Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightദിത്വ ചുഴലിക്കാറ്റ്;...

ദിത്വ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ മൂന്ന് മരണം, പത്ത് വിമാനങ്ങൾ റദ്ദാക്കി

text_fields
bookmark_border
ദിത്വ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ മൂന്ന് മരണം, പത്ത് വിമാനങ്ങൾ റദ്ദാക്കി
cancel

ചെന്നൈ: ദിത്വ ചുഴലിക്കാറ്റിന്റെ തുടർന്ന് തമിഴ്നാട്ടിൽ മഴ തുടരുന്നു. തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലും കനത്ത മഴയാണ്. തുടർച്ചയായ മഴയെത്തുടർന്ന് ചെന്നൈയിൽ നിന്നുള്ള പത്ത് വിമാനങ്ങൾ റദ്ദാക്കി. ചെന്നൈയിൽ നിന്ന് പോർട്ട് ബ്ലെയറിലേക്കുള്ള പത്ത് വിമാനങ്ങൾ റദ്ദാക്കിയതായി ചെന്നൈ വിമാനത്താവളം അറിയിക്കുകയും യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് അപ്‌ഡേറ്റുകൾ തേടണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. ദിത്വ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട്ടിൽ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മൂന്ന് പേർ മരിച്ചതായി സംസ്ഥാന റവന്യൂ, ദുരന്തനിവാരണ മന്ത്രി കെ.കെ.എസ്.എസ്.ആർ രാമചന്ദ്രൻ പറഞ്ഞു.

നിരവധി പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ജില്ല കലക്ടർമാരുമായി കൂടിക്കാഴ്ച നടത്തി. തെക്കൻ ചെന്നൈയിലെ വെലാച്ചേരിയിലും മറ്റ് കനത്ത വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലും രക്ഷാപ്രവർത്തനങ്ങൾക്കായി ബോട്ടുകൾ സജ്ജമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളക്കെട്ട് രൂക്ഷമാണ്. രാമേശ്വരത്ത് കഴിഞ്ഞ രണ്ട് ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് തങ്കച്ചിമഠത്തിലെ 200 ഓളം വീടുകൾ ഒറ്റപ്പെട്ടു.

ഡിസംബർ ഒന്ന് രാവിലെയോടെ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിൽ നിന്ന് കുറഞ്ഞത് 35 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ദിത്വ ചുഴലിക്കാറ്റ് ദുർബലമായി ആഴത്തിലുള്ള ന്യൂനമർദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവള്ളൂർ, റാണിപ്പേട്ട്, കാഞ്ചീപുരം, ചെന്നൈ, ചെങ്കൽപ്പേട്ട്, വെല്ലൂർ ജില്ലകളിലെ ചില സ്ഥലങ്ങളിൽ തിങ്കളാഴ്ച കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.

തിരുപ്പത്തൂർ, തിരുവണ്ണാമലൈ, വില്ലുപുരം ജില്ലകളിലും പുതുച്ചേരിയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും വടക്കൻ തീരപ്രദേശങ്ങളിലും തെക്കൻ തീരദേശ കാരയ്ക്കൽ പ്രദേശത്തും മണിക്കൂറിൽ 60-70 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.

ഇന്ത്യയുടെ തീരത്തേക്ക് നീങ്ങുന്നതിനുമുമ്പ്, ചുഴലിക്കാറ്റ് ശ്രീലങ്കയിൽ വൻ നാശനഷ്ടങ്ങൾ വരുത്തി. ദിത്വ ചുഴലിക്കാറ്റിനെ തുടർന്ന് ശ്രീലങ്കയിൽ 334 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. 370 ഓളം പേരെ കാണാതായിട്ടുണ്ട്. ഏകദേശം 20,000 വീടുകൾ നശിപ്പിക്കപ്പെട്ടു. ഒരു ലക്ഷത്തിലധികം ആളുകളെ ഷെൽട്ടറുകളിലേക്ക് മാറ്റി. ഓപ്പറേഷൻ സാഗർ ബന്ധു എന്ന പേരിൽ ശ്രീലങ്കക്ക് മാനുഷിക സഹായം നൽകാനുള്ള ശ്രമങ്ങൾ ഇന്ത്യൻ വ്യോമസേന ഊർജിതമാക്കിയിട്ടുണ്ട്.

Show Full Article
TAGS:Cyclone Ditva Tamil Nadu Heavy Rain waterlogging Environment News 
News Summary - Cyclone Ditwah remnants bring heavy rain, waterlogging to Tamil Nadu
Next Story