പ്രകൃതിയോടിണങ്ങിയ കുടുംബയാത്ര ഉത്തരകേരളത്തിൽ
text_fieldsആഷിഖിന്റെ കുടുംബം സൈക്കിൾയാത്രക്കിടെ
തൃക്കരിപ്പൂർ: പരിസ്ഥിതി സൗഹൃദരീതി അവലംബിച്ചുള്ള നാലംഗ കുടുംബത്തിന്റെ സൈക്കിൾയാത്ര ഉത്തരകേരളത്തിൽ കടന്നു. മാതാപിതാക്കളും രണ്ടു മക്കളുമാണ് മലപ്പുറത്തുനിന്ന് കാസർകോട്ടെത്തിയിരിക്കുന്നത്. വിപണിയിൽ സേവനം ചെയ്യുന്ന പെരിന്തൽമണ്ണ സ്വദേശി ആശിഖും ഭാര്യ ഫാർമസിസ്റ്റായ വർദയും മക്കളായ കാഹിൽ അർശ് (10), ആര്യൻ അർശ് (നാല്) എന്നിവരാണ് പുതുവർഷത്തിൽ യാത്രയാരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോൾ ഉത്തരകേരളത്തിൽ എത്തിയത്.
ആര്യൻ മാതാവിന്റെ സൈക്കിളിന്റെ പിറകിലിരിക്കും. നാലാം ക്ലാസുകാരൻ കാഹിലിന്റെ കുഞ്ഞുസൈക്കിൾ ആശിഖിന്റെ സൈക്കിളിനൊപ്പം ഘടിപ്പിച്ചതാണ്. പിന്നിലിരുന്ന് അവനും ഇടക്ക് ചവിട്ടാൻ സഹായിക്കുന്നു. സൈക്കിളിൽ കുടുംബയാത്രകൾ പ്രചാരത്തിൽ ഇല്ലാത്തതിനാൽ അനുബന്ധ ഉപകരണങ്ങൾ, ഇതിനുവേണ്ട സജ്ജീകരണങ്ങൾ എന്നിവ യു.കെയിൽനിന്നാണ് ഇറക്കുമതി ചെയ്തത്.
മൊബൈൽ ഫോണിനോടുള്ള അമിതഭ്രമം യാത്രയിലൂടെ മാറ്റിയെടുത്തതായി കുടുംബം സാക്ഷ്യപ്പെടുത്തുന്നു. മുൻകൂട്ടി നിശ്ചയിച്ച യാത്രപദ്ധതികളോ എണ്ണിത്തിട്ടപ്പെടുത്തിയ ദിനങ്ങളിലോ ഈയാത്ര പരിമിതമല്ല. നാട് കണ്ട് കൊതിതീരുംവരെ തുടരാനാണ് ആഗ്രഹം.
കാസർകോട്ടുനിന്ന് മടങ്ങുന്നത് വയനാട് ലക്ഷ്യമാക്കിയാണ്. ചെലവിനുള്ള തുക യാത്രക്കിടയിൽതന്നെ സുഗന്ധവിൽപനയിലൂടെ കണ്ടെത്തുന്നു. കാഹിലിന്റെ പഠനം ഓൺലൈനിലേക്ക് മാറ്റി. ഒരുവർഷത്തെ തയാറെടുപ്പിനുശേഷമാണ് യാത്ര തുടങ്ങിയത്.
അഞ്ചു വർഷമായി ആശിഖ് സൈക്കിൾസവാരികൾ നടത്തുന്നുണ്ട്. വർദയാവട്ടെ ഒരുവർഷത്തിലേറെയായി. ജില്ലയിലെത്തിയ കുടുംബത്തെ തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് പ്രസിഡന്റ് ടി.എം.സി. ഇബ്രാഹിം, ഉപദേശകസമിതിയംഗം എം.സി. ഹനീഫ, എസ്.ആർ. ഫൈസൽ സലാം, മുസ്തഫ മാർത്താണ്ഡൻ, കെ.വി. ഷാജി, ബി.സി. യാസിർ എന്നിവർ സ്വീകരിച്ചു.


