മരപ്പാമ്പുകൾ, തത്തകൾ, മുയലുകൾ; തായ്‍ലൻഡിൽ നിന്ന് വിമാനത്തിൽ കടത്തിയ അപൂർവയിനം ജീവികളുമായി രണ്ടുപേർ പുണെയിൽ പിടിയിൽ
text_fieldsപുണെ: തായ്‍ലൻഡിൽ നിന്ന് കടത്തിയ അപൂർവയിനം ജീവികളുമായി രണ്ടുപേരെ പുണെ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. 14 മരപ്പാമ്പുകൾ, നാല് ഇരട്ടക്കണ്ണൻ തത്തകൾ, രണ്ട് സുമാത്രൻ മുയലുകൾ എന്നിവയാണ് പെട്ടിയിൽ കടത്തിയ നിലയിൽ കണ്ടെത്തിയത്. ഒരു മരപ്പാമ്പ് ചത്ത നിലയിലായിരുന്നു.
വന്യജീവികളെ വിമാനത്താവളം വഴി കടത്തുന്നതായി കസ്റ്റംസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാങ്കോക്കിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരായ സഹീർ അബ്ബാസ്, ഭവേഷ് രമേശ്ഭായി സോളങ്കി എന്നിവർ പിടിയിലായത്.
മതിയായ അനുമതിയില്ലാതെയും രേഖകളില്ലാതെയുമാണ് വന്യജീവികളെ ഇന്ത്യയിലേക്ക് കടത്തിയതെന്ന് അധികൃതർ പറഞ്ഞു. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തിലുള്ള ജീവികളാണിത്.
മൃഗസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന എൻ.ജി.ഒയിലെ അംഗങ്ങളെത്തി പാമ്പുകൾക്കും തത്തകൾക്കും മുയലുകൾക്കും ആവശ്യമായ പരിചരണം നൽകി. ട്രാൻസിറ്റ് ട്രീറ്റ്മെന്‍റ് സെന്‍ററിലേക്ക് മാറ്റിയ ഇവയെ ഉടൻ ബാങ്കോക്കിലേക്ക് തന്നെ തിരിച്ചയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.