കാഴ്ചയിൽപ്പെടുക തന്നെ അപൂർവം, കൂട്ടമായി ഇരതേടൽ; വംശനാശം നേരിടുന്ന ഈ അപൂർവ നായയെക്കുറിച്ചറിയാം
text_fieldsമധ്യ-തെക്കൻ അമേരിക്കൻ കാടുകളിലും തണ്ണീർത്തടങ്ങളിലും കണ്ടുവരുന്ന ബുഷ് ഡോഗ് എന്നറിയപ്പെടുന്ന ഒരു കാട്ടുനായയുണ്ട്. വേട്ടയാടുകയും കൂട്ടമായി ജീവിക്കുകയും ചെയ്യുന്ന നായ് കുടുംബത്തിലെ ഏറ്റവും ചെറിയ അംഗമാണിവർ.
ഒരു പൂച്ചയുടെ വലുപ്പം മാത്രമുള്ള ഇവക്ക് 12 മുതൽ 16 ഇഞ്ച് വരെയാണ് ഉയരം. 11 മുതൽ 18 പൗണ്ട് വരെ ഭാരവും വരും. ചെറിയ ഇടതൂർന്ന ഇവയുടെ രോമങ്ങൾക്ക് ചുവപ്പ് കലർന്ന തവിട്ട് നിറമാണ്. ചെറിയ കാലുകളും പരന്ന പാദങ്ങളും വെള്ളത്തിൽ അനായാസം നീന്താൻ ഇവയെ സഹായിക്കുന്നു.
ട്രോപ്പിക്കൽ മഴക്കാടുകൾ, ചതുപ്പ് നിലങ്ങൾ, നദീതടങ്ങൾ എന്നിവയിലാണ് ബുഷ് ഡോഗുകൾ താമസിക്കുന്നത്. സാധാരണ കാട്ടുനായ്ക്കളിൽ നിന്ന് വ്യത്യസ്തമായി കൂട്ടമായി സഞ്ചരിച്ച് വേട്ടയാടി ഭക്ഷണം കണ്ടെത്തുന്നവയാണ് ബുഷ് ഡോഗുകൾ. നാലു മുതൽ 12 വരെ ബുഷ് ഡോഗുകൾ അടങ്ങുന്ന സംഘമായാണ് ഇവർ വേട്ടയാടലിനിറങ്ങുക. ഇങ്ങനെ ഗ്രൂപ്പായി നിൽക്കുന്നത് ഇരകളെ വേഗം ട്രാപ്പിലാക്കാൻ ഇവയെ സഹായിക്കുന്നു.
പ്രത്യേക ഭക്ഷണരീതിയൊന്നും ബുഷ് ഡോഗുകൾക്കില്ല. ചെറിയ സസ്തനികൾ, ഉരഗങ്ങൾ, പഴങ്ങൾ അങ്ങനെ ഒരുവിധപ്പെട്ട എല്ലാ ഭക്ഷണങ്ങളും ഇവ കഴിക്കും. വളരെ നാണക്കാരും രാത്രി കാലങ്ങളിൽ മാത്രം ആക്ടീവാകുകയും ചെയ്യുന്ന ഇവയെ നേരിൽ കാണാനാവുക അപൂർവമാണ്. പലപ്പോഴും കാമറകളിലും യാദൃശ്ചികമായുമൊക്കെയാണ് ഇവയെ കണ്ണിൽപ്പെടാറുള്ളത്. നിർഭാഗ്യവശാൽ ബുഷ് ഡോഗുകളുടെ ആവാസയിടങ്ങൾ ഇന്ന് മനുഷ്യന്‍ കൈയേറിക്കൊണ്ടിരിക്കുകയാണ്. ഐ.യു.സി.എൻന്‍റെ വംശനാശം നേരിടുന്ന ജീവജാലങ്ങളുടെ പട്ടികയിലും ഇവയുണ്ട്.