Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_right‘നിൽക്കൂ..ഞങ്ങളൊന്ന്...

‘നിൽക്കൂ..ഞങ്ങളൊന്ന് പോകട്ടേ..’ ട്രാക്ക് മുറിച്ചുകടക്കാൻ കാട്ടാനക്കൂട്ടം, കാത്തുനിന്ന് രാജധാനി എക്സ്പ്രസ്: അസമിൽനിന്ന് സഹജീവിസ്നേഹത്തിന്റെ ഹൃദ്യമായ കാഴ്ച

text_fields
bookmark_border
‘നിൽക്കൂ..ഞങ്ങളൊന്ന് പോകട്ടേ..’ ട്രാക്ക് മുറിച്ചുകടക്കാൻ കാട്ടാനക്കൂട്ടം, കാത്തുനിന്ന് രാജധാനി എക്സ്പ്രസ്: അസമിൽനിന്ന് സഹജീവിസ്നേഹത്തിന്റെ ഹൃദ്യമായ കാഴ്ച
cancel

ഹോജായ്: എല്ലാ ജീവജാലങ്ങളും പ്രകൃതിയുടെ വരദാനമാണെന്നും വന്യജീവികളുടെ ജീവനും വിലയുണ്ടെന്നും തുറന്നുകാണിക്കുന്ന ഹൃദയംഗമായ കാഴ്ചക്കാണ് അസം ബുധനാഴ്ച സാക്ഷിയായത്. സഹജീവി സ്നേഹം എന്താണെന്ന് സമൂഹത്തിന് കാണിച്ചുകൊടുക്കും വിധത്തിൽ കാട്ടാനക്കൂട്ടത്തിന് തീവണ്ടിപ്പാത മുറിച്ചുകടക്കാൻ വഴിമാറുകയായിരുന്നു രാജധാനി എക്സ്പ്രസ്. ബുധനാഴ്ച രാവിലെ അസമിലെ ഹോജായ് ജില്ലയിലാണ് ഈ ഹൃദ്യമായ സംഭവം അരങ്ങേറിയത്.

റെയിൽ പാതയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിൻ നിർത്താൻ നിർദേശം നൽകുന്നതും ആനകളെല്ലാം സുരക്ഷിതരായി പാളം മുറിച്ചുകടക്കുന്നതുമായ ദൃശ്യങ്ങൾ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഹോജായ് ജില്ലയിലെ ലങ്കയ്ക്ക് സമീപം ഹവായ്പൂർ പ്രദേശത്ത് വൻ കാട്ടാനക്കൂട്ടം പാത മുറിച്ചുകടക്കാൻ ശ്രമിക്കുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഈ സമയം ഡൗൺ രാജധാനി എക്സ്പ്രസ് ഇതുവഴി കടന്നുപോകേണ്ടതുണ്ടായിരുന്നു. ഉദ്യോഗസ്ഥരുടെ ജാഗ്രതയും ലോക്കോ പൈലറ്റിന്റെയും കൺട്രോൾ റൂമിന്റെയും സമയോചിതമായ ഇടപെടലുകളുമാണ് അപകടം ഒഴിവാക്കിയത്. ആനക്കൂട്ടം പൂർണമായി ട്രാക്ക് മുറിച്ചുകടന്ന ശേഷമാണ് രാജധാനി എക്സ്പ്രസ് യാത്ര തുടർന്നത്. ഏകദേശം 6000ത്തോളം ആനകൾ ഇതുവഴി കടന്നുപോയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ അസം വനംവകുപ്പ് മന്ത്രി ജയന്ത മല്ല ബറുവ തന്റെ 'എക്സ്' അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അഭിനന്ദിക്കുകയും ചെയ്തു. "ട്രാക്കിലെ അപ്രതീക്ഷിതമായ ഈ കാത്തുനിൽപ്പ്, നമ്മുടെ പ്രിയപ്പെട്ട വമ്പന്മാർക്ക് സുരക്ഷിതമായി കടന്നുപോകാൻ വേണ്ടിയായിരുന്നു. ഇന്ന് രാവിലെ ഹോജായ് ജില്ലയിലെ നാഗാവോൺ സൗത്ത് ഡിവിഷനിൽ ലങ്ക റേഞ്ചിന് കീഴിലുള്ള ഹവായ്പൂരിൽ കാട്ടാനക്കൂട്ടം ട്രാക്ക് മുറിച്ചുകടക്കുന്നതിനായി ഡൗൺ രാജധാനി എക്സ്പ്രസ് നിർത്തിയിട്ട മനോഹരമായ കാഴ്ച" അദ്ദേഹം എക്സിൽ കുറിച്ചു.

അസം വനംവകുപ്പ് ഉദ്യോഗസ്ഥർ, ലോക്കോ പൈലറ്റ്, ലുംഡിങ് റെയിൽവേ കൺട്രോൾ റൂം എന്നിവർ തമ്മിലുള്ള കൃത്യമായ ഏകോപനമാണ് വൻ ദുരന്തം ഒഴിവാക്കാനും കാട്ടാനകൾക്ക് സുരക്ഷിതമായ പാതയൊരുക്കാനും സഹായിച്ചത്. ട്രെയിൻ ഇടിച്ച് കാട്ടാനകൾ ചരിഞ്ഞ ദാരുണ സംഭവങ്ങൾ രാജ്യത്ത് നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഇത് വന്യജീവികളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്ന ഒന്നാണ്. ഇത്തരം ആശങ്കകൾക്കിടയിലാണ്, കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി പാത കടക്കാൻ അസമിൽ രാജധാനി എക്സ്പ്രസ് നിർത്തിയിട്ട വാർത്ത വലിയ ആശ്വാസമാകുന്നത്.

Show Full Article
TAGS:Environment Wild Elephant asam Viral Video rajadhani express 
News Summary - A herd of wild elephants waits for the Rajdhani Express to cross the tracks: A heartwarming sight of compassion from Assam
Next Story