Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightബ്രഹ്മപുത്രയിൽ...

ബ്രഹ്മപുത്രയിൽ ജലപ്രവാഹം കുതിച്ചുയരും; ചൈനയുടെ വമ്പൻ അണക്കെട്ട് നിർമാണത്തിനിടെ ഗവേഷകരുടെ മുന്നറിയിപ്പ്

text_fields
bookmark_border
ബ്രഹ്മപുത്രയിൽ ജലപ്രവാഹം കുതിച്ചുയരും; ചൈനയുടെ വമ്പൻ അണക്കെട്ട് നിർമാണത്തിനിടെ ഗവേഷകരുടെ മുന്നറിയിപ്പ്
cancel

ബീജിങ്: ബ്രഹ്മപുത്ര നദിയിലെ ജലപ്രവാഹം ഈ നൂറ്റാണ്ടിൽ 29 ശതമാനം വരെ ഉയർന്നേക്കുമെന്ന് ചൈനീസ് ഗവേഷകരുടെ പഠനം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ നദിയിലെ ഉയർന്ന ജലപ്രവാഹം വർധിക്കുന്നത് ഭാവിയിൽ പ്രളയ സാധ്യത വർധിപ്പിക്കുമെന്ന ആശങ്കയും പഠനം മുന്നോട്ട് വെക്കുന്നു.

ചൈനയിൽ യാർലങ് സാങ്പോ എന്നറിയപ്പെടുന്ന ബ്രഹ്മപുത്രയുടെ ജലപ്രവാഹം സംബന്ധിച്ച പഠനം ചൈനീസ് അക്കാദമി ഓഫ് സയൻസസിലെയും യുനാൻ സർവകലാശാലയിലെയും ഗവേഷകരാണ് നടത്തിയത്. 1325 മുതൽ 2020 വരെയുള്ള നദിയുടെ ജലപ്രവാഹ ചരിത്രം മരങ്ങളുടെ വളർച്ചാവലയങ്ങളിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗവേഷകർ പുനർനിർമിച്ചു.

കാലാവസ്ഥാ വിവരങ്ങളുമായി ഈ ചരിത്രരേഖകൾ സംയോജിപ്പിച്ചാണ് ഭാവിയിലെ ജലപ്രവാഹം സംബന്ധിച്ച പ്രവചനം നടത്തിയത്. മിതമായ തോതിലുള്ള ഹരിതഗൃഹ വാതക പുറന്തള്ളൽ തുടരുന്ന സാഹചര്യത്തിൽ വാർഷിക ജലപ്രവാഹം ഏകദേശം 20 ശതമാനം ഉയർന്നേക്കുമെന്ന് പഠനം പറയുന്നു. ഉയർന്ന തോതിലുള്ള പുറന്തള്ളൽ തുടരുകയാണെങ്കിൽ വർധന 29 ശതമാനം വരെയാകാം.

ടിബറ്റൻ പീഠഭൂമി കഴിഞ്ഞ നൂറ്റാണ്ടിൽ ആഗോള ശരാശരിയേക്കാൾ ഏകദേശം ഇരട്ടി വേഗത്തിൽ ചൂടുപിടിച്ചതായും ഗവേഷകർ ചൂണ്ടിക്കാട്ടി. താപനില ഉയരുന്നത് ഹിമാനികൾ ഉരുകുന്നതിനും പെർമാഫ്രോസ്റ്റ് നശിക്കുന്നതിനും മഞ്ഞുമൂടിക്കിടക്കുന്ന കാലയളവ് കുറയുന്നതിനും കാരണമാകുന്നു. മഴയുടെ രീതിയിലുണ്ടാകുന്ന മാറ്റങ്ങളും അതിശക്തമായ മഴയുടെ സാധ്യതയും നദിയുടെ ഭാവി ഒഴുക്കിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകാമെന്നും പഠനം വിലയിരുത്തുന്നു.

1325 മുതൽ 2020 വരെയുള്ള കാലയളവിൽ 14 ഈർപ്പമുള്ള കാലഘട്ടങ്ങളും 14 വരണ്ട കാലഘട്ടങ്ങളും ഉണ്ടായതായി ഗവേഷകർ കണ്ടെത്തി. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ നദിയിലെ വാർഷിക ജലപ്രവാഹം ചരിത്രകാലത്തെ നിലയേക്കാൾ ഉയർന്നേക്കുമെന്നും അതിതീവ്രമായ ഉയർന്ന ഒഴുക്ക് വർധിക്കുമെന്നും പഠനം പറയുന്നു.

ഇതിനിടെ യാർലങ് സാങ്പോ നദിയിൽ ചൈന നിർമിക്കുന്ന വമ്പൻ ജലവൈദ്യുത പദ്ധതിയെക്കുറിച്ചുള്ള ആശങ്കകളും ശക്തമാകുകയാണ്. 60,000 മെഗാവാട്ടിലധികം സ്ഥാപിത ശേഷിയുള്ള പദ്ധതിക്ക് ഏകദേശം 168 ബില്യൺ ഡോളർ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ പ്രവർത്തിക്കുന്ന ജലവൈദ്യുത പദ്ധതിയായ ത്രീ ഗോർജസ് ഡാമിന്റെ ശേഷിയുടെ ഏകദേശം മൂന്നിരട്ടിയാണിത്.

ടിബറ്റിലെ മെഡോഗിലാണ് പദ്ധതി നിർമിക്കുന്നത്. നദി ഹിമാലയൻ മലയിടുക്കിലൂടെ ഇംഗ്ലീഷ് അക്ഷരമാലയിലെ യു ആകൃതിയിലുള്ള വളവ് സൃഷ്ടിച്ച് അരുണാചൽ പ്രദേശിലേക്ക് പ്രവേശിക്കുന്ന മേഖലയാണിത്. പദ്ധതിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇന്ത്യയും ബംഗ്ലാദേശും നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

താഴേക്കുള്ള രാജ്യങ്ങളിലെ ജലപ്രവാഹം, പരിസ്ഥിതി, ജലസുരക്ഷ എന്നിവയെ പദ്ധതി ബാധിച്ചേക്കുമെന്നാണ് ആശങ്ക. എന്നാൽ പദ്ധതി താഴേക്കുള്ള രാജ്യങ്ങളെ ബാധിക്കില്ലെന്നും സുരക്ഷാ നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നുമാണ് ചൈനയുടെ നിലപാട്.

ഭൂകമ്പസാധ്യതയുള്ള മേഖലയിലാണ് പദ്ധതി സ്ഥിതി ചെയ്യുന്നതെന്നതും ആശങ്കക്ക് കാരണമാകുന്നു. പദ്ധതിക്ക് താഴെ സജീവമായ ഭൂചലന വിള്ളൽ കണ്ടെത്തിയതായി ജൂണിൽ ചൈനീസ് ജിയോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകിയിരുന്നു. മണ്ണിടിച്ചിലും ഘടനാപരമായ തകരാറുകളും ഒഴിവാക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അവർ നിർദേശിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Brahmaputra River China hydropower project water flow India 
News Summary - Brahmaputra Water Flow to Surge: Researchers Issue Warning Amid China's Massive Dam Construction
Next Story