Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightകാലാവസ്ഥ വ്യതിയാനം:...

കാലാവസ്ഥ വ്യതിയാനം: ഹിമാചൽ പ്രദേശിൽ ആപ്പിൾ ഉൽപാദനം കുത്തനെ ഇടിയുന്നു

text_fields
bookmark_border
കാലാവസ്ഥ വ്യതിയാനം: ഹിമാചൽ പ്രദേശിൽ ആപ്പിൾ ഉൽപാദനം കുത്തനെ ഇടിയുന്നു
cancel

ഷിംല: ഹിമാചൽ പ്രദേശിന്റെ സാമ്പത്തിക അടിത്തറയായ ആപ്പിൾ ഉൽപാദനത്തിന് ഈ വർഷം കനത്ത തിരിച്ചടി. അസ്ഥിരമായ കാലാവസ്ഥയും ആഗോളതാപനവും കാരണം സംസ്ഥാനത്തെ ആപ്പിൾ വിളവെടുപ്പിൽ 40 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതോടെ സംസ്ഥാനത്തെ 5,000 കോടി രൂപയുടെ ആപ്പിൾ സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഹോർട്ടികൾച്ചർ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം സംസ്ഥാനത്തെ ആപ്പിൾ ഉൽപാദനം 6.99 ലക്ഷം മെട്രിക് ടണ്ണായിരുന്നു. ഈ വർഷം 4.36 ലക്ഷം മെട്രിക് ടണ്ണായി ചുരുങ്ങുമെന്നാണ് കണക്ക്. അതായത്, ഏകദേശം 2.63 ലക്ഷം മെട്രിക് ടണ്ണിന്റെ (ഏകദേശം 2.15 കോടി ബോക്സുകൾ) വൻ കുറവാണ് ഈ ഒരൊറ്റ സീസണിൽ മാത്രം ഉണ്ടാവുന്നത്. ഹിമാചലിലെ മൊത്തം പഴവർഗ്ഗ കൃഷിയിടത്തിന്റെ 49 ശതമാനവും (ഏകദേശം 1.16 ലക്ഷം ഹെക്ടർ) ആപ്പിൾ കൃഷിയാണ്. സംസ്ഥാനത്തെ എട്ട് ജില്ലകളിലായി പടർന്നുകിടക്കുന്ന 2.5 ലക്ഷത്തോളം കർഷക കുടുംബങ്ങളെയും ഈ തകർച്ച നേരിട്ട് ബാധിക്കും.

ശീതകാലത്ത് ആവശ്യത്തിന് മഞ്ഞുവീഴ്ച ലഭിക്കാത്തതും വസന്തകാലത്തുണ്ടായ കനത്ത മഴയും ആലിപ്പഴ വർഷവുമാണ് ആപ്പിൾ കൃഷിയെ പാടെ തകർത്തത്. താപനിലയിലുണ്ടായ പെട്ടെന്നുള്ള വ്യതിയാനങ്ങളും വിളവിനെ ദോഷകരമായി ബാധിച്ചു. പരമ്പരാഗത ആപ്പിൾ ഇനങ്ങൾക്ക് ആവശ്യമായ 'ചില്ലിംഗ് അവേഴ്സ്' (7 ഡിഗ്രി സെൽഷ്യസിന് താഴെയുള്ള തണുത്ത അന്തരീക്ഷം) ലഭിക്കാത്തതാണ് പ്രധാന വെല്ലുവിളിയെന്ന് ഫ്രൂട്ട് ആന്റ് വെജിറ്റബിൾ ഗ്രോവേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു.

കൃഷിച്ചെലവ് കുത്തനെ ഉയർന്നതാണ് കർഷകരെ അലട്ടുന്ന മറ്റൊരു പ്രശ്നം. കീടനാശിനികൾ, വളം, മറ്റ് അനുബന്ധ യന്ത്രങ്ങൾ എന്നിവയുടെ വിലക്കയറ്റം കർഷകരുടെ കടബാധ്യത ഇരട്ടിയാക്കുന്നു. ആപ്പിളിന് പുറമെ പ്ലം, ആപ്രിക്കോട്ട്, ചെറി, പീച്ച് തുടങ്ങിയ മറ്റ് പഴങ്ങളുടെ ഉത്പാദനത്തിലും ഇത്തവണ നേരിയ കുറവുണ്ടായിട്ടുണ്ട്.

"ആവശ്യമായ സമയത്ത് മഴയോ മഞ്ഞോ ലഭിക്കാത്തതാണ് ഇത്തവണത്തെ തകർച്ചക്ക് കാരണം. കൃത്യമായ ജലസേചന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഞങ്ങൾ പൂർണ്ണമായും പ്രകൃതിയെ ആശ്രയിച്ചാണ് കഴിയുന്നത്. ഇങ്ങനെ പോയാൽ കൃഷിയുമായി മുന്നോട്ട് പോകാൻ കഴിയില്ല."-ആപ്പിൾ കർഷകനായ ബൽവന്ത് ജുസ്ത പറയുന്നു. "ആഗോളതാപനവും താപനിലയിലുണ്ടായ 1 മുതൽ 1.5 ഡിഗ്രി സെൽഷ്യസ് വരെയുള്ള വർദ്ധനവും കർഷകരെ ബാധിച്ചിട്ടുണ്ട്. എങ്കിലും നിലവിൽ വിപണിയിൽ കർഷകർക്ക് മികച്ച വില ലഭിക്കുന്നുണ്ട് എന്നത് മാത്രമാണ് ഏക ആശ്വാസം."-ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ സതീഷ് കുമാർ പറഞ്ഞു.

കാലാവസ്ഥയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന അവസ്ഥക്ക് മാറ്റം വരുത്താൻ സർക്കാർ അടിയന്തരമായി ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. കൂടാതെ, ഭൂരിഭാഗം കർഷകർക്കും വിള ഇൻഷുറൻസ് പദ്ധതികളെക്കുറിച്ച് കൃത്യമായ ധാരണയില്ലെന്നും, നഷ്ടം നികത്താൻ ഇൻഷുറൻസ് സഹായം ലഭ്യമാക്കാനുള്ള ബോധവൽക്കരണ പരിപാടികൾ സർക്കാർ തലത്തിൽ കാര്യക്ഷമമാക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു.

Show Full Article
TAGS:climate change Himachal Pradesh Agriculture Sector environment. Apple 
News Summary - Climate Change: Apple production plummets in Himachal Prades
Next Story