ഇറാഖിലെ കൊടും വരൾച്ചയിൽ തെളിഞ്ഞുവന്നത് 2,300 വർഷങ്ങൾക്ക് മുമ്പുള്ള പുരാതന ശവകുടീരങ്ങൾ
text_fieldsബാഗ്ദാദ്: കടുത്ത വരൾച്ച രാജ്യത്തെ ഏറ്റവും വലിയ ജലസംഭരണിയിലെ ജലനിരപ്പ് താഴ്ത്തിയതിനെത്തുടർന്ന് ഇറാഖിൽ 40 ശവകുടീരങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെത്തിയതായി റിപ്പോർട്ട്. ഹെല്ലനിസ്റ്റിക് കാലഘട്ടത്തിലേതെന്ന് കരുതപ്പെടുന്ന ശവകുടീരങ്ങൾ, വടക്കൻ ഇറാഖിലെ ദുഹോക്ക് പ്രവിശ്യയിലെ മൊസൂൾ ഡാം റിസർവോയറിൽ നിന്നുമാണ് കണ്ടെത്തിയത്.
വിവിധ പുരാവസ്തുക്കളും സെറാമിക് പാത്രങ്ങളും ഖനനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവക്ക് 2,300 വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ഇറാഖ് സെല്യൂസിഡ് സാമ്രാജ്യത്തിന്റെ ഭരണത്തിൻ കീഴിലായിരുന്ന ഹെല്ലനിസ്റ്റിക് കാലഘട്ടത്തിലേതായിരിക്കാം ഇതെന്നാണ് അനുമാനം.
അതിന്റെ ഉന്നതിയിൽ ഇന്നത്തെ തുർക്കി മുതൽ ഇന്ത്യയുടെ അരികുകൾ വരെ ആ സാമ്രാജ്യം വ്യാപിച്ചു കിടന്നിരുന്നു. 2023ൽ പുരാവസ്തു ഗവേഷകരുടെ ഒരു സംഘം ഇതേ പ്രദേശത്ത് സർവേ നടത്തിയിരുന്നു. അന്നും ജലനിരപ്പ് കുറവായിരുന്നു. എങ്കിലും അവർ ശവകുടീരങ്ങളുടെ ചില ഭാഗങ്ങൾ മാത്രമേ കണ്ടെത്തിയിരുന്നുള്ളൂ. ഇത്തവണ സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നു.ഇറാഖ് ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വരണ്ട വർഷങ്ങളിലൊന്നിലൂടെയാണ് കടന്നുപോകുന്നത്. ജലസംഭരണി അതിന്റെ പൂർണ ശേഷിയുടെ 8 ശതമാനമായി കുറഞ്ഞതിനാൽ കടുത്ത ജലക്ഷാമം രാജ്യത്തിന്റെ അതജീവനത്തിനും സുരക്ഷക്കും വൻ ഭീഷണിയാണ്.
മൊസൂൾ അണക്കെട്ടിലെ ജലസംഭരണിയിലെ ജലനിരപ്പ് ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നപ്പോൾ പുരാവസ്തു ഗവേഷകർക്ക് ശവകുടീരങ്ങളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞുവെന്ന് പുരാവസ്തു ഗവേഷണത്തിന്റെ തലവനായ ബെക്കാസ് ബ്രെഫ്കാനി പറഞ്ഞു.
വെള്ളം കുറയുന്നത് പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പുരാവസ്തു ഗവേഷകർ എന്ന നിലയിൽ വളരെക്കാലമായി വെള്ളത്തിനടിയിൽ മറഞ്ഞിരുന്ന പ്രദേശങ്ങൾ വീണ്ടും കണ്ടെത്താനുള്ള അവസരവും ലഭിച്ചുവെന്ന് അവർ പറയുന്നു.
ഇറാഖ് സമീപ വർഷങ്ങളിൽ നിരവധി വരൾച്ചകളെ നേരിട്ടിട്ടുണ്ട്. അവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ മാനുഷിക ദുരന്തത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു. സർക്കാർ ഇടപെട്ടില്ലെങ്കിൽ ഇത് കൂടുതൽ വഷളാകുമെന്നാണ്‍വിദഗ്ധരുടെ മുന്നറിയിപ്പ്. ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തിൽ വർധിച്ചുവരുന്ന താപനില, ഇടക്കിടെയുള്ള മണൽ-പൊടിക്കാറ്റുകൾ, ജലക്ഷാമം എന്നിവ കാരണം കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തിന് ഏറ്റവും ഇരയാകുന്ന രാജ്യങ്ങളിലൊന്നാണ് ഇറാഖ്.
എന്നാൽ, വരൾച്ച രാജ്യത്തുടനീളം പുരാവസ്തു കണ്ടെത്തലുകൾക്കും കാരണമായി. 2022ൽ, ടൈഗ്രീസ് നദിക്കരയിലുള്ള മൊസൂൾ അണക്കെട്ടിലെ ജലസംഭരണിയുടെ ഉണങ്ങിയ ഭാഗത്ത് 3,400 വർഷം പഴക്കമുള്ള ഒരു നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ജലനിരപ്പ് കുറയുന്നത് തുടരുന്നതിനാൽ കൂടുതൽ പുരാവസ്തുക്കൾ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സ്ഥലത്തെ പുരാവസ്തു ഗവേഷകനായ നാസിം സിബാരി പറഞ്ഞു.