Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightകൃഷി ഭൂമി...

കൃഷി ഭൂമി നഷ്ടപ്പെട്ടു:കൂടാരത്തിനരികിൽ കൃഷി;വിശപ്പിനെ ചെറുത്ത് ഗസ്സയിലെ കുടിയൊഴിപ്പിക്കപ്പെട്ട കർഷകർ

text_fields
bookmark_border
കൃഷി ഭൂമി നഷ്ടപ്പെട്ടു:കൂടാരത്തിനരികിൽ കൃഷി;വിശപ്പിനെ ചെറുത്ത് ഗസ്സയിലെ കുടിയൊഴിപ്പിക്കപ്പെട്ട കർഷകർ
cancel

ഗസ്സ സിറ്റി: മൊബൈൽ ഫോണിലെ പഴയ ചിത്രങ്ങൾ നോക്കുമ്പോൾ അബു ഫാരെസ് എന്ന കർഷകന്റെ മനസ്സിലേക്ക് എത്തുന്നത് മുന്തിരിത്തോട്ടങ്ങളും അത്തിമരങ്ങളും സീസണൽ വിളകളും നിറഞ്ഞുനിന്ന ഗസ്സ നഗരത്തിലെ ഷെയ്ഖ് ഇജ്‌ലിൻ പ്രദേശമാണ്. എന്നാൽ ഇന്ന് ആ പ്രദേശം പൂർണമായും മാറിയിരിക്കുന്നു. 2023 ഒക്ടോബറിനുശേഷം ഇസ്രായേൽ സൈന്യം നടത്തിയ വ്യാപകമായ ബുൾഡോസർ നീക്കങ്ങളും ആക്രമണങ്ങളും ഒരുകാലത്ത് സമൃദ്ധമായിരുന്ന കൃഷിയിടങ്ങളെ വിജനഭൂമിയാക്കി മാറ്റി. ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനമായിരുന്ന കാർഷിക മേഖല ഏതാണ്ട് പൂർണമായും തകർന്നിരിക്കുകയാണ്.

യുദ്ധം ഗസ്സയിലെ കർഷകരെ ഇരട്ട ദുരിതത്തിലേക്കാണ് തള്ളിവിട്ടത്. ഇസ്രായേലിന്റെ വംശഹത്യ യുദ്ധത്തിൽ, വീടുകൾ നഷ്ടപ്പെട്ടതിനൊപ്പം ജീവനോപാധിയായിരുന്ന കൃഷിയിടങ്ങളും ഇല്ലാതായി. അതോടൊപ്പം കാർഷിക ഉപകരണങ്ങൾ, വിത്തുകൾ, വളങ്ങൾ എന്നിവയുടെ വരവ് ഇസ്രായേൽ ഉപരോധം മൂലം തടസ്സപ്പെട്ടതോടെ രണ്ട് ദശലക്ഷത്തിലധികം ഫലസ്തീനികളെ പട്ടിണിയിലേക്കാണ് സാഹചര്യം തള്ളിവിട്ടതെന്നും വിദഗ്ധർ പറയുന്നു.

എന്നാൽ ഈ പ്രതിസന്ധിക്കിടയിലും പല കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളും താമസിക്കുന്ന കൂടാരങ്ങൾക്കു ചുറ്റുമുള്ള ചെറിയ മൺതിട്ടകൾ കൃഷിയിടങ്ങളാക്കി മാറ്റുകയാണ്. തക്കാളി, വഴുതന, മുളക്, മൊലോഖിയ (ഇലക്കറി) തുടങ്ങിയ പച്ചക്കറികൾ നട്ടുവളർത്തി കുടുംബത്തിനും അനാഥരായ കുട്ടികൾക്കും ഭക്ഷണം കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് ഒരു വനിതാ കർഷക 'അൽ ജസീറ'യോട് പറഞ്ഞു.

കൃഷി ഉപജീവനം മാത്രമല്ല, പ്രതിരോധത്തിന്റെ അടയാളവും

ജലത്തിന്റെയും വിത്തുകളുടെയും വളങ്ങളുടെയും കടുത്ത ക്ഷാമം നേരിടുമ്പോഴും അബു ഫാരെസ് ഉൾപ്പെടെയുള്ള കർഷകർ കൃഷി തുടരുകയാണ്. കൃഷി ഉപജീവന മാർഗം മാത്രമല്ല, സ്വന്തം ഭൂമിയുമായുള്ള ബന്ധം നിലനിർത്താനുള്ള പ്രതിരോധമാണെന്നാണ് അവരുടെ നിലപാട്.

ഗസ്സ കാർഷിക മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ജലസേചന സംവിധാനങ്ങളുടെ നാശം, കാർഷിക സാമഗ്രികളുടെ അഭാവം, കർഷകർക്ക് നേരെയുള്ള ആക്രമണങ്ങൾ എന്നിവ കാരണം കൃഷിഭൂമിയുടെ ഉൽപാദനശേഷി സാധാരണ നിലയുടെ 15 ശതമാനത്തിൽ താഴെയായി. മുമ്പ് കൃഷി ചെയ്തിരുന്ന ഭൂമികളിലേക്ക് മടങ്ങുന്നത് പോലും ഇപ്പോൾ ജീവൻ പണയംവയ്ക്കുന്നതിന് തുല്യമാണ്. ഇസ്രായേൽ സൈന്യം വിശാലമായ കാർഷിക മേഖലകളെ തങ്ങൾ നിയന്ത്രിക്കുന്ന "യെല്ലോ ലൈൻ" മേഖലയായി പ്രഖ്യാപിച്ചതോടെ അവിടേക്ക് പ്രവേശിക്കുന്നവർക്ക് ജീവന് ഭീഷണിയുണ്ട്. ഇതോടെ കൂടാരങ്ങൾക്കു സമീപമുള്ള ചെറിയ മണ്ണിടങ്ങളാണ് പല കർഷകർക്കും അവശേഷിക്കുന്ന ഏക ആശ്രയം.

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയിലെ ഭക്ഷ്യസുരക്ഷാ വിദഗ്ധനും നയ ഉപദേഷ്ടാവുമായ ഫദേൽ എൽ-സുബി പറയുന്നത്, ഇത് യുദ്ധത്തിന്റെ പാർശ്വഫലമല്ലെന്നും ഗസ്സയുടെ മുഴുവൻ ഭക്ഷ്യവ്യവസ്ഥയെ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമാണെന്നുമാണ്. കിണറുകൾ, ജലസേചന ശൃംഖലകൾ, വിള ശേഖരണ കേന്ദ്രങ്ങൾ, ദീർഘകാല ഫലവൃക്ഷങ്ങൾ എന്നിവ ക്രമബദ്ധമായി നശിപ്പിച്ചതിലൂടെ ജനങ്ങളെ ഭക്ഷ്യസഹായത്തെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് തള്ളിവിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. യുദ്ധത്തിന് മുമ്പ് ഗസ്സ യുടെ സമ്പദ്‌വ്യവസ്ഥയുടെ ഏകദേശം 10 ശതമാനം കാർഷിക മേഖലയിൽ നിന്നായിരുന്നു. 5.6 ലക്ഷത്തിലധികം ആളുകളുടെ ഉപജീവനവും ഈ മേഖലയെ ആശ്രയിച്ചായിരുന്നു.

95 ശതമാനം കൃഷിഭൂമിയും നശിച്ചു

എഫ്.എ. ഒയുടെയും ഐക്യരാഷ്ട്രസഭയുടെ സാറ്റലൈറ്റ് സെന്ററിന്റെയും വിലയിരുത്തൽ പ്രകാരം, 2025 മെയ് മാസത്തോടെ ഗസ്സയിലെ കൃഷിഭൂമിയുടെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് കൃഷിക്ക് അനുയോജ്യമായി ശേഷിച്ചിരുന്നത്. പിന്നീട് ഐക്യരാഷ്ട്രസഭയുടെ ഫലസ്തീൻ അഭയാർഥി ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എ ഭൂരിഭാഗം കൃഷിഭൂമിയും നശിക്കുകയോ അപ്രാപ്യമാകുകയോ ചെയ്തതായി സ്ഥിരീകരിച്ചു.

ഗസ്സ ഗവൺമെന്റ് മീഡിയ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 178 ചതുരശ്ര കിലോമീറ്റർ കാർഷിക ഭൂമിയുടെ 94 ശതമാനത്തിലധികവും നശിപ്പിക്കപ്പെട്ടു. വാർഷിക കാർഷിക ഉൽപാദനം 4.05 ലക്ഷം ടണ്ണിൽ നിന്ന് വെറും 28,000 ടണ്ണായി ഇടിഞ്ഞു. ഗസ്സയിലുടനീളം ഏകദേശം 40 ലക്ഷം ഫലവൃക്ഷങ്ങൾ പിഴുതെറിയപ്പെട്ടതായും അതിൽ 16 ലക്ഷം ഒലിവ് മരങ്ങളുണ്ടെന്നും അധികൃതർ പറയുന്നു. ഇവ വീണ്ടും പഴയ നിലയിലെത്താൻ പതിറ്റാണ്ടുകൾ വേണ്ടിവരും. കാർഷിക കിണറുകളുടെ 87 ശതമാനവും ഹരിതഗൃഹങ്ങളുടെ 85 ശതമാനവും നശിച്ചിരിക്കുകയാണ്. കാർഷിക-കന്നുകാലി മേഖലകളിലെ നേരിട്ടുള്ള സാമ്പത്തിക നഷ്ടം 280 കോടി ഡോളറിലെത്തിയതായും കണക്കാക്കുന്നു.

എന്നിരുന്നാലും, അപകടസാധ്യതകളും വിഭവക്ഷാമവും അവഗണിച്ച് സ്വന്തം മണ്ണിൽ വീണ്ടും ജീവൻ തിരികെ കൊണ്ടുവരാനുള്ള ശ്രമം ഗസ്സയിലെ കർഷകർ തുടരുകയാണ്. ഒരുകാലത്ത് അവരുടെ ജീവിതത്തിന്റെ നട്ടെല്ലായിരുന്ന കാർഷിക മേഖലയെ വീണ്ടും ഉയിർത്തെഴുന്നേൽപ്പിക്കാമെന്ന പ്രതീക്ഷയാണ് അവരെ മുന്നോട്ടുനയിക്കുന്നത്.

Show Full Article
TAGS:Displaced people Gaza Israel army Agriculture Sector Israel-Palestine conflict 
News Summary - Lost their farmlands, now farming next to tents: Displaced Gaza farmers fight hunger
Next Story