മുള ദിനം മുടങ്ങാതെ ആചരിക്കുന്ന അബ്ദുറസാഖ് മുല്ലേപാട്ടിന്‍റെ കുടുംബം
text_fieldsഅബ്ദുറസാഖ് മുല്ലേപാട്ടും കുടുംബവും നട്ടുവളർത്തിയ മുളക്കൊപ്പം
മുളയുടെ പാരിസ്ഥിതിക പ്രസക്തി പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ വേൾഡ് ബാംബൂ ഓർഗനൈസേഷൻ ആരംഭിച്ച ആഗോളതല മുള ദിനം (സെപ്റ്റംബർ18) മുടങ്ങാതെ ആചരിക്കുന്ന ഒരു കുടുംബം പരപ്പനങ്ങാടിയിലുണ്ട്. സംസ്ഥാന കർഷകമിത്ര അവാർഡ് ജേതാവ് അബ്ദുറസാഖ് മുല്ലേപാട്ടിന്‍റെ ഹെർബൽ കുടുംബം. കേരള സർക്കാർ ജൈവമിത്ര പുരസ്കാരം നൽകി ആദരിച്ച അബ്ദുറസാഖിന്‍റെ കൊടപാളിയിലെ ഔഷധ ഉദ്യാനത്തിലെ ആയിരത്തിൽ പരം ചെടികളിൽ ഉറ്റ മിത്രങ്ങളാണ് വിവിധയിനം മുള ചെടികൾ.
മതിലുകൾ അതിരടയങ്ങളായി കെട്ടി ഉയരാതിരുന്ന കാലത്ത് മുളങ്കാടുകൾ പറമ്പതിരുകളായി വ്യാപകമായി കാണപെട്ടിരുന്ന ഒരു പ്രദേശത്തിന്‍റെ ചരിത്രശേഷിപ്പായി മുളങ്കാടുകൾ ജീവിക്കുന്നത് അബ്ദുറസാഖ് മുല്ലേപാട്ടിന്‍റെ വീട്ടുമുറ്റത്ത് മാത്രമാണ്. പുരയിടം ശ്വാസോച്ഛ്വസം ചെയ്യുന്നതിലും പരിസരത്ത് സമൃദ്ധമായ ഓക്സിജൻ നിറയുന്നതിലും ഈ മുളംക്കൂട്ടങ്ങൾ സമ്മാനിക്കുന്ന പങ്ക് ഏറെ വലുതാണന്ന് അബ്ദുറസാഖും കുടുംബവും തിരിച്ചറിയുന്നു. അതിനാൽ മറ്റു ചെടികളെക്കാൾ ലാളനയും പരിഗണനയും ഇവക്ക് ലഭിക്കുന്നുണ്ട്.
മണ്ണൊലിപ്പ് തടുത്തും വളമൊലിപ്പ് തടഞ്ഞും ആവശ്യമുള്ളിടത്ത് പോയി തനിക്കാവശ്യമുള്ള വെള്ളവും വളവും അദ്വാനിച്ച് ശേഖരിക്കുന്ന മുളകൾ മനുഷ്യനു മാതൃക കാട്ടുന്നതായും റസാഖ് പറയുന്നു. കാറ്റിലാടാനും അനുഭവിക്കുന്ന കുളിര് പങ്കുവെക്കാനും കലാബോധമുള്ള ചെടി. മണ്ണു സംരക്ഷണത്തിനും മണ്ണിന്‍റെ ഗുണം പുനഃസ്ഥാപിക്കുന്നതിനും മുളക്കുള്ളത്ര കഴിവ് മറ്റൊരു സസ്യത്തിനുമില്ല.
മുളയുടെ മൂലകാണ്ഡവും അതിവ്യാപകമായി വളർന്നെത്തുന്ന വേരുശൃംഖലയും മലഞ്ചെരിവുകളിലും കുത്തനെ കിടക്കുന്ന ഭൂപ്രദേശങ്ങളിലും നദികളുടെയും മറ്റു ജലാശയങ്ങളുടെയും തീരങ്ങളിലും ഭൂവിന്‍റെ ഉപരിതലത്തെ പരസ്പരബന്ധിതമായി നിലനിർത്തുന്നു. മുളകൾ വളർത്തി, സ്ലോപ്പ് സ്റ്റെബിലൈസേഷൻ നടത്തുന്നത് ലോകത്ത് ഏറെ പ്രചാരമുള്ളൊരു മണ്ണ് പരിപാലന സമ്പ്രദായമായി മാറിയിട്ടുണ്ടെന്നും കൃഷി അധ്യാപന വൃത്തി ജീവിതവ്രതമാക്കി മാറ്റിയ റസാഖ് പറയുന്നു.
മുളയുടെ പാരിസ്ഥിതിക പ്രസക്തിയും പുതിയ തലമുറ തിരിച്ചറിയുന്നുണ്ട്. പുട്ടുകുറ്റി മുതൽ കല്യാണപ്പന്തൽ വരെയും സിനിമ, സീരിയൽ ലൊക്കേഷനടക്കം ഇന്‍റീരിയൽ ഡിസൈനിങ്ങിലും മുള പ്രധാന ഇടം നേടി കഴിഞ്ഞു. കുട്ട, വട്ടി, പരമ്പ് മുതലായ മുള ഉൽപന്നങ്ങൾ മലയാളികളുടെ ജീവിതപൈതൃക പാരമ്പര്യങ്ങളും വീടകങ്ങളിലും സ്വീകാര്യതയേറി വരുന്നുണ്ട്.
പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (കെ.എഫ്.ആർ.ഐ) നിന്ന് ഡെൻഡ്രോകെലമസ് ആസ്പർ, സിക്കിമെൻസിസ്, ബൽകോവ, ബിലാത്തി, ഓട, ഈറ്റ മുതലായവയും കേരള വനം വകുപ്പിൽ നിന്ന് ഇല്ലിമുളയും സ്വകാര്യ നഴ്സറികളിൽ നിന്ന് ആനമുളയും ലാത്തിമുളയും ബുദ്ധമുളയും മഞ്ഞമുളയും പച്ചമുളയും മുള്ളുകളില്ലാത്ത നാടുകാണി കല്ലനും റസാക്ക് മുല്ലേപാട്ടിൻറെ തോട്ടത്തിൽ എത്തിയിട്ടുണ്ട്.
'ബാംബൂ കോർണർ' കണ്ടെത്തി റസിഡൻസ് അസോസിയേഷനുകളും ജനപ്രതിനിധികളും മുളയെ നാട്ടിൽ പുനർനടണമെന്നാണ് റസാക്കിനും കുടുംബത്തിനും പറയാനുള്ളത്.