കുനോ ദേശീയോദ്യാനത്തിൽ ചീറ്റപ്പുലിയുടെ കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി
text_fieldsമധ്യപ്രദേശ്: ആദ്യമായി അമ്മയോടൊപ്പം കാട്ടിലേക്ക് കാലെടുത്തുവച്ചതിന് ഒരു ദിവസത്തിനുശേഷം, മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ വെള്ളിയാഴ്ച ഒരു ചീറ്റപ്പുലിക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി, അന്താരാഷ്ട്ര ചീറ്റപ്പുലിദിനം സമുചിതമായി ആഘോഷിച്ച് സംസ്ഥാന സർക്കാറിന്റെ സന്തോഷങ്ങൾക്ക് മുകളിൽ കരിനിഴൽ വീഴ്ത്തിയ വാർത്തയായിരുന്നു ഇത്.
അന്താരാഷ്ട്ര ചീറ്റപ്പുലിദിനത്തിൽ, മുഖ്യമന്ത്രി മോഹൻ യാദവ് പെൺ ചീറ്റ വീരയെയും അതിന്റെ രണ്ട് കുഞ്ഞുങ്ങളെയും കുനോ ദേശീയോദ്യാനത്തിലേക്ക് സ്വതന്ത്ര-വിഹാരത്തിനായി വിട്ടയക്കുകയായിരുന്നു. ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ചീറ്റപ്പുലി പുനരുദ്ധാരണ പരിപാടിയുടെ പുരോഗതി അടയാളപ്പെടുത്തുന്നതിനായിരുന്നു ഇത്.
എന്നാൽ മണിക്കൂറുകൾക്കുള്ളിൽ, രാത്രി കുഞ്ഞുങ്ങളിൽ ഒന്ന് അമ്മയിൽ നിന്നും സഹോദരനിൽ നിന്നും വേർപെട്ടുവെന്നും പിറ്റേന്ന് ഉച്ചകഴിഞ്ഞ് വനം ജീവനക്കാർ അതിന്റെ മൃതദേഹം കണ്ടെത്തിയെന്നും പാർക്ക് അധികൃതർ പറഞ്ഞു.
‘വീരയുടെ പത്ത് മാസം പ്രായമുള്ള കുഞ്ഞുങ്ങളിൽ ഒന്നിനെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കാട്ടിൽ ചത്ത നിലയിൽ കണ്ടെത്തി,’ ഒരു വനം ഉദ്യോഗസ്ഥൻ പറഞ്ഞു. മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്ന് സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്.
വീരയും അവളുടെ ശേഷിക്കുന്ന കുട്ടിയും ഒരുമിച്ചാണെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഇതോടെ, കുനോ ദേശീയോദ്യാനത്തിലെ ചീറ്റകളുടെ എണ്ണം 28 ആയി, അതിൽ എട്ട് മുതിർന്നവരും (അഞ്ച് പെൺ, മൂന്ന് ആൺ) ഇന്ത്യയിൽ ജനിച്ച 20 കുഞ്ഞുങ്ങളും. അതിജീവിച്ച എല്ലാ ചീറ്റക്കുഞ്ഞുങ്ങളുംനല്ല ആരോഗ്യത്തോടെയുണ്ടെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ടിൽ പറഞ്ഞു.
മസായ് മാരയിൽനിന്നും നമീബിയയിൽനിന്നുമാണ് ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ കൊണ്ടുവന്നത്. പരിസ്ഥിതി നഷ്ടവും മനുഷ്യരുടെ വേട്ടയാടലും മൂലം അന്യംനിന്നുപോയ ജീവിവർഗമായ ചീറ്റപ്പുലികളെ പുനരധിവസിപ്പിക്കുകയായിരുന്നു. ആദ്യം എത്തിച്ച ചീറ്റപ്പുലികൾ കാലാവസ്ഥ വ്യതിയാനവും അനാരോഗ്യം മൂലവും മരണപ്പെടുകയായിരുന്നു. പിന്നീട് കൊണ്ടുവന്ന ചീറ്റപ്പുലികളെല്ലാം ആവാസവ്യവസ്‍ഥയുമായി താദാത്മ്യം പ്രാപിക്കുകയും പ്രസവിച്ച് കുട്ടികളുമായി ദേശീയോദ്യാനത്തിലുണ്ട്.


