Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightഉഷ്ണതരംഗത്തെ നേരിടാൻ...

ഉഷ്ണതരംഗത്തെ നേരിടാൻ ചൈന: കെട്ടിടങ്ങളുടെ മേൽക്കൂരയിൽ നിന്നും 'കൃത്രിമ മഴ'

text_fields
bookmark_border
ഉഷ്ണതരംഗത്തെ നേരിടാൻ ചൈന: കെട്ടിടങ്ങളുടെ മേൽക്കൂരയിൽ നിന്നും കൃത്രിമ മഴ
cancel

കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയിലായ ചൈനയിൽ ചൂട് കുറക്കാൻ പരീക്ഷിക്കുന്ന പുതിയ സാങ്കേതികവിദ്യ ലോകത്തിന്റെ ശ്രദ്ധ നേടുകയാണ്. വടക്കൻ ചൈനയിലെ ഷാൻഷി പ്രവിശ്യയിലെ യുൻചെങ് നഗരത്തിൽ വർധിച്ചുവരുന്ന താപനിലയെ നേരിടാൻ നിരവധി ബഹുനില അപ്പാർട്ടമെൻ്റ് കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ സ്ഥാപിച്ചിരിക്കുന്ന 'വാട്ടർ മിസ്റ്റിങ്' സംവിധാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഈ സംവിധാനത്തിൽ അതിസൂക്ഷ്മമായ ജലത്തുള്ളികളാണ് ഉയർന്ന മർദ്ദത്തിൽ വായുവിലേക്ക് സ്പ്രേ ചെയ്യപ്പെടുന്നത്. വളരെ ചെറിയ ജലകണങ്ങളായതിനാൽ അവ നിലത്ത് പതിക്കുന്നതിന് മുമ്പ് തന്നെ വായുവിൽ ബാഷ്പീകരിക്കപ്പെടുന്നു. ഈ ബാഷ്പീകരണ പ്രക്രിയക്ക് ആവശ്യമായ താപം ചുറ്റുമുള്ള വായുവിൽ നിന്ന് ആഗിരണം ചെയ്യപ്പെടുന്നതോടെ പ്രദേശത്തെ താപനില കുറയുന്നു.കനത്ത ചൂടിൽ താമസക്കാർക്ക് ആശ്വാസം നൽകുകയും ചെയ്യുന്നു.

കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ നിന്നും വെളളം താഴേക്ക് ഒഴുകുന്നതും താഴെയുളള തെരുവുകളെയും നടപ്പാതകളെയും തണുപ്പിക്കുന്നതുായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഉയരുന്ന താപനിലയെ നേരിടാൻ നഗരങ്ങൾ സ്വീകരിക്കേണ്ട പുതിയ നഗരാസൂത്രണ രീതികളെക്കുറിച്ചുള്ള ചർച്ചകൾക്കും ഇത് വഴിവെച്ചിരിക്കുകയാണ്.

ചൈനീസ് മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, പുറത്തെ താപനില 38 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുമ്പോൾ, ഈ സംവിധാനത്തിന് പ്രാദേശിക വായുവിന്റെയും ഉപരിതലത്തിന്റെയും താപനില മിനിറ്റുകൾക്കുള്ളിൽ ഏകദേശം 5 ഡിഗ്രി മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ കുറക്കാൻ കഴിയുമെന്നാണ്. ജലത്തുള്ളികൾ നിലത്ത് എത്തുന്നതിന് മുമ്പ് തന്നെ ബാഷ്പീകരിക്കപ്പെടുന്നതിനാൽ ആളുകൾ നനയാതെ ശീതളമായ അന്തരീക്ഷം അനുഭവിക്കാനാകുമെന്നതും ഇതിന്റെ പ്രധാന പ്രത്യേകതയാണ്.

പരമ്പരാഗത എയർ കണ്ടീഷനിംഗ് സംവിധാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് കുറഞ്ഞ വൈദ്യുതി മാത്രമാണ് ആവശ്യമായത്. കൂടാതെ വെള്ളത്തിന്റെ ഉപയോഗവും നിയന്ത്രിതമാണ്. അതുകൊണ്ട് പരിസ്ഥിതി സൗഹൃദവുമായ ശീതീകരണ മാർഗമായി ഇതിനെ കണക്കാക്കുന്നു.

സമീപ വർഷങ്ങളിൽ ചൈനയിൽ ഉഷ്ണതരംഗങ്ങൾ കൂടുതൽ തീവ്രവും ദൈർഘ്യമേറിയതുമായി മാറിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് പ്രധാന കാരണമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ചൂട് വർധിച്ചുവരുന്ന നഗരങ്ങളിൽ കണ്ടുവരുന്ന 'അർബൻ ഹീറ്റ് ഐലൻഡ്' പ്രതിഭാസം നഗരങ്ങളിലെ ചൂട് വർധിപ്പിക്കുന്നു. കോൺക്രീറ്റ് കെട്ടിടങ്ങളും ടാറിട്ട റോഡുകളും പകൽസമയത്ത് ആഗിരണം ചെയ്യുന്ന ചൂട് രാത്രിയിലും പുറത്തുവിടുന്നതിനാൽ നഗരങ്ങളിൽ താപനില ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതലാകാറുണ്ട്.

ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് ഈ പദ്ധതി ജനങ്ങളുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉഷ്ണതരംഗങ്ങൾ കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ കുറഞ്ഞ ചെലവിൽ നഗരങ്ങളെ തണുപ്പിക്കാൻ കഴിയുന്ന ഇത്തരം നവീന സാങ്കേതികവിദ്യകൾ ഭാവിയിൽ കൂടുതൽ നഗരങ്ങളിലും വ്യാപകമാകുമെന്നാണ് വിലയിരുത്തൽ.

Show Full Article
TAGS:artificial rain heatwave China social media viral 
News Summary - China battles heatwave with 'artificial rain' from building rooftops
Next Story