ഒരിക്കൽ സമുദ്രങ്ങൾ പച്ചയായിരുന്നു; വീണ്ടും അങ്ങനെ ആയേക്കാം
text_fieldsഭൂഗോളത്തിന്റെ നാലിൽ മൂന്ന് ഭാഗവും സമുദ്രങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. ഇത് ഗ്രഹത്തെ ബഹിരാകാശത്തുനിന്ന് നോക്കുമ്പോൾ ഒരു ഇളം നീല ബിന്ദു പോലെ കാണിക്കുന്നു. എന്നാൽ, ഭൂമിയിലെ സമുദ്രങ്ങൾ ഒരിക്കൽ പച്ചയായിരുന്നുവെന്നാണ് ഒരു സംഘം ജാപ്പനീസ് ഗവേഷകരുടെ വാദം.
‘നേച്ചറി’ൽ പ്രസിദ്ധീകരിച്ച ഇവരുടെ പ്രബന്ധം ‘ആർക്കിയൻ യുഗ’ത്തിലെ പച്ച സമുദ്രങ്ങളെക്കുറിച്ചുള്ള നിരീക്ഷണത്തോടെയാണ് ആരംഭിക്കുന്നത്. ജാപ്പനീസ് അഗ്നിപർവ്വത ദ്വീപായ ഇവോ ജിമക്ക് ചുറ്റുമുള്ള ജലത്തിന് ഓക്സിഡൈസ് ചെയ്ത ഇരുമ്പിന്റെ പച്ചകലർന്ന നിറമുണ്ട്. ദ്വീപിനെ ചുറ്റിയുള്ള പച്ച വെള്ളത്തിൽ നീല-പച്ച ആൽഗകൾ തഴച്ചുവളരുന്നു.
പ്രാകൃത ബാക്ടീരിയകളാണ് നീല-പച്ച ആൽഗകൾ. ആധുനിക നീല-പച്ച ആൽഗകളുടെ ഈ പൂർവ്വികർ യഥാർത്ഥ ആൽഗകളല്ല. ആർക്കിയൻ യുഗത്തിൽ പ്രകാശസംശ്ലേഷണത്തിനായി വെള്ളത്തിന് പകരം ‘ഫെറസ് ഇരുമ്പ്’ ഉപയോഗിക്കുന്ന മറ്റ് ബാക്ടീരിയകൾക്കൊപ്പമാണ് ഈ ആൽഗകൾ രൂപപ്പെട്ടത്.
പ്രകാശസംശ്ലേഷണ ജീവികൾ അവയുടെ കോശങ്ങളിലെ പിഗ്മെന്റുകൾ (പ്രധാനമായും ക്ലോറോഫിൽ) ഉപയോഗിച്ച് കാർബൺഡൈ ഓക്സൈഡിനെ പഞ്ചസാരയാക്കി മാറ്റുന്നു. ക്ലോറോഫിൽ സസ്യങ്ങൾക്ക് പച്ച നിറം നൽകുന്നു. ജനിതകമായി രൂപകൽപ്പന ചെയ്ത ആധുനിക നീല-പച്ച ആൽഗകൾ പച്ച വെള്ളത്തിൽ നന്നായി വളരുന്നുവെന്ന് ഗവേഷകർ അവരുടെ പ്രബന്ധത്തിൽ കണ്ടെത്തി.
പുരാതന ഭൂതകാലത്തിൽ ഭൂമിയുടെ സമുദ്രങ്ങൾ വ്യത്യസ്തമായി കാണപ്പെട്ടിരിക്കാനുള്ള കാരണം അവയുടെ രസതന്ത്രവും പ്രകാശസംശ്ലേഷണത്തിന്റെ ഈ മാറ്റവുമാണ്. ഭൂമിയുടെ അന്തരീക്ഷത്തിലും സമുദ്രത്തിലും വാതക ഓക്സിജൻ ഇല്ലാതിരുന്ന ഒരു കാലമായിരുന്നു ആർക്കിയൻ യുഗം. ഓക്സിജൻ ഉപയോഗിച്ചുള്ള പ്രകാശസംശ്ലേഷണത്തിന്റെ ഉയർച്ചക്കു മുമ്പ്, ഭൂമിയുടെ സമുദ്രങ്ങളിൽ അലിഞ്ഞുചേർന്ന ഇരുമ്പ് ഉണ്ടായിരുന്നു.
ചാര, തവിട്ട്, കറുപ്പ് പാറകളുടെയും അവശിഷ്ടങ്ങളുടെയും ഒരു തരിശായ ഭൂപ്രകൃതിയായിരുന്നു ഭൂഖണ്ഡങ്ങൾ. ഭൂഖണ്ഡാന്തര പാറകളിൽ വീഴുന്ന മഴവെള്ളത്തിൽ ഇരുമ്പ് അലിഞ്ഞുചേർന്നു. അത്, പിന്നീട് നദികൾ സമുദ്രങ്ങളിലേക്ക് കൊണ്ടുപോയി. സമുദ്രത്തിന്റെ അടിത്തട്ടിലെ അഗ്നിപർവ്വതങ്ങളായിരുന്നു ഇരുമ്പിന്റെ മറ്റ് സ്രോതസ്സുകൾ.
മാത്രമല്ല സൂര്യപ്രകാശത്തിൽ നിന്ന് ഊർജം ഉൽപ്പാദിപ്പിച്ച ആദ്യത്തെ ജീവികൾ പരിണമിച്ചതും ഇതിലൂടെയായിരുന്നു. സമുദ്രങ്ങളിലെ ഏക കോശ ജീവികളിൽ മാത്രമായിരുന്നു അന്നത്തെ ജീവൻ. ഓക്സിജന്റെ അഭാവത്തിലും അവക്ക് പ്രകാശസംശ്ലേഷണം നടത്താൻ കഴിയും. ആദ്യകാല പ്രകാശസംശ്ലേഷണം വഴി പുറത്തുവിട്ട ഓക്സിജൻ ഉപരിതല ജലത്തെ പച്ചയാക്കാൻ ആവശ്യമായത്ര ഉയർന്ന ഓക്സിഡൈസ് ചെയ്ത ഇരുമ്പ് കണികകളിലേക്ക് നയിച്ചതായും ജപ്പാൻ ഗവേഷക സംഘത്തിന്റെ കമ്പ്യൂട്ടർ സിമുലേഷനുകൾ കണ്ടെത്തി.
സമുദ്രങ്ങളുടെ നിറം ജല രസതന്ത്രവുമായും ജീവന്റെ സ്വാധീനവുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് സമീപകാല ജാപ്പനീസ് പ്രബന്ധത്തിൽ നിന്നുള്ള പാഠം. ശാസ്ത്ര ഫിക്ഷനിൽ നിന്ന് അധികം കടമെടുക്കാതെ തന്നെ നമുക്ക് വ്യത്യസ്ത സമുദ്ര നിറങ്ങൾ സങ്കൽപ്പിക്കാൻ കഴിയും. സൾഫറിന്റെ അളവ് ഉയർന്നതാണെങ്കിൽ ഭൂമിയിൽ പർപ്പിൾ സമുദ്രങ്ങൾ സാധ്യമാകുമായിരുന്നു. തീവ്രമായ അഗ്നിപർവ്വത പ്രവർത്തനവുമായും അന്തരീക്ഷത്തിലെ കുറഞ്ഞ ഓക്സിജന്റെ അളവുമായും ഇത് ബന്ധപ്പെട്ടിരിക്കാം. ഇത് പർപ്പിൾ സൾഫർ ബാക്ടീരിയയുടെ ആധിപത്യത്തിലേക്ക് നയിക്കും.
കരയിലെ പാറകളുടെ ജീർണ്ണതയിൽ നിന്ന് ചുവന്ന ഓക്സിഡൈസ് ചെയ്ത ഇരുമ്പ് രൂപപ്പെടുകയും നദികളിലൂടെയോ കാറ്റിലൂടെയോ സമുദ്രങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുമ്പോൾ ചുവന്ന സമുദ്രങ്ങളും സാധ്യമാവും. അതല്ലെങ്കിൽ ‘ഒരു തരം ചുവന്ന ആൽഗകൾ സമുദ്ര ഉപരിതലത്തിൽ ആധിപത്യം സ്ഥാപിക്കുകയാണെങ്കിൽ. നൈട്രജൻ പോലുള്ള വളങ്ങളുടെ തീവ്ര സാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഈ ചുവന്ന ആൽഗകൾ സാധാരണമാണ്. ആധുനിക സമുദ്രങ്ങളിൽ അഴുക്കുചാലുകൾക്ക് സമീപമുള്ള തീരപ്രദേശങ്ങളിലാണ് ഇത് സംഭവിക്കുന്നത്.
നമ്മുടെ സൂര്യന് പ്രായമാകുമ്പോൾ, അത് ആദ്യം കൂടുതൽ തിളക്കമുള്ളതായിത്തീരുകയും ഉപരിതല ബാഷ്പീകരണം വർധിക്കുകയും തീവ്രമായ അൾട്രാവയലറ്റ് പ്രകാശം ഉണ്ടാകുകയും ചെയ്യും. ഇത് ഓക്സിജൻ ഇല്ലാത്ത ആഴത്തിലുള്ള വെള്ളത്തിൽ ജീവിക്കുന്ന പർപ്പിൾ സൾഫർ ബാക്ടീരിയകൾക്ക് അനുകൂലമായേക്കാം. തീരദേശ അല്ലെങ്കിൽ സ്ട്രാറ്റിഫൈഡ് പ്രദേശങ്ങളിൽ ഇത് കൂടുതൽ പർപ്പിൾ, തവിട്ട് അല്ലെങ്കിൽ പച്ച നിറങ്ങൾക്ക് കാരണമാകും. ഫൈറ്റോപ്ലാങ്ക്ടൺ കുറയുമ്പോൾ വെള്ളത്തിൽ ആഴത്തിലുള്ള നീല നിറം കുറയും.
ഒടുവിൽ, സൂര്യൻ ഭൂമിയുടെ ഭ്രമണപഥത്തെ ഉൾക്കൊള്ളാൻ വികസിക്കുമ്പോൾ സമുദ്രങ്ങൾ പൂർണമായും ബാഷ്പീകരിക്കപ്പെടും. ഭൂമിശാസ്ത്രപരമായ സമയക്രമങ്ങളിൽ ഒന്നും ശാശ്വതമല്ല. അതിനാൽ നമ്മുടെ സമുദ്രങ്ങളുടെ നിറത്തിലുള്ള മാറ്റങ്ങൾ ഇനിയും സംഭവിച്ചേക്കാം.