വായു മലിനീകരണം ഇന്ത്യയിൽ ആസിഡ് മഴയുടെ തോത് വർധിപ്പിക്കുന്നു; കണ്ടെത്തൽ മൂന്നരപ്പതിറ്റാണ്ട് നീണ്ട പഠനത്തിൽ
text_fieldsപുണെ: ഇന്ത്യയിലുടനീളമുള്ള മഴവെള്ള രസതന്ത്രം നിരീക്ഷിച്ചുകൊണ്ടുള്ള 34 വർഷത്തെ സമഗ്ര പഠനത്തിൽ വിവിധ നഗരങ്ങളിൽ അമ്ല മഴ/ ആസിഡ് മഴ വർധിച്ചുവരുന്നതായി കണ്ടെത്തി ശാസ്ത്രജ്ഞർ. വിശാഖപട്ടണം (ആന്ധ്രപ്രദേശ്), പ്രയാഗ്‌രാജ് (ഉത്തർപ്രദേശ്), മോഹൻബരി (അസം) എന്നിവിടങ്ങളിൽ അമ്ല മഴയുടെ വർധിച്ചുവരുന്ന സാഹചര്യമാണുള്ളത്. അമ്ല മഴ ഇതുവരെ ഒരു പ്രധാന ഭീഷണിയായി മാറിയിട്ടില്ലെങ്കിലും ഈ പ്രവണത തുടർന്നാൽ ഭാവിയിൽ ഇത് ഒരു വലിയ അപകടമായി മാറിയേക്കാമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പു നൽകി.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പും (ഐ.എം.ഡി) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയും (ഐ.ഐ.ടി.എം) നടത്തിയ പഠനത്തിൽ നിരീക്ഷിക്കപ്പെടുന്ന മിക്ക പ്രദേശങ്ങളിലെയും പി.എച്ച് അളവ് ഗണ്യമായി കുറയുന്ന പ്രവണത കണ്ടെത്തി.
പി.എച്ച് കുറയുന്തോറും മഴയുടെ അസിഡിറ്റി അഥവാ അമ്ലത്വം കൂടും. 0 മുതൽ 14 വരെയുള്ള സ്കെയിലിൽ ഒരു വസ്തു എത്രത്തോളം അമ്ലത്വമുള്ളതോ ക്ഷാരസ്വഭാവമുള്ളതോ ആണെന്ന് സൂചിപ്പിക്കുന്ന അളവുകോലാണ് പി.എച്ച്. മഴവെള്ളത്തിലെ 5.65ൽ താഴെയുള്ള പി.എച്ച് മൂല്യം അമ്ലത്വമായി കണക്കാക്കപ്പെടുന്നു.
1987മുതൽ 2021വരെ 10 ‘ഗ്ലോബൽ അറ്റ്മോസ്ഫിയർ വാച്ച് സ്റ്റേഷനുകളി’ൽ നടത്തിയ ഗവേഷണത്തിൽ മിക്ക സ്ഥലങ്ങളിലും പി.എച്ചിൽ കാലക്രമേണയുള്ള പൊതുവായ കുറവ് കണ്ടെത്തി. ഒന്നിലധികം സ്റ്റേഷനുകളിൽ ഗണ്യമായ കുറവും കണ്ടെത്തി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് ഉയർന്ന വായു മലിനീകരണമുള്ള വ്യാവസായിക നഗര പ്രദേശങ്ങളിൽ മഴവെള്ളം കൂടുതൽ അമ്ലമായി മാറിക്കൊണ്ടിരിക്കുന്നതായി ഈ പ്രവണതകൾ സൂചിപ്പിക്കുന്നു.
ഈ നിലക്ക് ഗണ്യമായി കുറയുമ്പോൾ ദൃശ്യമായ നാശനഷ്ടങ്ങൾ കാണാൻ തുടങ്ങുന്നു. പുരാവസ്തു സ്മാരകങ്ങളിലെ മാർബിൾ ഘടനകളുടെ തകർച്ച, കെട്ടിടങ്ങളുടെയും പാലങ്ങളുടെയും നാശം, ഏറ്റവും പ്രധാനമായി മണ്ണിൽ നിന്ന് അലുമിനിയം, ഇരുമ്പ്, നിക്കൽ, ക്രോമിയം തുടങ്ങിയ വിഷാംശമുള്ള ഘനലോഹങ്ങൾ നമ്മുടെ ജലവ്യവസ്ഥയിലേക്ക് ഒഴുകുന്നത് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
അങ്ങനെ ഘനലോഹങ്ങൾ ഭക്ഷ്യ ശൃംഖലയിൽ പ്രവേശിച്ച് ഒരു വലിയ ആരോഗ്യ അപകടമായി മാറും. ഇപ്പോൾ ഈ ഫലങ്ങൾ വ്യാപകമല്ല. എന്നാൽ, ഇത് തീർച്ചയായും നാം സൂക്ഷ്മമായി നിരീക്ഷിക്കേണ്ട ഒരു പ്രവണതയാണെന്ന് ഐ.എം.ഡിയിലെ മുൻ ശാസ്ത്രജ്ഞനായ ബിശ്വജിത് മുഖോപാധ്യായ മുന്നറിയിപ്പ് നൽകുന്നു.