Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightമുഗൾ കാലത്തിനും...

മുഗൾ കാലത്തിനും മുമ്പേ; ബിഹാറിലെ ആൽമരത്തിന് 700 വർഷം പഴക്കം

text_fields
bookmark_border
മുഗൾ കാലത്തിനും മുമ്പേ;  ബിഹാറിലെ ആൽമരത്തിന് 700 വർഷം പഴക്കം
cancel

ബിഹാറിലെ മുംഗറിൽ പടർന്നു നിൽക്കുന്ന കൂറ്റൻ ആൽമരത്തിന് കുറഞ്ഞത് 700 വർഷത്തെ പഴക്കമുണ്ടെന്ന് ശാസ്ത്രീയ സ്ഥിരീകരണം. ലോകത്ത് ശാസ്ത്രീയമായ രീതിയിൽ കൃത്യമായി പ്രായം നിർണയിച്ചിട്ടുള്ള ഏറ്റവും പഴക്കമുള്ള ആൽമരം (Ficus benghalensis) എന്ന പ്രത്യേകതയാണ് ഇതോടെ മരത്തിന് ലഭിച്ചത്. ക്വാട്ടേണറി ഗവേഷണം ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ നിർണായക കണ്ടെത്തൽ.

മുംഗറിലെ ഇന്ത്യൻ ടുബാക്കോ കമ്പനിയുടെ കാമ്പസിലാണ് ഈ ആൽമരം സ്ഥിതി ചെയ്യുന്നത്. ഒരു കാലത്ത് രാജാക്കന്മാരും സാധാരണക്കാരും തമ്മിലുള്ള ചർച്ചകൾക്കും ഗ്രാമസഭകൾക്കും മതപരമായ ചടങ്ങുകൾക്കും സാമൂഹികമായി ഒത്തുചേരുന്ന ഇടമായി പല പ്രാദേശിക ചരിത്രകഥകളും ഈ ആൽമരത്തെ അടയാളപ്പെടുത്തിയിരുന്നു.

അതിനാൽ അതിന്റെ കൃത്യമായ പ്രായം നിർണയിക്കാൻ ബിഹാർ വനംവകുപ്പ് തീരുമാനിച്ചു.ലഖ്‌നൗവിലെ ബിർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്. ഉഷ്ണമേഖലാ മരങ്ങളിൽ വ്യക്തമായ വാർഷിക വളർച്ചാവലയങ്ങൾ സാധാരണയായി കാണപ്പെടാത്തതിനാൽ ഈ ആൽമരത്തിന്റെ പ്രായം കൃത്യമായി നിർണയിക്കുക ബുദ്ധിമുട്ടായിരുന്നു.

ഈ വെല്ലുവിളി മറികടക്കുന്നതിനായി മരത്തിന്റെ ആദ്യകാല വളർച്ചയെ പ്രതിനിധീകരിക്കുന്ന പിത്ത് എന്ന മധ്യഭാഗത്തോട് ചേർന്നുളള തടിയാണ് ഗവേഷകർ പരിശോധിച്ചത്. റേഡിയോകാർബൺ ഡേറ്റിങ് ഉപയോഗിച്ച് മരത്തിന്റെ പ്രായം നിർണയിക്കാൻ ശ്രമിച്ചു.

മരത്തിന്റെ പ്രധാന ശാഖയിൽനിന്ന് ശേഖരിച്ച സാമ്പിളിന് 652 ± 37 വർഷം BP എന്ന റേഡിയോകാർബൺ പ്രായമാണെന്ന് കണ്ടെത്തി. ദ്വിതീയ തണ്ടിൽ നിന്നുള്ള സാമ്പിളിന് 276 ± 36 വർഷം BP എന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് മരത്തിന് കുറഞ്ഞത് 700 വർഷത്തെ പഴക്കമുണ്ടെന്ന് ഗവേഷകർ വിലയിരുത്തിയത്.

സാമ്പിളുകളിൽനിന്ന് ആൽഫ സെല്ലുലോസ് വേർതിരിച്ചെടുത്ത ശേഷം Accelerator Mass Spectrometry എന്ന ഉയർന്നതും കൃത്യതയുളളതുമായ റേഡിയോ കാർബൺ ഡേറ്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. ലഭിച്ച വിവരങ്ങൾ IntCal20 calibration curve, OxCal software എന്നിവ ഉപയോഗിച്ച് വിശകലനം ചെയ്തു.

പ്രദേശത്തെ ചരിത്രപ്രാധാന്യമുള്ള ‘ബുറ ബംഗ്ലാവ്’ കെട്ടിടത്തേക്കാൾ ഏറെ പഴക്കമുള്ളതാണ് മരമെന്ന് പഠനം വ്യക്തമാക്കുന്നു. മുഗൾ ഭരണത്തിന്റെ അവസാനഘട്ടത്തിലും ബ്രിട്ടീഷ് ഭരണത്തിന്റെ ആദ്യകാലത്തുമായി ബന്ധപ്പെട്ടതായി കരുതപ്പെടുന്ന, ഏകദേശം 300 മുതൽ 350 വർഷം വരെ പഴക്കമുള്ള ഈ ബംഗ്ലാവിന് മുന്നിൽ നട്ട ആൽമരമായിരിക്കാമെന്നാണ് നേരത്തെ കരുതിയിരുന്നത്.

എന്നാൽ ആൽമരത്തിന് 700 വർഷത്തിലേറെ പഴക്കമുണ്ടെന്ന് കണ്ടെത്തിയതോടെ, കെട്ടിടം നിർമിക്കുന്നതിന് മുമ്പുതന്നെ മരം ഇവിടെ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. ഒരുകാലത്ത് പ്രദേശത്ത് വ്യാപിച്ചുകിടന്നിരുന്ന സ്വാഭാവിക വനത്തിന്റെ അവശേഷിപ്പായിരിക്കാം ഈ ആൽമരമെന്നാണ് ഗവേഷകരുടെ നിഗമനം.

Show Full Article
TAGS:Banyan tree scientific study Bihar carbon dating 
News Summary - Before the Mughal era; Bihar's banyan tree is 700 years old
Next Story