ബംഗ്ലാദേശിൽ കനത്ത മഴക്ക് പിന്നാലെ പ്രളയവും മണ്ണിടിച്ചിലും: 44 പേർ മരിച്ചു; 10 ലക്ഷത്തിലേറെ പേർ ദുരിതത്തിൽ
text_fieldsധാക്ക: ദിവസങ്ങളായി തുടരുന്ന കനത്ത മൺസൂൺ മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും ബംഗ്ലാദേശിൽ മരിച്ചവരുടെ എണ്ണം 44 ആയി. തെക്കുകിഴക്കൻ ബംഗ്ലാദേശിലെ ഏഴ് ജില്ലകളിലായി 10 ലക്ഷത്തിലധികം പേർ ദുരിതത്തിലായതായും 2,67,918 കുടുംബങ്ങൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട നിലയിലാണെന്നും ബംഗ്ലാദേശ് ദുരന്തനിവാരണ മന്ത്രാലയം അറിയിച്ചു.
ദുരന്തബാധിത പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തനവും ദുരിതാശ്വാസ വിതരണവും യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ചട്ടോഗ്രാം, കോക്സ് ബസാർ, ബന്ദർബാൻ, റംഗമതി, ഖഗ്രാഛരി, മൗലവിബസാർ, ഹബിഗഞ്ച് ജില്ലകളിലാണ്. പല പ്രദേശങ്ങളിലും വീടുകൾ പൂർണമായും വെള്ളത്തിനടിയിലായി. റോഡുകളും പാലങ്ങളും തകർന്നതോടെ നിരവധി ഗ്രാമങ്ങൾ പുറംലോകവുമായി ബന്ധം നഷ്ടപ്പെട്ടു. വൈദ്യുതി വിതരണവും ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും താറുമാറായതിനാൽ രക്ഷാപ്രവർത്തനങ്ങൾക്കും വെല്ലുവിളി നേരിടുകയാണ്.
വീടുകൾ വെള്ളത്തിൽ മുങ്ങിയതിനാൽ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ദിവസങ്ങളായി ഭക്ഷണം പാകം ചെയ്യാൻ കഴിയുന്നില്ല. അടുക്കളകളും താമസമുറികളും കട്ടിയിൽ ചെളി നിറഞ്ഞതിനാൽ സാധാരണ ജീവിതം പൂർണമായും തകരാറിലായിരിക്കുകയാണ്. പലർക്കും കുടിവെള്ളവും വൈദ്യുതിയും ലഭ്യമല്ല. ഭക്ഷണം പാകം ചെയ്യാൻ കഴിയാത്തതിനാൽ അവിൽ, പൊരി, ബിസ്‌ക്കറ്റ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളെയാണ് ആയിരക്കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്നത്.
എന്നാൽ റോഡുകൾ ഒലിച്ചുപോയതും പാലങ്ങൾ തകർന്നതും കാരണം ദുരിതാശ്വാസ സാമഗ്രികൾ ഏറ്റവും കൂടുതൽ ബാധിതമായ മേഖലകളിലെത്തിക്കുന്നത് അതീവ ദുഷ്കരമാണ്. ഇതിനിടെ സൈന്യവും നാവികസേനയും ബോട്ടുകൾ ഉപയോഗിച്ച് ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്ക് ഭക്ഷണം, കുടിവെള്ളം, മരുന്നുകൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ എത്തിക്കുകയാണ്. പ്രളയജലം വീടുകളിൽ കയറിയവർ അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കനത്ത മഴയുടെ ആഘാതം കോക്സ് ബസാറിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പുകളിലും രൂക്ഷമാണ്. ഈ ആഴ്ച ക്യാമ്പുകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 16 റോഹിങ്ക്യൻ അഭയാർഥികൾ മരിച്ചിരുന്നു. കുന്നിൻ ചരിവുകളിൽ നിർമ്മിച്ച താൽക്കാലിക ഷെൽട്ടറുകളിലാണ് പത്ത് ലക്ഷത്തിലധികം റോഹിങ്ക്യകൾ കഴിയുന്നത്. മഴക്കാലത്ത് ഇവ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും അതീവ അപകടസാധ്യതയുള്ള പ്രദേശങ്ങളാണ്.


