് 1752.7 മില്ലി മീറ്റർ മഴ ലഭിച്ചത്.


